News

Get the latest news here

നഗ്നശരീരത്തില്‍ കുട്ടികളെക്കൊണ്ട് ചിത്രം വരപ്പിച്ച കേസ്; രഹ്ന ഫാത്തിമ കീഴടങ്ങി

കൊച്ചി: കുട്ടികളെക്കൊണ്ട് നഗ്ന ശരീരത്തിൽ ചിത്രം വരപ്പിച്ച കേസിൽ രഹ്ന ഫാത്തിമ അറസ്റ്റിൽ. രഹ്ന ഫാത്തിമയുടെ നടപടി കുട്ടികളെ ഉപയോഗിച്ചുള്ള ലൈംഗിക കുറ്റകൃത്യത്തിന്റെ പരിധിയിൽ വരുമെന്ന് നിരീക്ഷിച്ചുകൊണ്ട് മുൻകൂർ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം സുപ്രീം കോടതി തള്ളിയിരുന്നു. തുടർന്നാണ് തേവര സൗത്ത് സ്റ്റേഷൻ സി.ഐക്ക് മുന്നിൽ കീഴടങ്ങുകയായിരുന്നു.

അതേസമയം, രഹ്നഫാത്തിമയുടെ അറസ്റ്റ് രേഖപ്പെടുത്തി. കോവിഡ് പരിശോധനക്ക് ശേഷം വീഡിയോ കോൺഫറൻസിങിലൂടെ രഹ്നയെ കോടതിക്ക് മുന്നിൽ ഹാജരാക്കുമെന്ന് തേവര സി ഐ അനീഷ് മാതൃഭൂമി ഡോട്ട് കോമിനോട് പ്രതികരിച്ചു.

കേസുമായി ബന്ധപ്പെട്ട് തുടർ അന്വേഷണത്തിനും നിയമ നടപടികളോടും പൂർണമായി സഹകരിക്കും. നിലവിൽ കോടതി രഹ്നയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയെന്നത് മാത്രമാണ്. തെറ്റ് ചെയ്തിട്ടില്ലെന്ന് കോടതിയിൽ തെളിയിക്കാനാകുമെന്നാണ് വിശ്വാസമെന്ന് രഹ്നയുടെ ഭർത്താവ് മനോജ് ശ്രീധർ പ്രതികരിച്ചു.

സാമൂഹിക മാറ്റത്തിനും, ലിംഗ സമത്വത്തിനും, സ്ത്രീ ശരീരത്തെ അമിത ലൈംഗികവത്കരിക്കുന്നതിന് എതിരെയും പോരാടാൻ സപ്പോർട്ട് ചെയ്ത എല്ലാവരോടും സ്നേഹം. നമ്മൾ ആയിരുന്നു ശരിയെന്നു കാലം തെളിയിക്കട്ടെയെന്ന് രഹ്ന ഫാത്തിമ ഫെയിസ്ബുക്കിൽ കുറിച്ചു. തുടർന്നാണ് ശനിയാഴ്ച വൈകുന്നേരം നാലരയോടെ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരായത്.

മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിനെ തുടർന്ന് രഹ്ന സുപ്രീംകോടതിയെ സമീപിച്ചിരുന്നുവെങ്കിലും സുപ്രീംകോടതി കടുത്ത ഭാഷയിൽ രഹ്നയുടെ പ്രവർത്തിയെ വിമർശിക്കുകയായിരുന്നു. ചിത്രം വരപ്പിച്ചത് അസ്ലീലതയുടെ പരിധിയിൽ വരുമെന്ന കാര്യത്തിൽ സംശയമില്ലെന്നും അതിന് ശേഷം അത് പ്രചരിപ്പിക്കുകയും ചെയ്തത് സമൂഹത്തെ തെറ്റായ പാതയിലേക്ക് നയിക്കുമെന്നും കോടതി ചൂണ്ടിക്കാണിച്ചു.

ബോഡി ആൻഡ് പൊളിറ്റിക്സ് എന്ന തലക്കെട്ടിൽ പ്രായപൂർത്തിയാകാത്ത മക്കളെക്കൊണ്ട് നഗ്ന ശരീരത്തിൽ ചിത്രം വരപ്പിക്കുകയും അത് സാമൂഹിക മാധ്യമത്തിൽ രഹ്ന തന്നെ അപ്ലോഡ് ചെയ്യുകയുമായിരുന്നു.

പോക്സോ നിയമത്തിലെ 13,14,15 വകുപ്പുകൾ പ്രകാരവും, ഐ ടി ആക്ടിലെ 67 ബി (ഡി), ബാലനീതി നിയമത്തിലെ 75ാം വകുപ്പ് പ്രകാരവും ആണ് രഹ്ന ഫാത്തിമയ്ക്ക് എതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

Content Highlights:Rehana fathima surrender police station over POCSO case
Related News
Comments
© 2016 - 2020 Mathrubhumi Printing & Publishing Co Ltd.