News

Get the latest news here

വേദമന്ത്രങ്ങളിൽ ലയിച്ച് അയോധ്യ



അയോധ്യ: ശ്രീരാമജന്മഭൂമിയിൽ ‘രാം ലല്ല’ ക്ഷേത്രനിർമാണത്തിനു തുടക്കം കുറിക്കുന്ന ഭൂമിപൂജയ്ക്കായി അയോധ്യ അണിഞ്ഞൊരുങ്ങി. തിങ്കളാഴ്ച തുടങ്ങിയ വേദമന്ത്രജപം ഉച്ചസ്ഥായിയിലെത്തി. 21 പുരോഹിതന്മാരാണ് രാമചര്യപൂജയുടെ ഭാഗമായി വേദമന്ത്രങ്ങൾ ജപിക്കുന്നത്. അയോധ്യയിൽനിന്നുള്ള എട്ടുപേരെ കൂടാതെ വാരാണസി, ഡൽഹി, തമിഴ്‌നാട് എന്നിവിടങ്ങളിൽ നിന്ന് പൂജാരിമാർ ഇതിനായെത്തി. ഹനുമാൻ ക്ഷേത്രത്തിലും ഇതിനൊപ്പം വേദജപം നടക്കുന്നുണ്ട്. അയോധ്യയുടെ സംരക്ഷകനാണ് ഭഗവാൻ ഹനുമാനെന്നും അതിനാൽ ഭൂമി പൂജ തുടങ്ങും മുമ്പ് സമ്മതം ചോദിക്കാനുള്ള പൂജ വേദപാരായണത്തിന്റെ ഭാഗമായി ക്ഷേത്രത്തിൽ തുടങ്ങിയിട്ടുണ്ടെന്നും ശ്രീരാമതീർഥ ക്ഷേത്ര ട്രസ്റ്റ് അംഗം അനിൽ മിശ്ര പറഞ്ഞു.ബുധനാഴ്ച 12.15-ന് പ്രധാനമന്ത്രി നരേന്ദ്രമോദി ശിലാന്യാസം നടത്തുന്നതുവരെ അയോധ്യയിൽ വേദജപം തുടരും. പതിറ്റാണ്ടുകളായ ആഗ്രഹത്തിന്റെ സാഫല്യമായതിനാൽ ക്ഷേത്രനഗരി ഭക്തജനങ്ങൾ മത്സരിച്ച് അലങ്കരിക്കുകയാണെന്ന് ഹനുമാൻ ഗഡിയിൽ വളവിൽപ്പനക്കാരനായ ജയപ്രകാശ് ജിംഗ്ലി ‘മാതൃഭൂമി’യോട് പറഞ്ഞു. റോഡുകളും കെട്ടിടങ്ങളും തെരുവുകളും വീടുകളും സരയൂതീരവും സ്നാനഘട്ടുകളും ദീപങ്ങളും വർണങ്ങളും ചിത്രങ്ങളും പൂക്കളും നിറഞ്ഞ് മനോഹരമായി. അയോധ്യയിലെ പാതകളിലെല്ലാം വൈദ്യുതിവിളക്കുകൾ തെളിഞ്ഞു നിൽക്കുന്നു. ചുവരുകളിലെല്ലാം കലാകാരന്മാരുടെ രാമകഥാ ചിത്രീകരണം. റോഡരികിലെ കെട്ടിടങ്ങൾക്കെല്ലാം മംഗളസൂചകമായ മഞ്ഞ നിറം. പ്രധാനമന്ത്രി ആദ്യം തൊഴാൻ എത്തുന്ന ഹനുമാൻ ക്ഷേത്രം അണുവിമുക്തമാക്കി. പുണ്യഭൂമിയിലെ ഇരുപതിനായിരത്തോളം വരുന്ന ക്ഷേത്രങ്ങളും മോടി പിടിപ്പിച്ചു. ഇതിനു പുറമേ മൂന്നു വലിയ മൺചെരാതുകളും ചൊവ്വാഴ്ച തെളിയിച്ചു. ബുധനാഴ്ച വരെ ഇത് കെടാതെ കത്തും. വി.എച്ച്.പി. പ്രവർത്തകർ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ പുണ്യനദികളിൽനിന്ന് ജലം, ചരിത്രപരമായി പ്രാധാന്യവും പവിത്രവുമായ സ്ഥലങ്ങളിൽനിന്നും മതസ്ഥാപനങ്ങളിൽനിന്നും മണ്ണ്, കല്ല് തുടങ്ങിയവയും ക്ഷേത്രനിർമിതിക്കായി എത്തിച്ചു. സുരക്ഷാവലയത്തിൽ നഗരംതിങ്കളാഴ്ച രാത്രി തന്നെ നഗരാതിർത്തികളെല്ലാം പോലീസ് അടച്ചു. വിവിധ റോഡുകളിലായി 75 ചെക്ക് പോസ്റ്റുകൾ സ്ഥാപിച്ചു. നാലായിരത്തോളം പോലീസുകാരെ നഗരത്തിൽ നിയോഗിച്ചിട്ടുണ്ട്. കോവിഡ് പ്രോട്ടോകോൾ പാലിക്കുന്നത് നിരീക്ഷിക്കാൻ സർക്കാർ ജീവനക്കാരും മുഴുവൻ സമയവുമുണ്ട്. അഞ്ഞൂറോളം ശുചീകരണത്തൊഴിലാളികളെയും വിന്യസിച്ചു.രാംലല്ലയ്ക്ക് പച്ചയും ഓറഞ്ചും ഉടുപ്പുകൾ; പ്രസാദത്തിനായി 1.11 ലക്ഷം ലഡുഭൂമിപൂജാ ദിനത്തിൽ രാം ലല്ല ധരിക്കുക പച്ചയും ഓറഞ്ചും നിറമുള്ള വസ്ത്രങ്ങൾ. ബുധനാഴ്ച ആയതിനാലാണ് പച്ച. മംഗളദിനമായതിനാൽ ഓറഞ്ചും. രാംലല്ലയ്ക്ക് വസ്ത്രധാരണത്തിന് ചിട്ടകളുണ്ട്. തിങ്കളാഴ്ച വെള്ള, ചൊവ്വാഴ്ച ചുവപ്പ്, വ്യാഴാഴ്ച മഞ്ഞ, വെള്ളിയാഴ്ച ക്രീം നിറം, ശനി നീല, ഞായർ പിങ്ക് എന്നിങ്ങനെയാണ് അണിഞ്ഞൊരുക്കം. മംഗളദിനങ്ങളിലെല്ലാം ഓറഞ്ചുനിറമുണ്ടാകും. ബുധനാഴ്ച ധരിക്കാനുള്ള വസ്ത്രങ്ങൾ 1985 മുതൽ പ്രതിഷ്ഠക്കുള്ള വസ്ത്രങ്ങൾ തുന്നുന്ന സഹോദരങ്ങളായ ശങ്കർലാലും ഭഗവത് ലാലും രാമക്ഷേത്രത്തിന്റെ മുഖ്യ പുരോഹിതൻ ആചാര്യ സത്യേന്ദ്രദാസിന് ഞായറാഴ്ച കൈമാറി. 17 മീറ്റർ തുണിയാണ് ഇതിനായി ഉപയോഗിച്ചത്. 11 മീറ്ററായിരുന്നു പതിവ്.ഭൂമി പൂജാ വേളയിൽ ഭഗവാന് 1,11,000 ലഡു നിവേദിക്കും. ശേഷം ഇവ സ്റ്റീൽ പാത്രങ്ങളിലാക്കി പ്രധാനമന്ത്രി ഉൾപ്പെടെയുള്ള വിശിഷ്ടാതിഥികൾക്കും ചടങ്ങിൽ പങ്കെടുത്തവർക്കും അയോധ്യയിലെങ്ങുമുള്ള ഭക്തജനങ്ങൾക്കും നൽകും.

Related News
Comments
© 2016 - 2020 Mathrubhumi Printing & Publishing Co Ltd.