News

Get the latest news here

രാമക്ഷേത്ര ശിലാന്യാസം: പ്രധാനമന്ത്രി അയോധ്യയിലെത്തി

അയോധ്യ: രാമക്ഷേത്ര നിർമാണത്തിനുള്ള ഭൂമിപൂജയ്ക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി അയോധ്യയിലെത്തി. രാമനാമ ജപത്താലും വേദമന്ത്രോച്ചാരണത്താലും മുഖരിതമായ അയോധ്യയിൽ പ്രധാനമന്ത്രി അൽപസമയത്തിനകം ക്ഷേത്ര നിർമാണത്തിന്ഔപചാരിക തുടക്കംകുറിക്കും. അയോധ്യയിലെ സകേത് കോളേജ് ഹെലിപ്പാടിൽ വന്നിറങ്ങിയ പ്രധാനമന്ത്രിയെ യുപി മുഖ്യമന്ത്രി യോഗി ആദിത്യാനാഥിന്റെ നേതൃത്വത്തിൽ സ്വീകരിച്ചു. ആദ്യം ഹനുമാൻ ക്ഷേത്രമാണ് പ്രധാനമന്ത്രി സന്ദർശിച്ചത്. അവിടെ വെള്ളി കിരീടം സമർപ്പിച്ച ശേഷം രാംലല്ലയിലെത്തി പ്രാർഥിക്കും.തുടർന്ന് രാമക്ഷേത്രം നിർമിക്കുന്ന ഭൂമിയിലേക്ക് പോകും

ഉച്ചയ്ക്ക് 12.30 ന്നടക്കുന്ന ഭൂമിപൂജയിലും തുടർന്നുള്ള ശിലാസ്ഥാപനകർമത്തിലും പ്രധാനമന്ത്രി പങ്കെടുക്കും. അദ്ദേഹമാണ് ശിലാസ്ഥാപനം നിർവഹിക്കുന്നത്. 40 കിലോഗ്രാം തൂക്കമുള്ള വെള്ളിക്കട്ടിയാണ് ശിലാസ്ഥാപനത്തിനുപയോഗിക്കുന്നത്. ശ്രീരാമ ജന്മഭൂമി തീർഥക്ഷേത്രം ട്രസ്റ്റ് അധ്യക്ഷൻ മഹന്ദ് നൃത്യ ഗോപാൽ ദാസ് സംഭാവന ചെയ്ത ഈ വെള്ളിക്കട്ടിചടങ്ങിനുശേഷം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ലോക്കറിലേക്കു മാറ്റും.

പ്രധാനമന്ത്രിയെക്കൂടാതെ 174 പേരാണ് ചടങ്ങുകൾക്ക് നേർസാക്ഷ്യം വഹിക്കുക. ആർ.എസ്.എസ്. തലവൻ മോഹൻ ഭാഗവത്, രാമജന്മഭൂമി തീർഥക്ഷേത്രം ട്രസ്റ്റ് അധ്യക്ഷൻ നൃത്യ ഗോപാൽദാസ് മഹാരാജ്, യു.പി. ഗവർണർ ആനന്ദിബെൻ പട്ടേൽ, മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവർക്കേ മോദിക്കൊപ്പം വേദിയിൽ ഇരിപ്പിടമുണ്ടാകൂ. കോവിഡ് കണക്കിലെടുത്ത് ആറടി അകലത്തിലാണ് എല്ലാവർക്കും ഇരിപ്പിടമൊരുക്കിയിരിക്കുന്നത്. ക്ഷണിതാക്കളിൽ 135 പേർ മതനേതാക്കളാണ്.
Related News
Comments
© 2016 - 2020 Mathrubhumi Printing & Publishing Co Ltd.