News

Get the latest news here

പെനാല്‍റ്റി ഗോളില്‍ രക്ഷപ്പെട്ട് യുണൈറ്റഡ്; ലെവര്‍ക്യുസനെ മറികടന്ന് ഇന്ററും യൂറോപ്പ ലീഗ് സെമിയില്‍

കോളോൺ (ജർമനി): ഇംഗ്ലീഷ് ക്ലബ്ബ് മാഞ്ചെസ്റ്റർ യുണൈറ്റഡും ഇറ്റാലിയൻ ടീം ഇന്റർ മിലാനും യൂറോപ്പ ലീഗ് സെമിയിൽ. മാഞ്ചെസ്റ്റർ യുണൈറ്റഡ് എതിരില്ലാത്ത ഒരു ഗോളിന് ഡാനിഷ് ക്ലബ്ബ് എഫ്.സി കോപ്പൻഹേഗനെ തോൽപ്പിച്ചപ്പോൾ ഇന്റർ ഒന്നിനെതിരേ രണ്ടു ഗോളുകൾക്ക് ജർമൻ ക്ലബ്ബ് ബയേർ ലെവർക്യൂസനെ മറികടന്നു.

അധികസമയത്തേക്കു നീണ്ട മത്സരത്തിൽ എഫ്.സി കോപ്പൻഹേഗനെതിരേ അധികസമയത്തിന്റെ അഞ്ചാം മിനിറ്റിലെ പെനാൽറ്റി ഗോളാണ് യുണൈറ്റഡിനെ രക്ഷിച്ചത്. ആന്തണി മാർഷ്യലിനെ കോപ്പൻഹേഗൻ താരം ബോക്സിനുള്ളിൽ വീഴ്ത്തിയതിനാണ് റഫറി പെനാൽറ്റി വിധിച്ചത്. കിക്കെടുത്ത പോർച്ചുഗീസ് താരം ബ്രൂണോ ഫെർണാണ്ടസിന് പിഴച്ചില്ല. പന്ത് വലയിൽ, യുണൈറ്റഡ് സെമിയിലും.

കോപ്പൻഹേഗൻ ഗോൾകീപ്പർ കാൾ ജൊഹാൻ ജോൺസൺ മികച്ച പ്രകടനമാണ് മത്സരത്തിൽ പുറത്തെടുത്തത്. ഫെർണാണ്ടസിന്റെയും യുവാൻ മാറ്റയുടെയും ഗോൾ ശ്രമങ്ങൾ പരാജയപ്പെടുത്താൻ ജോൺസണ് സാധിച്ചു. ജോൺസന്റെ തകർപ്പൻ പ്രകടനമാണ് മത്സരം അധികസമയത്തേക്ക് നീട്ടിയത്. മത്സരത്തിൽ ഉടനീളം പത്തിലേറെ സേവുകളാണ് ജോൺസൺ നടത്തിയത്. ഇതിനിടെ 57-ാം മിനിറ്റിൽ മാർക്കസ് റാഷ്ഫോർഡ് പന്ത് വലയിലെത്തിച്ചെങ്കിലും ഓഫ്സൈഡായി.



ലെവർക്യൂസനെ വീഴ്ത്തി ഇന്റർ

ബയേർ ലെവർക്യുസനെ ഒന്നിനെതിരേ രണ്ടു ഗോളുകൾക്ക് മറികടന്നാണ് ഇന്റർ മിലാൻ യൂറോപ്പ ലീഗ് സെമിയിലേക്ക് മുന്നേറിയത്. 15-ാം മിനിറ്റിൽ നിക്കോളോ ബാരെല്ലയും 21-ാം മിനിറ്റിൽ റൊമേലു ലുക്കാക്കുവുമാണ് ഇന്ററിനായി ഗോളുകൾ നേടിയത്. തുടർച്ചയായ ഒമ്പതാം യൂറോപ്പ ലീഗ് മത്സരത്തിലാണ് ലുക്കാക്കു ഗോൾ നേടുന്നത്. 24-ാം മിനിറ്റിൽ കെയ് ഹാവേർട്സിലൂടെ ലെവർക്യൂസൻ ഒരു ഗോൾ തിരിച്ചടിച്ചെങ്കിലും പിന്നീട് മത്സരത്തിൽ ഗോളുകളൊന്നും പിറന്നില്ല.

Content Highlights: Europa League Manchester United into semis Inter Milan beats Leverkusen
Related News
Comments
© 2016 - 2020 Mathrubhumi Printing & Publishing Co Ltd.