News

Get the latest news here

പഴയ കാര്യങ്ങള്‍ എണ്ണി പറയണോ..ആ വൃത്തിക്കെട്ട നിലയിലേക്കാണോ ചിത്രീകരിക്കുന്നത്-മുഖ്യമന്ത്രി

തിരുവനന്തപുരം: സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് മാധ്യമങ്ങൾക്കെതിരെ വീണ്ടും രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. സർക്കാരിന്റെ പ്രതിച്ഛായ തകർക്കാനുള്ള ഗൂഢാലോചനയിൽ ചില മാധ്യമങ്ങളും പങ്കാളികളായെന്ന് മുഖ്യമന്ത്രി ആരോപിച്ചു.

പഴയ മുഖ്യമന്ത്രിയുടെ വാസ സ്ഥലവും രീതികളും എന്തായിരുന്നുവെന്ന് ഞാൻ എണ്ണി പറയണോ എന്ന് ചോദിച്ച മുഖ്യമന്ത്രി, മാധ്യമങ്ങൾ ആ വൃത്തിക്കെട്ട നിലയിലേക്ക് ഇന്നത്തെ മുഖ്യമന്ത്രിയേയും മുഖ്യമന്ത്രിയുടെ ഓഫീസും ചിത്രീകരിക്കുന്നുവെന്നും പറഞ്ഞു.മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറെ മുഖ്യമന്ത്രി സംരക്ഷിച്ചത് വിനയായോ എന്ന ചോദ്യമാണ് മുഖ്യമന്ത്രിയെ ചൊടിപ്പിച്ചത്.

രാഷ്ട്രീയമായി എൽഡിഎഫ് സർക്കാരിനെ അങ്ങേയറ്റം അപകീർത്തിപ്പെടുത്താൻ പല മാർഗങ്ങളും ആലോചിച്ചിട്ടുണ്ട്. അതിന്റെ കൂടെ ചേരാൻ ചില മാധ്യമങ്ങൾ തയ്യാറായിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

അന്വേഷണത്തിന്റെ ഭാഗമായി നടക്കേണ്ട കാര്യങ്ങൾ അന്വേഷണ ഏജൻസികളാണ് നടത്തേണ്ടത്. എന്നാൽ ഇവരെ ചോദ്യം ചെയ്യൂ, മറ്റെയാളെ നോക്കൂ എന്ന് ചൂണ്ടിക്കാണിച്ചുകൊടുക്കേണ്ട പണി മാധ്യമങ്ങളെടുക്കേണ്ടതില്ല. ഇവിടെ അത്തരം കാര്യങ്ങളാണ് നടന്നത്. ഒരു വസ്തുതയും തെളിവുമില്ലാതെ പലരുടേയും പേരുകൾ വിളിച്ചു പറഞ്ഞു മുഖ്യമന്ത്രി പറഞ്ഞു.

റെഡ്ക്രസന്റ് എന്നത് യുഎഇയുടെ ചാരിറ്റി ഓർഗനൈസേഷനാണ്. അവരുടെ പ്രവർത്തനങ്ങൾ അവർ നേരിട്ട് നടത്തുന്നതാണ്. അതിൽ തട്ടിപ്പ് നടത്തിയിട്ടുണ്ടെങ്കിൽ സർക്കാരിനതറയില്ല. ലൈഫ് മിഷൻ പദ്ധതിയുടെ ഭാഗമായി ഒരു കോടി രൂപ കൈക്കൂലി ലഭിച്ചുവെന്ന് സ്വപ്ന സുരേഷ് കസ്റ്റംസിന് നൽകിയ മൊഴി സംബന്ധിച്ച ചോദ്യത്തിനായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. അതേ സമയം നമ്മുടേതായ ഒരു പദ്ധതിയുടെ പേരിൽ എന്തെങ്കിലും തട്ടിപ്പ് നടത്തിയിട്ടുണ്ടെങ്കിൽ പരിശോധിച്ച് നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
Related News
Comments
© 2016 - 2020 Mathrubhumi Printing & Publishing Co Ltd.