News

Get the latest news here

യുഎസ്സിലെ ടൈംസ് ചത്വരത്തില്‍ സ്വാതന്ത്ര്യ ദിനത്തില്‍ ത്രിവര്‍ണപതാക ഉയരും

ന്യൂയോർക്ക്: അമേരിക്കയിലെ പ്രശസ്തമായ ടൈംസ് ചത്വരത്തിൽ ഇന്ത്യയുടെ സ്വാതന്ത്ര്യ ദിനത്തിൽ ത്രിവർണ പതാക ഉയരും. ഇന്ത്യക്കാരുടെ സംഘടനയായ ഫെഡറേഷൻ ഓഫ് ഇന്ത്യൻ അസോസിയേഷനാണ് ടൈംസ് ചത്വരത്തിൽ പതാക ഉയർത്തി സ്വാതന്ത്ര്യ ദിനം ആഘോഷിക്കാൻ ഒരുങ്ങുന്നത്

ന്യൂയോർക്ക്, ന്യൂജേഴ്സി, കണക്ടികട്ട് എന്നീ മൂന്ന് സംസ്ഥാനങ്ങളിലെ ഫെഡറേഷൻ ഓഫ് ഇന്ത്യൻ അസോസിയേഷനുകൾ(എഫ്ഐഎ)സംയുക്തമായാണ് സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നത്.

ഇന്ത്യയുടെ സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നതിന്റെ ഭാഗമായി ഇതാദ്യമായി ടൈംസ് ചത്വരത്തിൽ ഓഗസ്റ്റ് 15 ന് പതാക ഉയർത്തുമെന്നും ഇതൊരു പുതിയ ചരിത്രമാകുമെന്നും എഫ്ഐഎ പുറത്തിറത്തിയ വാർത്താക്കുറിപ്പിൽ പറഞ്ഞു.

ന്യൂയോർക്കിലെ ഇന്ത്യൻ കോൺസൽ ജനറലായ രൺധീർ ജയ്സ്വാൾ ആഘോഷച്ചടങ്ങിൽ മുഖ്യാതിഥിയായിരിക്കും. ആഘോഷപരിപാടിയുടെ ഭാഗമായി എംപയർ സ്റ്റേറ്റ് ബിൽഡിങ്ങ് ഓറഞ്ച്, വെള്ള, പച്ച എന്നീ വർണദീപങ്ങൾ കൊണ്ടലങ്കരിക്കും.

ഇന്ത്യൻ-അമേരിക്കൻ സമൂഹത്തിന്റെ ദേശസ്നേഹത്തിന്റെ തെളിവാണ് പതാകയുയർത്തലെന്ന് എഫ്ഐഎ പറഞ്ഞു. എഫ്ഐഎ പ്രവർത്തനത്തിന്റെ സുവർണജൂബിലി ആഘോഷിക്കുന്ന വർഷം കൂടിയാണിത്.

എഫ്ഐഎ എല്ലാ കൊല്ലവും ഓഗസ്റ്റിൽ പരേഡ് സംഘടിപ്പിക്കാറുണ്ട്. മാൻഹട്ടനിൽ നടക്കുന്ന പരേഡിൽ രാഷ്ട്രീയ നേതാക്കൾ, മറ്റു പ്രമുഖർ എന്നിവർ പങ്കെടുക്കുന്നത് പതിവാണ്. എന്നാൽ കോവിഡ് വ്യാപന പശ്ചാത്തലം നിലനിൽക്കുന്നതിനാൽ ഇക്കൊല്ലം പരേഡ് ഉപേക്ഷിച്ചിരിക്കുകയാണ്.
Related News
Comments
© 2016 - 2020 Mathrubhumi Printing & Publishing Co Ltd.