News

Get the latest news here

ജലനിരപ്പ് 131.4 അടി ;ആശങ്കയായി മുല്ലപ്പെരിയാർ



മാങ്കുളം(ഇടുക്കി): മുല്ലപ്പെരിയാർ അണക്കെട്ടിൽ വ്യാഴാഴ്ച രാവിലെ 123.2 അടി ആയിരുന്നു വെള്ളം. വെള്ളിയാഴ്ച രാവിലെ 130.5 അടിയായി. അണക്കെട്ട് പ്രദേശത്ത് വ്യാഴാഴ്ച 198.4 മില്ലിമീറ്റർ മഴ ഒറ്റദിവസം പെയ്തു. തേക്കടി മേഖലയിൽ 152.2 മില്ലിമീറ്ററായിരുന്നു മഴ. വെള്ളിയാഴ്ച രാവിലെവരെ സെക്കൻഡിൽ 17,000 ഘനയടി വെള്ളമാണ് ഡാമിലേക്ക് ഒഴുകിയെത്തിയത്. ഇത് അപൂർ‌വസംഭവമാണ്.ഉച്ചയോടെ നീരൊഴുക്ക് അല്പം കുറഞ്ഞെങ്കിലും മഴയ്ക്ക് കുറവില്ല. സെക്കൻഡിൽ 1650 ഘനയടി വെള്ളം തമിഴ്നാട് കൊണ്ടുപോകുന്നുണ്ട്. സുപ്രീംകോടതി ഉത്തരവുപ്രകാരം ജലനിരപ്പ്‌ 142 അടിവരെ എത്തിക്കാൻ തമിഴ്‌നാടിന് അനുമതിയുണ്ടെങ്കിലും, അത് പെരിയാർതീരത്ത് വലിയ നാശനഷ്ടങ്ങൾക്ക് ‌കാരണമാവും. 142 അടിയിൽ ജലനിരപ്പെത്തിച്ച് പെട്ടെന്ന് തുറന്നുവിട്ടാൽ പെരിയാറ്റിൽ വെള്ളപ്പൊക്കമുണ്ടാകും. 2018-ൽ സമാനരീതിയിൽ പെട്ടെന്ന് വെള്ളം തുറന്നുവിട്ടത് വലിയ ദുരന്തത്തിനിടയാക്കി. മുല്ലപ്പെരിയാറ്റിൽനിന്നുള്ള വെള്ളം മുഴുവൻ ഒറ്റയടിക്ക് വന്നതുമൂലം ഇടുക്കി അണക്കെട്ടിൽനിന്ന് പരിധിയിൽക്കൂടുതൽ വെള്ളം തുറന്നുവിടേണ്ടിവന്നതാണ് അപകടങ്ങൾക്കിടയാക്കിയത്.ജലനിരപ്പ് 136 അടി ആകുന്നമുറയ്ക്ക് പെരിയാറ്റിലേക്ക് വെള്ളം തുറന്നുവിടണമെന്നാണ് കേരളത്തിന്റെ ആവശ്യം. എങ്കിൽമാത്രമേ അപകടം ഒഴിവാക്കാൻ കഴിയൂ. ഇക്കാര്യമുന്നയിച്ച് തമിഴ്നാട് അധികൃതർക്ക് കത്തുനൽകുമെന്ന്, അണക്കെട്ടിന്റെ ചുമതലയുള്ള എക്സിക്യൂട്ടീവ് എൻജിനീയർ പറഞ്ഞു. ഇതുസംബന്ധിച്ച കത്ത് ഇടുക്കി ജില്ലാ കളക്ടർ തേനി കളക്ടർക്കാണ് നൽകുക.ജലനിരപ്പ് കൂടിയാൽ പെരിയാർതീരത്തുനിന്ന്‌ ആളുകളെ മാറ്റിപ്പാർപ്പിക്കുന്നതിന് നടപടികൾ സ്വീകരിക്കും. കേന്ദ്ര ജലകമ്മിഷന്റെ നിയന്ത്രണത്തിലുള്ള ഡാമായിട്ടും മുല്ലപ്പെരിയാറിന് ഇതുവരെ ഷട്ടർ പ്രവർത്തന മാർഗരേഖ തയ്യാറാക്കിയിട്ടില്ല. തമിഴ്നാടാണ് ഇത് തയ്യാറാക്കേണ്ടത്. ഇതുമൂലം ജലനിരപ്പ് അടിസ്ഥാനമാക്കി എപ്പോൾ ഡാം തുറക്കണം എന്നതിൽ കൃത്യമായ മാനദണ്ഡവുമില്ല. കേരളം കത്ത് നൽകിയാലും തമിഴ്നാട് അവർക്ക് തോന്നുമ്പോഴാണ് വെള്ളം തുറന്നുവിടുന്നത്.

Related News
Comments
© 2016 - 2020 Mathrubhumi Printing & Publishing Co Ltd.