News

Get the latest news here

ഐസ്‌ക്രീം കഴിച്ച് അവശനിലയിലായ പെണ്‍കുട്ടി മരിച്ചത് വിഷം ഉള്ളില്‍ച്ചെന്ന്, പിതാവും ആശുപത്രിയില്‍; ദുരൂഹത

കാസർകോട്: വീട്ടിലുണ്ടാക്കിയ ഐസ്ക്രീം കഴിച്ച് അവശനിലയിലായ പെൺകുട്ടി മരിച്ചത് വിഷം ഉള്ളിൽച്ചെന്നാണെന്ന് റിപ്പോർട്ട്. കാസർകോട് വെള്ളരിക്കുണ്ട് ബളാൽ അരീങ്കല്ലിലെ ആൻ മേരി (16) യുടെ മരണത്തിലാണ് മൃതദേഹപരിശോധന റിപ്പോർട്ട് പുറത്തുവന്നിരിക്കുന്നത്. എലിവിഷം ഉള്ളിൽച്ചെന്ന് മരണം സംഭവിച്ചെന്നാണ് പ്രാഥമിക നിഗമനം.

വിഷം ഉള്ളിൽച്ചെന്നാണ് മരണമെന്ന് സ്ഥിരീകരിച്ചിട്ടുണ്ടെന്നും എന്ത് വിഷമാണെന്ന് സ്ഥിരീകരിക്കാൻ രാസപരിശോധന ഫലം കൂടി പുറത്തുവരേണ്ടതുണ്ടെന്നും കണ്ണൂർ ചെറുപുഴ എസ്.ഐ. മഹേഷ് മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു. പെൺകുട്ടിയും കുടുംബവും താമസിക്കുന്നത് വെള്ളരിക്കുണ്ടിലായതിനാൽ കേസിൽ ഇനി വെള്ളരിക്കുണ്ട് പോലീസാണ് വിശദമായ അന്വേഷണം നടത്തേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.

ആൻമേരിയുടെ പിതാവ് ബെന്നി, മാതാവ് ബെസി, സഹോദരൻ ആൽബിൻ എന്നിവരെയും അവശനിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പിതാവ് ബെന്നിയുടെ ആരോഗ്യനില ഇപ്പോഴും ഗുരുതരമാണ്. അതേസമയം, മാതാവും സഹോദരനും അപകടനില തരണം ചെയ്തെന്നും ആശുപത്രി വിട്ടെന്നുമാണ് പോലീസ് പറഞ്ഞത്.

ഒരാഴ്ച മുൻപ് ആൻമേരിയും സഹോദരനും വെള്ളരിക്കുണ്ടിലെ വീട്ടിൽ ഐസ്ക്രീം ഉണ്ടാക്കിയിരുന്നു. അത് കഴിച്ച് തൊട്ടടുത്ത ദിവസമാണ് ആൻ മേരിക്ക് ഛർദിയും വയറുവേദനയും അനുഭവപ്പെട്ടത്. ആദ്യം വെള്ളരിക്കുണ്ടിലെ ആശുപത്രിയിൽ ചികിത്സ തേടി. മഞ്ഞപ്പിത്തബാധയുണ്ടെന്ന സംശയത്തിൽ തൊട്ടടുത്ത ദിവസം ചെറുപുഴയിലെ ബന്ധുവിന്റെ വീട്ടിലെത്തി അവിടെ ചികിത്സ തേടുകയായിരുന്നു.

ബുധനാഴ്ച വൈകുന്നേരം ആറോടെയാണ് പെൺകുട്ടി ചെറുപുഴയിലെ ആശുപത്രിയിൽ മരിച്ചത്. ഇതിന് മുമ്പ് ഇവർ ചെറുപുഴയിൽ ഒറ്റമൂലി ചികിത്സ നടത്തിയതായും വിവരമുണ്ട്. അച്ഛൻ ബെന്നിയെയും അമ്മ ബെസിയെയും സമാന ലക്ഷണങ്ങളുമായി ബുധനാഴ്ച രാത്രി ആശുപത്രിയിൽ പ്രവേശിപ്പിച്ചതോടെയാണ് സംഭവത്തിൽ ദുരൂഹത ഉയർന്നത്.

ആൻ മേരിയും സഹോദരൻ ആൽബിനും ചേർന്നാണ് ഐസ്ക്രീം ഉണ്ടാക്കിയത്. അതിന്റെ ചിത്രം സാമൂഹികമാധ്യമം വഴി കൂട്ടുകാരിക്ക് കൈമാറിയിരുന്നു. ബെന്നിയും ആൻ മേരിയുമാണ് ഐസ്ക്രീം അധികവും കഴിച്ചതെന്നാണ് വിവരം.

പെൺകുട്ടിയുടെ മരണവിവരമറിഞ്ഞതോടെ ആൻമേരിയുടെ വീട് സീൽ ചെയ്തതായി വെള്ളരിക്കുണ്ട് എസ്.എച്ച്.ഒ. മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു. ചെറുപുഴ പോലീസിൽനിന്ന് കേസ് കൈമാറികിട്ടിയാൽ വിശദമായ അന്വേഷണവും ചോദ്യംചെയ്യലും ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Content Highlights:family admitted in hospital after eating home made ice cream girl died but poison was the reason
Related News
Comments
© 2016 - 2020 Mathrubhumi Printing & Publishing Co Ltd.