News

Get the latest news here

വില്ലേജ് ഓഫീസറുടെ ആത്മഹത്യശ്രമം; പഞ്ചായത്ത് പ്രസിഡന്റ് അടക്കം എട്ടാളുകളുടെ പേരിൽ ജാമ്യമില്ലാ കേസ്

ഒല്ലൂർ: പുത്തൂർ വില്ലേജ് ഓഫീസർ കൈത്തണ്ട മുറിച്ച സംഭവത്തിൽ പഞ്ചായത്ത് പ്രസിഡന്റ് അടക്കം എട്ടാളുകളുടെ പേരിൽ ജാമ്യമില്ലാവകുപ്പ് പ്രകാരം ഒല്ലൂർ പോലീസ് കേസെടുത്തു. പഞ്ചായത്ത് പ്രസിഡൻറ് മിനി ഉണ്ണികൃഷ്ണൻ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.ജി. ഷാജി, അംഗം കെ.എൻ. ശിവൻ എന്നിവരുൾപ്പെടെയുള്ളവരുടെ പേരിലാണ് കേസ്.

ആത്മഹത്യാപ്രേരണക്കുറ്റം, കൃത്യനിർവഹണം തടസ്സപ്പെടുത്തൽ, സംഘംചേരൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസ്.

സർട്ടിഫിക്കറ്റ് നൽകാൻ വൈകുന്നതിനെച്ചൊല്ലി തർക്കം; വനിതാ വില്ലേജ് ഓഫീസർ കൈത്തണ്ട മുറിച്ചു

ഒല്ലൂർ (തൃശ്ശൂർ):സഹപ്രവർത്തകരും പോലീസും പഞ്ചായത്ത് അധികൃതരും നോക്കിനിൽക്കെ വനിതാ വില്ലേജ് ഓഫീസർ കൈത്തണ്ട മുറിച്ചു. പുത്തൂർ വില്ലേജ് ഓഫീസറായ സി.എൻ. സിമി(48)യാണ് ഓഫീസിനുള്ളിൽ ബ്ലേഡുകൊണ്ട് ഇടതുകൈത്തണ്ട മുറിച്ചത്. സർട്ടിഫിക്കറ്റുകൾ നൽകാൻ വൈകുന്നതിനെച്ചൊല്ലി പഞ്ചായത്തംഗങ്ങളുമായി നടന്ന തർക്കത്തിനിടെയായിരുന്നു സംഭവം. ഈ സമയം ഇവരുടെ 22 വയസ്സുള്ള മകനും സമീപത്തുണ്ടായിരുന്നു. ആശുപത്രിയിൽ പ്രവേശിപ്പിച്ച സിമിയുടെ പരിക്ക് ഗുരുതരമല്ല.

തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. പുത്തൂർ പഞ്ചായത്തിലെ ലൈഫ്മിഷൻ പദ്ധതിക്കുവേണ്ടിയുള്ള രേഖകൾ നൽകാൻ വൈകുന്നുവെന്ന പരാതിയും സമ്മർദവുമാണ് സംഭവത്തിന് പ്രേരിപ്പിച്ചതെന്നറിയുന്നു. ലൈഫ് മിഷൻ പദ്ധതിക്ക് അപേക്ഷ സമർപ്പിക്കാനുള്ള അവസാനതീയതി ഈ മാസം 14 ആണ്. വരുമാനസർട്ടിഫിക്കറ്റും സ്വന്തംപേരിൽ ഭൂമിയില്ലെന്നു തെളിയിക്കുന്ന രേഖകളുമാണ് അപേക്ഷയ്ക്കൊപ്പം നൽകേണ്ടത്.

അപേക്ഷിച്ച മുഴുവൻപേർക്കും രേഖകൾ നൽകാൻ ഓഫീസിലെ സെർവർ തകരാറിലായതിനാൽ കഴിഞ്ഞിരുന്നില്ല. ഇതിനാൽ ആളുകൾ പരാതിയുമായി പഞ്ചായത്തിനെ സമീപിച്ചു. രേഖകൾ നൽകാൻ വൈകുന്നതിന്റെ കാരണം തിരക്കിയാണ് രാവിലെ പ്രസിഡന്റ് മിനി ഉണ്ണികൃഷ്ണനും ഭരണസമിതിയിലെ നാല് അംഗങ്ങളും വില്ലേജിലെത്തിയത്.

നടത്തറയിൽ കോവിഡ്പരിശോധന കഴിഞ്ഞശേഷമാണ് വില്ലേജ് ഓഫീസർ എത്തിയത്. ഇവർ വന്നതോടെ പ്രതിഷേധവുമായി പഞ്ചായത്തധികൃതർ ഓഫീസിനു മുന്നിലെത്തി. പിന്നെ, രേഖകൾ നൽകാൻ വൈകുന്നതു സംബന്ധിച്ച് തർക്കമായി. ഇതിനിടയിൽ വില്ലേജ് ഓഫീസർ വിവരമറിയിച്ചതിനെത്തുടർന്ന് ഒല്ലൂർ പോലീസെത്തി അനുരഞ്ജനത്തിന് ശ്രമിച്ചു.

എസ്.ഐ. ഫോണിലൂടെ തഹസിൽദാരെ വിളിച്ച് കാര്യങ്ങൾ പറഞ്ഞു. തഹസിൽദാരുടെ മറുപടി അറിയിക്കാൻ ഫോൺ വില്ലേജ് ഓഫീസർക്ക് കൈമാറിയെങ്കിലും അവർ ഫോൺ വാങ്ങിയില്ല. താൻ നേരിട്ട് വിളിക്കാം എന്നുപറഞ്ഞ് സ്വന്തം കാബിനിലേക്ക് കയറിയശേഷം മേശയിൽനിന്ന് ബ്ലേഡ് എടുത്ത് കൈത്തണ്ട മുറിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

പോലീസാണ് ഇവരെ ഉടനെ പിടിച്ചുമാറ്റി ജീപ്പിൽ കയറ്റി തൃശ്ശൂരിലെ ജൂബിലി മിഷൻ ആശുപത്രിയിലെത്തിച്ചത്. അതേസമയം രേഖകൾ നൽകാൻ കാലതാമസം വരുന്നതിനാൽ ജനങ്ങളുടെ പരാതി പരിഗണിച്ച് കാര്യങ്ങൾ തിരക്കുകയാണുണ്ടായതെന്ന് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. സമീപത്തെ മറ്റ് മൂന്ന് വില്ലേജുകളിലും അപേക്ഷകൾ നേരിട്ടുവാങ്ങി കൈയോടെ സർട്ടിഫിക്കറ്റുകൾ നൽകുകയാണ് ചെയ്യുന്നത്.

പുത്തൂർ വില്ലേജിൽ മാത്രം ഓൺലൈൻ വഴി മാത്രമേ അവ നൽകാനാവൂ എന്ന അധികൃതരുടെ സമീപനമാണ് അപേക്ഷകൾ കെട്ടിക്കിടക്കാൻ കാരണമായതെന്നും പ്രസിഡന്റ് പറഞ്ഞു.

ടി.എൻ. പ്രതാപൻ എം.പി. ആശുപത്രിയിലെത്തി വില്ലേജ് ഓഫീസറെ സന്ദർശിച്ചു. സംഭവത്തിനിടയാക്കിയ പഞ്ചായത്ത് പ്രസിഡന്റ്, അംഗങ്ങൾ എന്നിവരുടെ പേരിൽ ആത്മഹത്യാപ്രേരണ, സ്ത്രീപീഡനം കോവിഡ് പ്രോട്ടോകോൾ ലംഘനം എന്നിവയ്ക്ക് കേസെടുക്കണമെന്ന് എം.പി. ആവശ്യപ്പെട്ടു.

'അപമാനത്തിൽ സഹികെട്ട് ചെയ്യേണ്ടിവന്നു'

പുത്തൂർ പഞ്ചായത്തിലെ പ്രസിഡന്റും അംഗങ്ങളും ചേർന്ന് അപമാനിച്ചതിൽ സഹികെട്ടാണ് ഞരമ്പ് മുറിക്കേണ്ടിവന്നത്. കഴിഞ്ഞയാഴ്ച എന്നെ കുന്നംകുളം താലൂക്ക് ഓഫീസിലേക്ക് മാറ്റി ഉത്തരവിട്ടതാണ്. എന്നാൽ, വിടുതൽചെയ്തില്ല. തിങ്കളാഴ്ച രാവിലെ ഞാൻ കോവിഡ് ടെസ്റ്റ് കഴിഞ്ഞ് ഓഫീസിലെത്തിയപ്പോൾ മുതൽ പഞ്ചായത്ത് പ്രസിഡന്റ് മിനി ഉണ്ണികൃഷ്ണൻ, അംഗങ്ങളായ ഷാജി, ശിവൻ, ഗോപി എന്നിവർ ഘെരാവോ ചെയ്യുകയായിരുന്നു. എന്നെ അപമാനിച്ചു. മോശമായി സംസാരിച്ചു.

നാലുവർഷമായി ഞാൻ ഇവരുടെ അപമാനം സഹിക്കുന്നു. ആവശ്യമില്ലാത്ത പരാതികൾ അയയ്ക്കുകയായിരുന്നു. അവരുടെ താളത്തിന് തുള്ളാത്തതിനാലാണിത്. ഈ വലിയ വില്ലേജിന്റെ ഓഫീസിൽ ഒരു തസ്തിക ഒഴിഞ്ഞുകിടന്നിട്ട് നാലുകൊല്ലമായി. എന്നാൽ, ആരെയും നിയമിച്ചില്ല. ഏതെങ്കിലും ചെറിയ വില്ലേജിലേക്ക് സ്ഥലംമാറ്റം വേണമെന്ന് എം.എൽ.എ.യോട് അഭ്യർഥിച്ചിരുന്നു. എന്നാൽ, സ്ഥലംമാറ്റം കിട്ടിയത് എന്റെ താലൂക്കിൽ പോലുമായിരുന്നില്ല. ഇതിനു പിന്നിൽ കളിച്ചത് രാഷ്ട്രീയക്കാരും ജോയിന്റ് കൗൺസിലുമാണ്.

-സി.എൽ. സിമി, വില്ലേജ് ഓഫീസർ


Related News
Comments
© 2016 - 2020 Mathrubhumi Printing & Publishing Co Ltd.