News

Get the latest news here

കോവിഡ് സാമ്പത്തിക പ്രതിസന്ധി പതുക്കെ അയയുന്നു



ന്യൂഡൽഹി: കോവിഡ് കാരണം രാജ്യം അടച്ചിട്ടതിനെത്തുടർന്നുണ്ടായ സാമ്പത്തികപ്രതിസന്ധി പതുക്കെ അയഞ്ഞുതുടങ്ങിയതായി റിപ്പോർട്ട്. വിവിധ മേഖലകളിൽ ‘അൺലോക്ക്’ പ്രഖ്യാപിച്ചതിന്റെ ഫലമായി സാമ്പത്തികരംഗം ഉണർന്നെന്ന് ധനമന്ത്രാലയത്തിന്റെ പുതിയ പ്രതിമാസ റിപ്പോർട്ടിൽ പറയുന്നു. വ്യാവസായികോത്പാദനം, വൈദ്യുതി ഉത്പാദനം, ഉരുക്ക്, സിമന്റ് ഉത്പാദനം, റെയിൽവേ വഴിയും പ്രധാന തുറമുഖങ്ങൾ വഴിയുമുള്ള ചരക്കുകടത്ത്, സംസ്ഥാനങ്ങൾക്കിടയിലുള്ള ചരക്കുഗതാഗതം, പെട്രോളിയം ഉത്പന്നങ്ങളുടെ ഉപയോഗം, വാഹനങ്ങളുടെ രജിസ്‌ട്രേഷൻ എന്നിവ കൂടിയതായി റിപ്പോർട്ടിൽ വിശദീകരിച്ചു.അതേസമയം, കോവിഡ് പ്രതിസന്ധിയും സംസ്ഥാനങ്ങളിൽ പലയിടങ്ങളിലും പ്രാദേശികമായ അടച്ചിടലും തുടരുന്നതിനാൽ കരുതിയിരിക്കണമെന്ന് റിപ്പോർട്ട് ഓർമപ്പെടുത്തുന്നു. ഉപഭോഗ സാമഗ്രികളുടെ ആവശ്യം കുറവാണ്. എന്നാൽ ഭക്ഷ്യവിതരണ ശൃംഖലയിൽ ഉണർവുണ്ട്. നാണ്യപ്പെരുപ്പം കുറഞ്ഞു.വിദേശനിക്ഷേപ രംഗത്തും ഉണർവുണ്ടായിട്ടുണ്ട്. രാജ്യത്തിന്റെ സാമ്പത്തികാടിത്തറയിൽ വിദേശനിക്ഷേപകർക്കുള്ള വിശ്വാസത്തിന്റെ സൂചനയാണത്. മുൻമാസങ്ങളെ അപേക്ഷിച്ച് ജൂണിൽ രൂപയുടെ മൂല്യം ഒരു ഡോളറിന് 75.53 ആയി മെച്ചപ്പെട്ടു. ജൂണിൽ നമ്മുടെ വിദേശനാണ്യ ശേഖരം 500 ബില്യൺ ഡോളറിനും മുകളിലാണ്. വിദേശ കടവും കുറഞ്ഞിരിക്കുകയാണ്.

Related News
Comments
© 2016 - 2020 Mathrubhumi Printing & Publishing Co Ltd.