News

Get the latest news here

നാണയം വിഴുങ്ങി കുട്ടി മരിച്ച സംഭവം ആശുപത്രി അധികൃതരുടെ പിഴവോ? ശിശുരോഗ വിദഗ്ധൻ പറയുന്നു

കേരളക്കരയെയാകെ നൊമ്പരപ്പെടുത്തിയാണ് ആലുവ കടുങ്ങല്ലൂരിൽ നാണയം വിഴുങ്ങി മൂന്നുവയസ്സുകാരൻ മരിച്ച വാർത്ത പുറത്തുവന്നത്. ആലപ്പുഴ താലൂക്ക് ആശുപത്രിയിലും ജനറൽ ആശുപത്രിയിലും മെഡിക്കൽ കോളേജിലും എത്തിച്ചെങ്കിലും പഴവും വെള്ളവും നൽകിയാൽ നാണയം ഇറങ്ങിപ്പോകുമെന്ന് ആശുപത്രി അധികൃതർ അറിയിക്കുകയായിരുന്നു. രാത്രിയോടെ കുട്ടിയുടെ നില വഷളാവുകയും പുലർച്ചയോടെ മരണം സംഭവിക്കുകയും ചെയ്തു. പിന്നാലെ ആശുപത്രി അധികൃതർക്കെതിരെ ​ഗുരുതര ആരോപണവുമായി വീട്ടുകാർ രം​ഗത്തെത്തുകയും ചെയ്തിരുന്നു. എന്നാൽ ഈ സംഭവത്തിൽ മെഡിക്കൽ സയൻസിലെ പ്രോട്ടോക്കോൾ പ്രകാരമുള്ള നടപടികൾ തന്നെയാണ് ആശുപത്രി അധികൃതർ സ്വീകരിച്ചിട്ടുള്ളതെന്നും ആമാശയത്തിൽ എത്തിയ നാണയം മരണകാരണമാവാനിടയില്ലെന്നും പറയുകയാണ് മാഹി ജനറൽ ഹോസ്പിറ്റലിലെ പീഡിയാട്രീഷ്യൻ ഡോ.എം മുരളീധരൻ.

നാണയം വിഴുങ്ങിയത് മരണകാരണമാവാനിടയില്ല

കുഞ്ഞിന്റെ വീട്ടുകാരെ സംബന്ധിച്ചിടത്തോളം അവരുടെ നഷ്ടം പകരം വെക്കാനാവാത്തതാണ്, നമ്മളെല്ലാവരും ആ ദുഖത്തിൽ പങ്കുചേരുന്നുണ്ട്. പക്ഷേ ഈ വിഷയത്തിൽ വീട്ടുകാരും മറ്റും നൂറുശതമാനവും തെറ്റിദ്ധരിച്ചിരിക്കുകയാണ്. കുട്ടിയെ വീട്ടിലേക്കു തിരികെ വിട്ട ആശുപത്രികളിൽ നിന്നു പറഞ്ഞതെല്ലാം മെഡിക്കൽ സയൻസിന്റെ അടിസ്ഥാന നിയമങ്ങൾക്കുള്ളിൽ നിന്നു കൊണ്ടുള്ള കാര്യങ്ങൾ മാത്രമാണ്.

വായയിൽ നിന്ന് വയറ്റിലേക്കു പോകുന്ന നാളിയുടെ പേര് ഈസോഫാ​ഗസ് അഥവാ അന്നനാളം എന്നും മൂക്കിൽ നിന്ന് ശ്വാസകോശത്തിലേക്കു പോകുന്നത് ട്രക്കിയ അഥവാ ശ്വാസനാളി എന്നുമാണ്. ഭക്ഷണം കഴിക്കുമ്പോൾ വർത്തമാനം പറയുകയോ മറ്റോ ചെയ്യുമ്പോൾ ഇവ രണ്ടിനെയും വേണ്ട സമയത്ത് അടക്കുകയും തുറക്കുകയും ചെയ്യുന്ന പ്രക്രിയക്ക് ഭം​ഗം സംഭവിക്കുകയും ഭക്ഷണം ശ്വാസകോശത്തിലേക്കു പോവാനുള്ള സാദ്ധ്യത വർദ്ധിക്കുകയും ചെയ്യു. ഇതിലൂടെ ശ്വാസതടസ്സം അനുഭവപ്പെടുകയുമാണ് സാധാരണ ഉണ്ടാവാറുള്ളത്. ആ വസ്തുവെ പുറംതള്ളാൻ ശരീരം ശ്രമിക്കുന്ന മാർ​ഗമാണ് ചുമ. ചില കുട്ടികൾക്ക് wheezing ഉണ്ടാവാം. ചിലപ്പോൾ ശ്വാസ വേഗം
( dyspnoea) കൂടിക്കാണാറുണ്ട്. ശ്വാസതടസ്സം മൂലം ബോധം നഷ്ടമാവുന്ന വീഴുന്ന അവസ്ഥ വരെയുമുണ്ടാകാം.. ഒപ്പം ശരീരം നീലനിറമാവുകയും (Cyanosis) ചെയ്യും. ഇവയൊന്നും ഈ കുട്ടിയുടെ കാര്യത്തിൽ ഉണ്ടായിട്ടില്ല. നടക്കുകയും സംസാരിക്കുകയുമൊക്കെ ചെയ്തിരുന്നു. ശനിയാഴ്ച രാവിലെ പതിനൊന്നു മണി മുതൽ രാത്രി വളരെ വൈകി വരെ കുട്ടിക്ക് പ്രത്യേകിച്ച് അസുഖമൊന്നുമുണ്ടായിരുന്നില്ല. അതുകൊണ്ടാണ് ആ നാണയം ശ്വാസകോശ നാളികളിൽ തങ്ങിയിട്ടില്ല എന്നും വയറ്റിലേക്കാണ് പോയത് എന്നും അനുമാനിക്കുന്നത്. ആ അനുമാനം ഉറപ്പിക്കുവാണ് എക് സ്റേ എടുക്കുന്നത്. ആശുപത്രി അധികൃതർ എക്സ്റേ എടുത്തപ്പോൾ കൃത്യമായി ആമാശയത്തിനു
അടി ഭാഗത്താണ് നാണയം കണ്ടത്. സാധാരണ ​ഗതിയിൽ ഇത്തരം സാഹചര്യങ്ങളിൽ സർജറി പോലുള്ള invasive procedure - ആവശ്യമില്ല. ഒന്നോ രണ്ടോ ദിവസം നിരീക്ഷണത്തിലേക്കു വിടുകയും സാവധാനം മലംവഴി ആ വസ്തു പുറത്തേക്കു പോവുകയുമാണ് ചെയ്യുക. ആ പ്രക്രിയ എളുപ്പത്തിലാക്കാനാണ് ധാരാളം ഭക്ഷണവും വെള്ളവും കൊടുക്കാൻ പറയുന്നത്. 99.99 ശതമാനം വസ്തുക്കളും ഇപ്രകാരം മലത്തിലൂടെ പോവുകയാണ് ചെയ്യുക.

മെഡിക്കൽ സയൻസിന്റെ വശത്തു നിന്നു നോക്കിയാൽ ആശുപത്രി അധികൃതർക്ക് പിഴവു സംഭവിച്ചിട്ടില്ലെന്നു പറയാൻ കഴിയും. പക്ഷേ കുട്ടി എന്തുകൊണ്ടു മരിച്ചുപോയി എന്ന കാര്യം ഇപ്പോഴും അവ്യക്തമാണ്. അതു ദൂരീകരിക്കാനാണ് സർക്കാർ അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. ഈ നാണയം വയററിൽ ചെന്നു എന്നത് മരണകാരണമാവാൻ ഇടയില്ലെന്ന് ഉറപ്പിച്ചുതന്നെ പറയാൻ കഴിയും. ആമാശയത്തിൽ പോയ നാണയം തിരിച്ചു കയറി ശ്വാസകോശത്തിൽ എത്തി ശ്വാസ തടസ്സം വന്നു മരിക്കാനൊന്നുംനൂറുശതമാനവും സാധ്യതയില്ല. - ഡോക്ടർ പറയുന്നു.


ഡോ. എം മുരളീധരൻ


മറ്റെന്താവാം?

കുട്ടി ഉറക്കത്തിനിടയിൽ മരിച്ചു പോയി എന്നാണ് പറയുന്നത്. അത്തരം സാഹചര്യങ്ങളിൽ സഡൻ ഇൻഫന്റ് ഡെത് സിൻ്രഡ്രം ആവാനും ഇടയുണ്ട്. കിടന്നുറങ്ങുന്നതിനിടെ ഉമിനീരോ മുലപ്പാലോ വയറ്റിലുള്ള ഭക്ഷണമോ മറ്റോ തികട്ടി വന്ന് ശ്വാസകോശത്തിൽ പ്രവേശിച്ചാണ് ഇതു സംഭവിക്കുന്നത്. അതല്ലെങ്കിൽ ചില പൊസിഷനുകളിൽ കിടക്കുമ്പോൾ ശ്വാസകോശ സംവിധാനം (റെസ്പിരേറ്ററി സിസ്റ്റം) വേണ്ട രീതിയിൽ പ്രവർത്തിക്കാത്തതിന്റെ (Respiratory failure ) ബുദ്ധിമുട്ടാവാം. കാരണമെന്താണെന്ന് ഇപ്പോൾ ശാസ്ത്രീയമായി പറയാൻ കഴിയില്ല.

വീട്ടിൽ ചെയ്യാം ഈ കാര്യങ്ങൾ

കുട്ടികൾ ലോകത്തെ മനസ്സിലാക്കുന്നതു തന്നെ വായിൽ സാധനങ്ങൾ വച്ചാണ് (oral phase of devolopment) എന്തുകിട്ടിയാലും വായിലേക്ക് കൊണ്ടുപോകാനുള്ള പ്രവണതയും ഏറെയുണ്ടാകും. ഒരു വയസ്സു മുതൽ മൂന്നുവയസ്സുവരെയുള്ള പ്രായത്തിൽ ഏറെ കരുതൽ കൊടുക്കേണ്ടതുണ്ട്. കുട്ടി എന്തെങ്കിലും വിഴുങ്ങിയെന്നു പറഞ്ഞാൽ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. വയറിലേക്കാണ് പോയതെങ്കിൽ പ്രശ്നമില്ല, അതേസമയം വിഴുങ്ങിയതിനു ശേഷം കുട്ടി ചുമച്ചു തുടങ്ങിയാൽ അത് മുന്നറിയിപ്പാണ്, ശ്വാസകോശത്തിലേക്കു പോകുന്നുവെന്നതിന്റെ ലക്ഷണമാണത്.

കടലമണി പോലുള്ള ചെറിയ സാധനങ്ങൾ വിഴുങ്ങിയാൻ ചില സാഹചര്യങ്ങളിൽ ശ്വാസനാളികൾ പൂർണമായും അടഞ്ഞുപോവാത്തതു കൊണ്ട് ശ്വാസം വലിക്കാൻ കഴിയുന്നുണ്ടാവും. പക്ഷേ കടുത്ത ചുമ, wheezing , ശ്വാസവേഗം കൂടുക എന്നിവയുണ്ടാവാം.മറ്റു പ്രശ്നങ്ങളൊന്നുമില്ലെങ്കിൽ ആശുപത്രിയിലെത്തിച്ച് ചികിത്സ തേടാം. എന്നാൽ പെട്ടെന്ന് കുഴഞ്ഞുവീഴുകയും ശ്വാസതടസ്സം അനുഭവപ്പെടുകയും ചെയ്യുന്ന സാഹചര്യത്തിൽ എൻഡോസ്കോപ്പി ചെയ്തു വസ്തു പുറത്തെടുക്കും. ആശുപത്രിയിൽ എത്തിക്കാനുള്ള സമയം ഇല്ലാത്ത പക്ഷം കുട്ടിയെ മടിയിൽ കമിഴ്ത്തി കിടത്തി കൈപ്പലകളുടെ (Scapula) ഇടയിൽ ശക്തമായി ഇടിക്കുകയാണ് ചെയ്യേണ്ടത്. അപ്പോൾ ഭക്ഷണം / നാണയം തെറിച്ചുപോവും. ഭാഗ്യരാജിന്റെ പഴയ ചിത്രമായ മുന്താണി മുടിച്ചിൽ ഗ്രാമവൈദ്യൻ ഇത്തരമൊരു കൃത്യം (Hemlich Manovuere ) ശാസ്ത്രീയമായി നിർവ്വഹിക്കുന്നതിന്റെ ചിത്രീകരണമുണ്ട്.

മുതിർന്ന ആൾക്കാരാണെങ്കിൽ

ആളുടെ കാലുകൾ അകത്തിവച്ച് നിർത്തി നമ്മുടെ ഒരു കാൽ അയാളുടെ കാലുകൾക്ക് ഇടയിൽ വെക്കണം. എന്നിട്ട് രണ്ടു കയ്യുകളും കോർത്തുപിടിച്ച് പൊക്കിളിന്റെ അടിഭാ​ഗത്ത് രണ്ടോ മൂന്നോ വട്ടം വളരെ ശക്തിയായി പെട്ടെന്ന് അമർത്തണം, അപ്പോൾ വസ്തു പുറത്തേക്ക് തെറിച്ചു വരും. ആമാശയത്തിലാണ് പോയതെങ്കിൽ ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ മലത്തിലൂടെ തന്നെ പോവുകയാണ് ചെയ്യുക.

ശ്രദ്ധിക്കാം ഇവ

ഭക്ഷണം കഴിക്കുമ്പോൾ സംസാരിക്കാതിരിക്കാൻ മുതിർന്നവരും കുട്ടികളും ഒരുപോലെ ശ്രദ്ധിക്കണം. ശ്വാസതടസ്സം നേരിടുമ്പോൾ വെള്ളം കൊടുക്കരുത്, അതു വീണ്ടും ശ്വാസനാളത്തെ തടസ്സപ്പെടുത്തിയേക്കാം. ഹെംലീഷ് മാന്വർ എല്ലാവരും പഠിച്ചിരിക്കുന്നത് വളരെ നല്ലതാണ്.

വിവരങ്ങൾക്ക് കടപ്പാട്

ഡോ. എം മുരളീധരൻ,
കൺസൾട്ടന്റ് പീഡിയാട്രീഷ്യൻ,
ജനറൽ ഹോസ്പിറ്റൽ, മാഹി

Content Highlights:pediatrician muraleedharan about the child died after swallowing the coin
Related News
Comments
© 2016 - 2020 Mathrubhumi Printing & Publishing Co Ltd.