News

Get the latest news here

സമാനതകളില്ലാത്ത രക്ഷാപ്രവര്‍ത്തനം; നിമിഷനേരം കൊണ്ട് നിറഞ്ഞ ബ്ലഡ് ബാങ്കുകള്‍

കോവിഡ് വ്യാപനത്തെ തുടർന്ന് ദിവസങ്ങളായി കണ്ടെയിൻമെന്റ് സോണിലാണ് കരിപ്പൂർ വിമാനത്താവളമടങ്ങുന്ന കൊണ്ടോട്ടിയും പരിസര പ്രദേശങ്ങളും. അത്യാവശ്യത്തിനല്ലാതെ ആരും കാര്യമായി പുറത്തിറങ്ങാറില്ല. അതുകൊണ്ടു തന്നെ വീടുകളിലായിരുന്നു മിക്കവരും. ഇതിനിടിലാണ് രാത്രി എട്ടേകാലാടെ കരിപ്പൂരിൽ വിമാന അപകടമുണ്ടായിട്ടുണ്ടെന്ന വാർത്ത വാട്സാപ്പുകളിൽ പരക്കുന്നത്. ആദ്യം സന്ദേശങ്ങളിൽ വിമാനം റൺവേയിൽ നിന്ന് തെന്നിമാറിയെന്നും ആളപായമില്ലെന്നുമായിരുന്നു റിപ്പോർട്ടുകൾ. തൊട്ടുപിന്നാലെ അപകടത്തിന്റെ ദൃശ്യങ്ങൾ പരന്നു. വാഹനങ്ങളുള്ള സമീപവാസികൾ ഉടൻ എത്തണമെന്നുമുള്ള സന്ദേശങ്ങൾ പ്രചരിച്ചു.

കരിപ്പൂരിലെ ടേബിൾ ടോപ്പ് വിമാനത്താവളത്തിന്റെ രണ്ടേമുക്കാൽ കിലോമീറ്റർ നീളമുള്ള റൺവേ ചെന്നവസാനിക്കുന്നത് ഒരു താഴ്ചയിലേക്കാണ്. കൊണ്ടോട്ടി-കുന്നുംപുറം ക്രോസ് റോഡാണ് ഇതിന് താഴെ കൂടെ കന്നുപോകുന്നത്. സമീപത്ത് വീടുകളുമുണ്ട്. വലിയ ശബ്ദം കേട്ടാണ് സമീപവാസികൾ പുറത്തേക്കിറങ്ങി നോക്കുന്നത്. പുക ഉയരന്നുമുണ്ടായിരുന്നു. വാട്സാപ്പ് സന്ദേശങ്ങളിലൂടെയും മറ്റും വിവരങ്ങളിറിഞ്ഞ നാട്ടുകാർ സംഭവസ്ഥലത്തേക്ക് കുതിച്ചെത്തി. കൊണ്ടോട്ടി-കുന്നുംപുറം ക്രോസ് റോഡിലെ വിമാനത്താവളത്തിന്റെ അതിർത്തി മതിൽ ചാടികടന്ന് നാട്ടുകാർ വീണുകിടക്കുന്ന വിമാനത്തിനടുത്തെത്തി.

ഒന്നര മണക്കൂറിനൂള്ളിൽ വിമാനത്തിലുണ്ടായിരുന്ന 190 പേരേയും ആശുപത്രികളിലെത്തിക്കാനായി. പൈലറ്റുമാരടക്കം പലർക്കും ജീവൻ നഷ്ടമായി. ആംബുലൻസുകളും മറ്റു സജ്ജീകരണങ്ങളും എത്തുന്നതിന് മുമ്പേ നാട്ടുകാർ കിട്ടിയ വാഹനങ്ങളിൽ പരിക്കേറ്റവരിൽ പലരേയും ആശുപത്രികളിലേക്കെത്തിച്ചിരുന്നു. വീണു കിടക്കുന്ന വിമാനം തീപിടിച്ച് പൊട്ടിത്തെറിക്കാനുള്ള സാധ്യതയേറെയാണെന്നറിഞ്ഞിട്ടും ഞൊടിയിലുള്ള രക്ഷാപ്രവർത്തനത്തിൽ നിന്ന് നാട്ടുകാരെ ഒട്ടും പിന്തിരിപ്പിച്ചില്ല എന്നതാണ് ശ്രദ്ധേയം. കോവിഡ് ആകുലതകളും മാറ്റിവെച്ചു. മഴയും തടസ്സമായി കണ്ടില്ല. ഇത് നിരവധി ആളുകൾക്ക് ജീവൻ നഷ്ടപ്പെടാതിരിക്കാനും കാരണമായി.

ആശുപത്രികളിലെത്തിച്ച ശേഷവും കൈയൊഴിഞ്ഞില്ല. ഗുരതരമായ പരിക്കേറ്റിരുന്നവരിൽ പലർക്കും രക്തം ആവശ്യമായി വന്നിരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജ്, മിംസ്, ബേബി മെമ്മേറിയൽ, മെയ്ത്ര തുടങ്ങിയ ആശുപത്രികളിലേക്ക് രക്തം ആവശ്യമുണ്ടെന്ന സന്ദേശങ്ങൾ ബ്ലഡ് ഡൊണേഴ്സ് ഗ്രൂപ്പുകളിലും സാമൂഹികമാധ്യമങ്ങളിലും പരന്നു. നിമിഷംനേരം കൊണ്ട് ഈ ആശുപത്രികളിലെ ബ്ലഡ് ബാങ്കുകൾ നിറഞ്ഞു. മഴയും കോവിഡ് ഭീതിയും വകവെക്കാതെ രാത്രിയിലും കോഴിക്കോട് മെഡിക്കൽ കോളേജിന് രക്തബാങ്കിന് മുന്നിലെത്തിയവരുടെ വരി പ്രത്യേക കാഴ്ചയായിരുന്നു. മലപ്പുറത്ത് നിന്നും മറ്റും രക്തദാന സന്നദ്ധരായി കോഴിക്കോട്ടേ ആശുത്രികളിലെത്തിയ പലരും ബ്ലഡ് ബാങ്കുകൾ നിറഞ്ഞതറിഞ്ഞ് മടങ്ങി. ഇതിനിടെ കോവിഡ് കണ്ടെയിൻമെന്റ് സോണുകളിലുള്ളവർ രക്തദാനം നടത്തരുതെന്ന് ആരോഗ്യമന്ത്രിയും കോഴിക്കോട് ജില്ലാ കളക്ടറും മുന്നറിയിപ്പ് നൽകിരുന്നു. ഇക്കാര്യങ്ങൾ പരിശോധിച്ചിട്ടുണ്ടെന്നാണ് ആശുപത്രി അധികൃതർ അറിയിച്ചത്.
Related News
Comments
© 2016 - 2020 Mathrubhumi Printing & Publishing Co Ltd.