News

Get the latest news here

രക്ഷയ്ക്കായി അമ്മ കൈനീട്ടി; ബോധം വന്നപ്പോൾ ദീപന് ആരുമില്ല

മൂന്നാർ (രാജമല): ബോധം തെളിഞ്ഞ നിമിഷത്തിൽ അമ്മ പളനിയമ്മയുടെ 'രക്ഷിക്കണേ...' എന്ന കരച്ചിലാണ് ദീപൻ കേട്ടത്. അപ്പോൾ ദീപന്റെ കഴുത്തിനു താഴേയ്ക്ക് മണ്ണുമൂടിയിരുന്നു. കൂട്ടക്കരച്ചിലിനിടെ ഉറ്റവരെല്ലാം ദുരന്തപ്പുഴയിൽ ഒഴുകിപ്പോകുന്നതും ആ ഇരുപത്തിയഞ്ചുകാരന് കാണേണ്ടിവന്നു. രാത്രി മുഴുവൻ മരണത്തോടും ഇരുട്ടിനോടും പടവെട്ടിയ ദീപനുനേർക്ക് രക്ഷാകരങ്ങളെത്തുമ്പോൾ നേരം പുലർന്നിരുന്നു.

കൈകാലുകൾക്കും നടുവിനും പരിക്കേറ്റ് മൂന്നാറിലെ ടാറ്റാ ആശുപത്രിയിൽ കിടന്ന് ആ ദുരന്തം വിവരിക്കുമ്പോൾ തന്റെ പ്രിയപ്പെട്ടവരെ തിരിച്ചുകിട്ടുമെന്ന പ്രതീക്ഷയുണ്ട് ദീപന്. ഒൻപതുമാസം ഗർഭിണിയായ ഭാര്യ മുത്തുലക്ഷ്മിയുടെ വളകാപ്പ് ചടങ്ങ് (പ്രസവത്തിന് കൂട്ടിക്കൊണ്ടുപോകൽ) വെള്ളിയാഴ്ച നടക്കേണ്ടതായിരുന്നു. അതിന്റെ ഒരുക്കത്തിലായിരുന്നു കുടുംബം. രാവിലെമുതൽ കനത്ത മഴയായിരുന്നു. പിറ്റേന്ന് ചടങ്ങുള്ളതിനാൽ എല്ലാവരും നേരത്തേ കിടന്നു. രാത്രി പത്തേമുക്കാലോടെയാണ് ഉരുൾപൊട്ടിയത്.

പിന്നെ ബോധം വരുമ്പോൾ അനങ്ങാൻപോലുമാകാതെ മണ്ണിനടിയിലായിരുന്നു ദീപൻ. എങ്ങും കൂരിരുട്ട്. അമ്മ പളനിയമ്മയുടെ രക്ഷിക്കണേയെന്നുള്ള കരച്ചിൽ കേൾക്കാമായിരുന്നു. പക്ഷേ, തനിക്ക് ഒന്നും ചെയ്യാനായില്ലെന്ന് ദീപൻ കണ്ണീരോടെ പറഞ്ഞു. പുലർച്ചെ 5.45-ന് അടുത്ത എസ്റ്റേറ്റ് ഡിവിഷനിലെ ഗണേശ്, തമ്പിദുരൈ, ദുരൈ, മുത്തുപാണ്ടി എന്നിവരെത്തിയാണ് ദീപനെ രക്ഷിച്ചത്.

ദേഹത്തെ ചെളിയെല്ലാം കഴുകി ആശുപത്രിയിലെത്തിക്കുമ്പോൾ ഒമ്പത് മണിയായി. അവിടെയെത്തിയപ്പോഴാണ് കുടുംബത്തിലെ എല്ലാവരെയും ഉരുൾ െകാണ്ടുപോയതായി ദീപൻ അറിയുന്നത്. അച്ഛനും അമ്മയും ഗർഭിണിയായ ഭാര്യയും പോയി. വളകാപ്പ് ചടങ്ങിനെത്തിയ ഭാര്യയുടെ സഹോദരൻ പ്രതീഷ് കുമാർ, ഭാര്യ കസ്തൂരി, അഞ്ചുവയസ്സുള്ള മകൾ പ്രിയദർശിനി, ഒരു വയസ്സുകാരി ധനുഷ്ക, മുത്തുലക്ഷ്മിയുടെ അമ്മയുടെ സഹോദരന്മാരായ ദിനേശ് കുമാർ, രതീഷ് കുമാർ എന്നിവരും ദുരന്തത്തിൽപ്പെട്ടു. ഇവരെയും കണ്ടെത്താനായിട്ടില്ല. എസ്റ്റേറ്റിലെ പാചകക്കാരനായ പ്രഭുവിന്റെ മകനാണ് ജീപ്പ് ഡ്രൈവറായ ദീപൻ.

Content Highlights: Story of Deepan who survived the Rajamala Landslide
Related News
Comments
© 2016 - 2020 Mathrubhumi Printing & Publishing Co Ltd.