News

Get the latest news here

സാഠേയെ മരണം തേടിയെത്തിയത് അമ്മയ്ക്ക് ഇന്ന് ജന്മദിന സര്‍പ്രൈസ് നല്‍കാനിരിക്കെ

നാഗ്പുർ: കരിപ്പൂരിൽ എയർ ഇന്ത്യ എക്സ്പ്രസ് വിമാനം തകർന്ന് കൊല്ലപ്പെട്ട പൈലറ്റ് ക്യാപ്റ്റൻ ദീപക് വസന്ത് സാഠേയെ മരണം തേടിയതെത്തിയത് അമ്മയ്ക്ക് സർപ്രൈസ് നൽകാനിരിക്കെ. ഇന്നാണ് സാഠേയുടെ അമ്മയുടെ 84-ാം ജന്മദിനം. അമ്മ താമസിക്കുന്ന നാഗ്പൂരിലെ വസതിയിലേക്ക് അപ്രതീക്ഷിത സന്ദർശനം നടത്താനിരുന്നതാണ് സാഠേ. ഇതിനിടയിലാണ് സാഠേയെ അപ്രതീക്ഷിതമായി മരണം തേടിയെത്തിയത്.

വ്യാഴാഴ്ച സാഠേ ഫോണിൽ വിളിച്ച് സംസാരിച്ചിരുന്നതായി മരുമകൻ ഡോ. യശോദൻ സാഠേ പറഞ്ഞു. മാർച്ചിലാണ് അദ്ദേഹം അവസാനമായി മാതാപിതാക്കളെ കണ്ടത്. വിമാനം കിട്ടുകയാണെങ്കിൽ ശനിയാഴ്ച ജന്മദിനത്തിൽ അമ്മയ്ക്ക് ഒരു സർപ്രൈസ് സന്ദർശനം നൽകുമെന്ന് സാഠേ ബന്ധുക്കളോട് പറഞ്ഞിരുന്നു. യശോദൻ സാഠേ പറഞ്ഞു.

ദീപക് വസന്ത് സാഠേ ഭാര്യക്കൊപ്പം മുംബൈയിലാണ് താമസിച്ചിരുന്നത്. റിട്ട.കേണലായ അച്ഛൻ വസന്ത് സാഠേയും അമ്മ നീല സാഠേയും നാഗ്പൂരിലെ ഭാരത് നഗറിലുമാണ് താമസം.

കോവിഡ് പകർച്ചവ്യാധിയെ തുടർന്ന് പുറത്തേക്കിറങ്ങരുതെന്ന് ദിവസവും വിളിച്ച് പറയും. നിങ്ങൾക്ക് എന്തെങ്കിലും സംഭവിച്ചാൽ അതെന്നെ മോശമായി ബാധിക്കുമെന്നും പറയും. ദുരന്തം സംഭവിച്ചു. ദൈവഹിതത്തിന് മുമ്പിൽ നമുക്ക് എന്ത് ചെയ്യാം കഴിയും കണ്ണീരോടെ സാഠേയുടെ അമ്മ നീല സാഠേ വാർത്താ ഏജൻസിയായ പിടിഐയോട് പ്രതികരിച്ചു.

പഠനത്തിലായാലും കായികരംഗത്തായാലും അവൻ മുൻപന്തിയിൽ നിന്നിരുന്നുവെന്ന് അവർ ഓർത്തെടുത്തു. ടേബിൾ ടെന്നീസ്, സ്ക്വാഷ് എന്നിവയിലും കുതിര സവാരിയിലും ദീപക് മികച്ചവനായിരുന്നു. ഞങ്ങളുടെ പുത്രന് അപൂർവ്വമായി ലഭിക്കുന്ന പല അംഗീകാരങ്ങളും ലഭിച്ചിട്ടുണ്ട്. വ്യോമസേനയുടെ എട്ട് സമ്മാനങ്ങളും നേടുന്ന ആദ്യത്തെ മഹാരാഷ്ട്രക്കാരനായിരുന്നു ദീപക് നീല സാഠേ പറഞ്ഞു.

മറ്റുള്ളവർക്കായി എന്ത് ചെയ്തുനൽകുന്നതിനും യാതൊരു മടിയും ഉണ്ടായിരുന്നില്ല. ഗുജറാത്ത് വെള്ളപ്പൊക്ക സമയത്ത് രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിട്ടുണ്ട്. കരസേനയിൽ ലെഫ്റ്റണന്റ് ആയിരുന്ന ഞങ്ങളുടെ മൂത്ത മകൻ വികാസ് സാഠേ ഒരു റോഡപകടത്തിൽ മരിച്ചു നിറഞ്ഞ കണ്ണുകളോടെ അവർ പറഞ്ഞു നിർത്തി.

കരിപ്പൂർ അപകടത്തിൽ ദീപക് വസന്ത് സാഠേയെ കൂടാതെ സഹപൈലറ്റ് അഖിലേഷ് കുമാറും കൊല്ലപ്പെട്ടിരുന്നു. 21 കൊല്ലം വ്യോമസേനയിൽ സേനമനുഷ്ടിച്ച ശേഷമാണ് ദീപക് വസന്ത് സാഠേ എയർഇന്ത്യയിലെത്തുന്നത്.

Content Highlights:Kozhikode plane crash: Captain Sathe had planned to pay surprise visit on mothers birthday
Related News
Comments
© 2016 - 2020 Mathrubhumi Printing & Publishing Co Ltd.