News

Get the latest news here

യാഥാർഥ്യമാകുന്നത് ബി.ജെ.പി.യുടെ ദീർഘകാല അജൻഡ



ന്യൂഡൽഹി: അയോധ്യയിൽ രാമക്ഷേത്ര നിർമാണത്തിന് ബുധനാഴ്ച തുടക്കമിടുന്നതോടെ ബി.ജെ.പി.യുടെ ദീർഘകാല രാഷ്ട്രീയ അജൻഡകളിലൊന്നാണ് യാഥാർഥ്യമാകുന്നത്. പത്തുവർഷം നീളുന്ന നിർമാണത്തിന്റെ വിവിധ ഘട്ടങ്ങളും പൂർത്തീകരിച്ച ക്ഷേത്രസമുച്ചയവും അവരുടെ വരുംകാല രാഷ്ട്രീയപ്രചാരണങ്ങളിൽ നിർണായകമാകും.ജമ്മുകശ്മീരിന്റെ പ്രത്യേകപദവി നീക്കിയതിന്റെ ഒന്നാംവാർഷികത്തിലാണ് രാമക്ഷേത്രനിർമാണത്തിനു തുടക്കംകുറിക്കുന്നത്.രാമക്ഷേത്രനിർമാണം, ജമ്മുകശ്മീരിൻറെ പ്രത്യേകപദവി നീക്കൽ, മുത്തലാഖ് നിരോധനം, പൗരത്വനിയമ ഭേദഗതി തുടങ്ങിയവയാണ് രൂപവത്കരണ കാലംമുതൽ ബി.ജെ.പി.യുടെ പ്രധാന തിരഞ്ഞെടുപ്പ് മുദ്രാവാക്യങ്ങൾ. ഇവ നാലും രണ്ടാം മോദിസർക്കാരിന്റെ ആദ്യവർഷ ഭരണത്തിൽത്തന്നെ നടപ്പാക്കിയെന്നത് തിരഞ്ഞെടുപ്പ് കളത്തിൽ ബി.ജെ.പി. ഉയർത്തിക്കാട്ടും.രണ്ട്‌ എം.പി.മാരിൽനിന്ന് 303 പേരെന്ന നിലയിലേക്ക് ബി.ജെ.പി. വളർന്നതിൽ അയോധ്യ ഉയർത്തിയുള്ള അതിതീവ്രഹിന്ദുത്വ മുദ്രാവാക്യങ്ങൾക്ക് നിർണായകപങ്കുണ്ട്. ഉത്തർപ്രദേശ്-ബിഹാർ സംസ്ഥാനങ്ങളിൽ വേരോട്ടമുറപ്പിക്കുന്നതിനും ബി.ജെ.പി.യെ അയോധ്യ സഹായിച്ചു. 1996-ലെ തിരഞ്ഞെടുപ്പിലാണ് രാമക്ഷേത്രമെന്ന വാഗ്ദാനം ബി.ജെ.പി. ആദ്യമായി പ്രകടനപത്രികയിൽ ഉൾപ്പെടുത്തിയത്. 2019 വരെയുള്ള എല്ലാ തിരഞ്ഞെടുപ്പുകളിലും വാഗ്ദാനം ആവർത്തിച്ചു. പാർട്ടിക്ക് അംഗബലം കുറവായിരുന്ന എൻ.ഡി.എ. ഭരണകാലങ്ങളിൽ വിഷയം ഒതുക്കിവെക്കാനും കേവലഭൂരിപക്ഷംനേടി സർക്കാരുണ്ടാക്കിയപ്പോൾ പുറത്തെടുക്കാനുമുള്ള രാഷ്ട്രീയസാമർഥ്യം ബി.ജെ.പി.എക്കാലത്തും കാണിച്ചിരുന്നു. 1999 മുതൽ 2004 വരെയുള്ള വാജ്‌പേയി ഭരണകാലത്ത് സഖ്യകക്ഷികളുടെ സമ്മർദം മൂലം അയോധ്യാവിഷയം സജീവമാക്കാൻ ബി.ജെ.പി.ക്ക് കഴിഞ്ഞിരുന്നില്ല.ജാഗ്രതയോടെ പ്രതികരിച്ച് കോൺഗ്രസ്ക്ഷേത്രനിർമാണത്തെ സ്വാഗതം ചെയ്യുന്നതും വിമർശിക്കുന്നതും ഒരുപോലെ കൈപൊള്ളിക്കുമെന്നതിനാൽ അതിജാഗ്രതയോടെയാണ് കോൺഗ്രസ് നേതാക്കളുടെ പ്രതികരണം. രാമക്ഷേത്ര നിർമാണത്തിന്റെ ശിലാസ്ഥാപനം ദേശീയ ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും പ്രതീകമാകട്ടെയെന്ന പ്രിയങ്കാഗാന്ധിയുടെ ആശംസ ഇതിന്റെ ഭാഗമായാണ്.അയോധ്യ ഉയർത്തി ബി.ജെ.പി. ഹിന്ദി ഹൃദയഭൂമിയിൽ നടത്തിയ നീക്കങ്ങളിൽ ക്ഷീണമേറെയുണ്ടായത് കോൺഗ്രസിനാണ്. യു.പി.യിലും ബിഹാറിലും കോൺഗ്രസ് നാമാവശേഷമായതിനു പ്രധാന കാരണമിതാണ്. അവരുടെ വോട്ടുബാങ്കിൽ ഇരട്ട നഷ്ടമാണ് അയോധ്യ ഉണ്ടാക്കിയത്. മന്ദിരം തകർത്ത് പുതിയരാഷ്ട്രീയം നിർമിച്ച ബി.ജെ.പി.യെ ഹൈന്ദവവികാരം തുണച്ചതോടെ കോൺഗ്രസിൽനിന്ന് സവർണവോട്ട് ചോർച്ച കൂടി. മന്ദിരം തകർക്കുന്നത് തടയുന്നതിൽ നരസിംഹറാവു പരാജയപ്പെട്ടെന്ന് ചൂണ്ടിക്കാട്ടി ന്യൂനപക്ഷങ്ങളും പിന്നാക്കവിഭാഗങ്ങളും കോൺഗ്രസിനെ കൈവിട്ടു. ന്യൂനപക്ഷങ്ങളും പിന്നാക്കവിഭാഗങ്ങളും ഇരുസംസ്ഥാനങ്ങളിലും എസ്.പി., ആർ.ജെ.ഡി., ബി.എസ്.പി. തുടങ്ങിയ പ്രാദേശിക പാർട്ടികളിൽ ചേക്കേറിയതോടെ കോൺഗ്രസ് അപ്രസക്തമായി.എതിർത്താലും അനുകൂലിച്ചാലും വോട്ടുബാങ്ക് രാഷ്ട്രീയത്തിൽ വിള്ളൽ വീഴുമെന്നു തിരിച്ചറിഞ്ഞ് മൗനംപാലിക്കുന്നതാണ് ഉചിതമെന്ന് പാർട്ടിയിൽ ഒരു വിഭാഗം വാദിക്കുന്നു. 1989-ൽ രാജീവ്ഗാന്ധി സർക്കാരാണ് അയോധ്യയിൽ ശിലാന്യാസത്തിനായി മന്ദിരം വി.എച്ച്.പി.ക്ക് തുറന്നുകൊടുത്തത് എന്നു വാദിച്ച് സ്വാഗതം ചെയ്യണമെന്ന് മറ്റൊരുവിഭാഗം പറയുന്നു. രാമക്ഷേത്ര ഭൂമിപൂജയ്‌ക്ക്‌ കോൺഗ്രസ് നേതാക്കളെ ആരെയും ക്ഷണിച്ചിട്ടില്ലെന്ന് വേറൊരു വിഭാഗം ചൂണ്ടിക്കാട്ടുന്നു.

Related News
Comments
© 2016 - 2020 Mathrubhumi Printing & Publishing Co Ltd.