News

Get the latest news here

'കൊല്ലപ്പെട്ട' പെണ്‍കുട്ടി ഭര്‍ത്താവിനും കുഞ്ഞിനുമൊപ്പം; അച്ഛനും സഹോദരനും 17 മാസമായി ജയിലില്‍

ലഖ്നൗ: ഉത്തർപ്രദേശ് പോലീസിന്റെ കെടുകാര്യസ്ഥതയ്ക്കും അലംഭാവത്തിനും തെളിവായി മറ്റൊരു സംഭവം കൂടി. പോലീസ് കൊല്ലപ്പെട്ടെന്ന് പറഞ്ഞ പെൺകുട്ടി ഭർത്താവിനും കുഞ്ഞിനുമൊപ്പം ജീവിക്കുന്നതായുള്ള തെളിവുകൾ പുറത്തുവന്നതോടെയാണ് പോലീസിനെതിരേ ഗുരുതര ആരോപണമുയർന്നിരിക്കുന്നത്. കേസിൽ പ്രതികളായി പെൺകുട്ടിയുടെ അച്ഛനും സഹോദരനുമടക്കം ഇപ്പോഴും ജയിലിലാണ്. കൊല്ലപ്പെട്ടെന്ന് പോലീസ് പറഞ്ഞയാൾ ജീവനോടെയുണ്ടെന്ന് കണ്ടെത്തിയതോടെ ഇവരെ വിട്ടയക്കണമെന്നും പോലീസുകാർക്കെതിരേ നടപടി വേണമെന്നുമാണ് കുടുംബത്തിന്റെ ആവശ്യം.

ദേശീയമാധ്യമമായ ന്യൂസ് 18 ആണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 2019 ഫെബ്രുവരി ആറിനാണ് അംറോഹ ജില്ലയിലെ ആദംപുർ പോലീസ് സ്റ്റേഷനിൽ കമലേഷ് എന്ന പെൺകുട്ടിയെ കാണാനില്ലെന്ന പരാതി ലഭിക്കുന്നത്. യുവതിയുടെ സഹോദരനായ രാഹുലാണ് പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. കേസ് അന്വേഷിച്ച പോലീസ് ഉടനടി സംഭവം കൊലപാതകമാണെന്ന് വിധിയെഴുതി. ഫെബ്രുവരി 18-ന് പെൺകുട്ടിയുടെ അച്ഛൻ സുരേഷ്, മറ്റൊരു സഹോദരനായ രൂപ് കിഷോർ, തൊട്ടടുത്ത ഗ്രാമത്തിലെ ദേവേന്ദ്ര എന്നിവരെ പിടികൂടുകയും ചെയ്തു.

കാണാതായ പെൺകുട്ടിയെ മൂവരും ചേർന്ന് കൊലപ്പെടുത്തിയെന്നായിരുന്നു പോലീസിന്റെ വിശദീകരണം. പെൺകുട്ടിയുടെ വസ്ത്രങ്ങളും കൊല്ലാൻ ഉപയോഗിച്ച ആയുധവും പോലീസ് കണ്ടെടുത്തു. ഒരു തോക്കും വെടിയുണ്ടകളുമാണ് പോലീസ് കണ്ടെടുത്ത ആയുധങ്ങൾ. ഇതോടെ മൂവരും കൊലക്കേസിൽ അകപ്പെട്ട് ജയിലിലുമായി.

എന്നാൽ, ആദംപുർ പോലീസ് സുരേഷിനെയും മറ്റുള്ളവരെയും മർദിച്ച് കുറ്റംസമ്മതിപ്പിച്ചതാണെന്നായിരുന്നു കുടുംബത്തിന്റെ ആരോപണം. തുടക്കം മുതൽ ഈ ആരോപണമുന്നയിച്ച കുടുംബം ഇതിനിടെയാണ് കാണാതായ കമലേഷിനെ അന്വേഷിച്ച് കണ്ടെത്തുകയും ചെയ്തത്.

വീട് വിട്ടിറങ്ങിയ പെൺകുട്ടി പൗരാര ഗ്രാമത്തിലുണ്ടെന്നും രാകേഷ് എന്നയാളോടൊപ്പം താമസിക്കുന്നുണ്ടെന്നുമാണ് സഹോദരൻ രാഹുലിന്റെ അവകാശവാദം. രാകേഷുമായി സഹോദരി പ്രണയത്തിലായിരുന്നുവെന്നും ഇരുവർക്കും ഇപ്പോൾ ഒരു കുഞ്ഞുണ്ടെന്നും രാഹുൽ പറഞ്ഞു. കൊല്ലപ്പെട്ട സഹോദരിയെ ജീവനോടെ കണ്ടെത്തിയതോടെ രാഹുൽ തന്നെ പോലീസിൽ വിവരമറിയിച്ചു. പെൺകുട്ടിയെ കണ്ടതോടെ പോലീസ് ഉദ്യോഗസ്ഥരും ഞെട്ടിയെന്നാണ് റിപ്പോർട്ട്. അതേസമയം, കേസിൽ ഉൾപ്പെട്ട് ജയിലിൽ കഴിയുന്നവരുടെ കാര്യത്തിൽ ഇതുവരെ തീരുമാനമായിട്ടില്ല.

ജയിലിൽ കഴിയുന്ന നിരപരാധികളെ വെറുതെവിടണമെന്നും തങ്ങൾക്ക് നീതി വേണമെന്നുമാണ് ഇവരുടെ ആവശ്യം. കള്ളക്കേസിൽ കുടുക്കിയ പോലീസ് ഉദ്യോഗസ്ഥർക്കെതിരേ നടപടി വേണമെന്നും കുടുംബം പറയുന്നു.

Content Highlights:up girl found living with husband her father and brother stil in jail for murder case
Related News
Comments
© 2016 - 2020 Mathrubhumi Printing & Publishing Co Ltd.