News

Get the latest news here

ഇന്ത്യയിലെ ഏറ്റവും അപകടകരമായ ടേബിള്‍ടോപ് റണ്‍വെ കരിപ്പൂരിലല്ല, ഷിംലയിലാണ്‌

രാജ്യത്തെ ഏറ്റവും അപകടരമായ ടേബിൾടോപ് റൺവേയുളള വിമാനത്താവളങ്ങളിൽ ഒന്നാണ് ഹിമാചൽ പ്രദേശിലെ ഷിംല ജുബ്ബർഹട്ടിയിലെ വിമാനത്താവളം. സമുദ്രനിരപ്പിൽ നിന്ന് 2,196 അടി ഉയരത്തിലാണ് ഈ വിമാനത്താവളം സ്ഥിതി ചെയ്യുന്നത്. കരിപ്പൂരുണ്ടായ വിമാനാപകടം ജുബ്ബർഹട്ടി വിമാനത്താവള അധികൃതരെയും ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്.

ഷിംലയിലെ ഈ വിമാനത്താവളത്തിൽ എല്ലാ മാസവും 12 മുതൽ 15 വരെ ആഭ്യന്തര വിമാന സർവീസുകളാണ് എത്തുന്നത്. ഉഡാൻ പദ്ധതിക്കു കീഴിൽ നിത്യവും ഒരു ഹെലിടാക്സി സർവീസുമുണ്ട്. എന്നാൽ നിലവിൽ റൺവേയുടെ നീളം 1200 മീറററിൽ താഴെ മാത്രമാണ്. വിമാനത്താവളത്തിന് സമീപം വനഭൂമിയായതിനാലും സ്വകാര്യഭൂമിയായതിനാലുമാണ് വികസനത്തിന് അസാധാരണമായ കാലതാമസം നേരിടുന്നതത്രേ.

റൺവേ വികസനത്തിനായി ഏറ്റവും കുറഞ്ഞത് 1500 മീററർ നീളമെങ്കിലും വേണം. ഇത് 40 സീറ്റുകളുളള വിമാനത്തെ പുതിയസുരക്ഷാ മാനദണ്ഡങ്ങൾക്ക് അനുസരിച്ച് പ്രവർത്തിക്കാൻ പ്രാപ്തമാക്കും. പേരു വെളിപ്പെടുത്താത്ത ഒരു സംസ്ഥാന സിവിൽ ഏവിയേഷൻ ഉദ്യോഗസ്ഥൻ പറയുന്നു.

കാലോചിതമായ വികസനം ഇവിടെ ഉടൻ നടപ്പാക്കേണ്ടതുണ്ടെന്നാണ് വ്യോമയാന മേഖലയിലെ വിദഗ്ധരുടെഅഭിപ്രായം. വിമാനങ്ങൾക്ക് സുരക്ഷിതമായ ലാൻഡിങ് ഉറപ്പുനൽകുന്നതിനായി ജുബ്ബർഹട്ടിയിലെ എയർസ്ട്രിപ്പ് വികസനത്തിനുളള സാധ്യതകളെ കുറിച്ച് പഠിക്കണമെന്ന ആവശ്യം വിദഗ്ധർ നിരവധി തവണ വിമാനത്താവള അതോറിറ്റിക്ക് മുന്നിൽ ഉയർത്തിയിട്ടുളളതാണ്.

റൺവേക്ക് ചുറ്റം മലയിടുക്കുകൾ ഉളളതിനാൽ ഇവിടെ ലാൻഡിങ് വലിയ വെല്ലുവിളിയാണ് ഉയർത്തുന്നതെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. അതുപോലെത്തന്നെ മറ്റൊരു വിമാനത്താവളമായ കുല്ലു നഗരത്തിലെ എയർസ്ട്രിപ്പ് ഒരു നദിക്ക് സമാന്തരമാണ്. ഭൂമിശാസ്ത്രപരമായ പരിമിതികൾ കണക്കിലെടുത്തുകൊണ്ട് ഷിംല വിമാനത്താവളത്തിൽ വിവിധ സുരക്ഷാ നടപടികൾ സ്വീകരിച്ചിട്ടുണ്ടെങ്കിലും യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്ത് റൺവേ വികസനം എത്രയും വേഗം നടപ്പിലാക്കണമെന്നാണ് ഉദ്യോഗസ്ഥർ ഒരേ സ്വരത്തിൽ ആവശ്യപ്പെടുന്നത്.

സംസ്ഥാനത്തെ വിനോദസഞ്ചാര മേഖലയുടെ വികസനത്തിനായി ലോകോത്തര വിമാനത്താവളം മണ്ഡി ജില്ലയിൽ ഉയർത്താനുളള തയ്യാറെടുപ്പിലാണ് സംസ്ഥാന സർക്കാർ. ഇതിന് സിവിൽ ഏവിയേഷൻ മന്ത്രാലയം കഴിഞ്ഞ വർഷം തത്വത്തിൽ അംഗീകാരം നൽകിയിരുന്നു.

Content Highlights:Shimlas table-top airport riskiest: Aviation experts
Related News
Comments
© 2016 - 2020 Mathrubhumi Printing & Publishing Co Ltd.