News

Get the latest news here

പെട്ടിമുടിയിൽ മരണം 26 ആയി; ഇന്നലെ കണ്ടെത്തിയവരുടെ മൃതദേഹങ്ങള്‍ കൂട്ടസംസ്കാരം നടത്തി

മൂന്നാർ: പെട്ടിമുടി മണ്ണിടിച്ചിലിൽ മരണം 26 ആയി. ശനിയാഴ്ച നടത്തിയ തിരച്ചിലിൽ ഒൻപത് മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു. ഉച്ചവരെ തെളിഞ്ഞ കാലാവസ്ഥ ആയിരുന്നെങ്കിലും ശക്തമായ മഴ ഉച്ചയ്ക്കു ശേഷം തിരച്ചിലിന് തടസ്സമായി.

വെള്ളിയാഴ്ച കണ്ടെടുത്ത 17 മൃതദേഹങ്ങൾ രാജമല ആശുപത്രിയിൽ പോസ്റ്റുമോർട്ടം ചെയ്ത ശേഷം അടുത്തുള്ള കായിക മൈതാനത്തോട് ചേർന്ന ഭാഗത്ത് കൂട്ട സംസ്കാരം നടത്തി. ജെസിബി ഉപയോഗിച്ച് തയാറാക്കിയ രണ്ടു കുഴികളിലായിരുന്നു സംസ്കാരം.

ഒരു കുഴിയിൽ 12 മൃതദേഹങ്ങളും മറ്റൊന്നിൽ അഞ്ചു മൃതദേഹങ്ങളുമാണ് സംസ്കരിച്ചത്. നാട്ടുകാരും ബന്ധുക്കളും അന്ത്യോപചാരം അർപ്പിച്ചു.

തിരച്ചിൽ പ്രവർത്തനങ്ങൾ വരുംദിവസങ്ങളിലും തുടരുമെന്ന് റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരൻ അറിയിച്ചു. തിരച്ചിലിന് ദേശീയ ദുരന്തനിവാരണ സേനയ്ക്കൊപ്പം വിവിധ സന്നദ്ധ സംഘടനാ പ്രവർത്തകരുമുണ്ട്.



പ്രദേശത്ത് പത്തടി ഉയരത്തിൽ വരെ മണ്ണു മൂടിയിട്ടുണ്ട്. പലയിടത്തും വമ്പൻ പാറകൾ വന്നടിഞ്ഞിരിക്കുകയാണ്. ഇത് തിരച്ചിലിനെ മന്ദഗതിയിലാക്കുന്നുണ്ട്.

മണ്ണിനടിയിൽ നിന്ന് ജീപ്പുകളുടെയും കാറുകളുടെയും ഇരുചക്രവാഹനങ്ങളുടെയും അവശിഷ്ടങ്ങളും ലഭിച്ചു. മ്ലാവ് ഉൾപ്പെടെ വന്യമൃഗങ്ങളുടെയും വളർത്തു മൃഗങ്ങളുടെയും ജഡങ്ങളും കാണപ്പെട്ടു.


Related News
Comments
© 2016 - 2020 Mathrubhumi Printing & Publishing Co Ltd.