News

Get the latest news here

യു.എ.ഇ. പാഴ്‌സലിനു പിന്നാലെ സി-ആപ്റ്റ് വാഹനം ബെംഗളൂരുവിലേക്ക്



തിരുവനന്തപുരം: യു.എ.ഇ. കോൺസുലേറ്റിൽനിന്നുള്ള പാഴ്‌സലുകൾ സി-ആപ്റ്റിൽ എത്തിയതിനു പിന്നാലെ ഔദ്യോഗിക വാഹനങ്ങളിലൊന്ന് ബെംഗളൂരുവിലേക്കു പോയതും സംശയ നിഴലിൽ. പാഴ്‌സലുകൾ ഗോഡൗണിലേക്ക് മാറ്റിയതിനു പിന്നാലെയാണ് സി-ആപ്റ്റിന്റെ വാഹനം ബെംഗളൂരുവിലേക്കു തിരിച്ചത്. പാഴ്‌സൽ കടത്ത് വിവാദമായപ്പോൾ സി-ആപ്റ്റിലെ ജീവനക്കാർതന്നെയാണ് ഇക്കാര്യം പുറത്തുവിട്ടത്. കസ്റ്റംസും ഇതേക്കുറിച്ച് അന്വേഷിക്കുന്നുണ്ട്. സി-ആപ്റ്റിലെ ഡ്രൈവർക്കുപകരം മറ്റൊരു ഡ്രൈവറാണ് വാഹനം ഓടിച്ചത്. ഔദ്യോഗിക രേഖകളിലൊന്നും ഈ യാത്ര രേഖപ്പെടുത്തിയിട്ടില്ല. യാത്ര കഴിഞ്ഞശേഷമാണ് വിവരം പുറത്തറിഞ്ഞത്. ബെംഗളൂരുവിലേക്കു പോകാൻ സ്ഥിരം ഡ്രൈവറെ നിയോഗിച്ചെങ്കിലും ശാരീരിക അവശതകൾ പറഞ്ഞ് അയാൾ ഒഴിയുകയായരുന്നു. സി-ആപ്റ്റിലെ ഉന്നതൻ ഇടപെട്ടാണ് പുറമേനിന്നു ഡ്രൈവറെ എത്തിച്ചത്. യാത്രയുടെ വിശദാംശങ്ങൾ അറിയാവുന്ന സി-ആപ്റ്റിലെ ഡ്രൈവർ കഴിഞ്ഞമാസം വിരമിച്ചു. സി-ആപ്റ്റിന്റെ വാഹനം മുമ്പും ഔദ്യോഗിക ആവശ്യത്തിനല്ലാതെ ബെംഗളൂരുവിൽ എത്തിയിട്ടുണ്ട്. ഈ വിവരമറിഞ്ഞപ്പോൾ സർക്കാർ തുകയടച്ച് ഒത്തുതീർപ്പാക്കി. അനധികൃതമായി വാഹനം ഉപയോഗിച്ച ഉദ്യോഗസ്ഥനാണ് സംഭവം ഒതുക്കിത്തീർത്തത്. ഇപ്പോഴത്തെ യാത്രയ്ക്ക് പാഴ്‌സൽ ഇടപാടുമായി ബന്ധമുണ്ടോ എന്നും കസ്റ്റംസ് പരിശോധിക്കുന്നുണ്ട്. സംസ്ഥാനത്തിനു പുറത്തേയ്ക്ക് പ്രത്യേകിച്ച് ഇടപാടുകളൊന്നും സി-ആപ്റ്റിനില്ല. പാഴ്‌സൽ ഇടപാടിൽ ഒട്ടേറെ പൊരുത്തക്കേടുകൾ കസ്റ്റംസ് കണ്ടെത്തിയിട്ടുണ്ട്. കോൺസുലേറ്റിൽനിന്നുള്ള പാഴ്‌സലുകൾ പരിശോധിക്കാതെ അയച്ചതിന് കൃത്യമായ ഉത്തരം നൽകാൻ സി-ആപ്റ്റ് അധികൃതർക്ക് കഴിഞ്ഞിട്ടില്ല. കോൺസുലേറ്റ് വാഹനങ്ങൾ എത്തിയതിന്റെയും പാഴ്‌സൽ ഇറക്കുന്നതിന്റെയും ദൃശ്യങ്ങൾ കസ്റ്റംസിനു ലഭിച്ചിട്ടുണ്ട്. രാത്രി സി-ആപ്റ്റിന്റെ വാഹനത്തിൽ കൊണ്ടുപോകുന്നതിന്റെ ദൃശ്യങ്ങളും ശേഖരിച്ചു. അച്ചടിസാമഗ്രികൾ കൊണ്ടുപോകാൻ സി-ആപ്റ്റ് ഉപയോഗിക്കുന്ന രണ്ട് ലോറികളിൽ ഒന്നിലാണ് കോൺസുലേറ്റിൽനിന്നു കൊണ്ടുവന്ന പാഴ്‌സലുകൾ കൊണ്ടുപോയത്. ഇവയ്ക്ക് ജി.പി.എസ്. ഘടിപ്പിച്ചിട്ടുണ്ടെങ്കിലും മോട്ടോർവാഹന വകുപ്പിന്റെ സർവറുമായി ബന്ധിപ്പിച്ചിട്ടില്ല. വാഹനങ്ങളുടെ നീക്കം പരിശോധിക്കാൻ സി-ആപ്റ്റ് അധികൃതർക്കു മാത്രമാണ് കഴിയുക. പാഴ്‌സലുമായി പോയ ലോറിയുടെ ജി.പി.എസ്. ഉപയോഗിച്ച് യാത്രയുടെ വിശദാംശങ്ങൾ ശേഖരിക്കാനും കസ്റ്റംസ് നീക്കമാരംഭിച്ചു. എന്നാൽ, ബെംഗളൂരു യാത്രയെക്കുറിച്ച് പ്രതികരിക്കാൻ സി-ആപ്റ്റ് അധികൃതർ തയ്യാറായിട്ടില്ല.

Related News
Comments
© 2016 - 2020 Mathrubhumi Printing & Publishing Co Ltd.