News

Get the latest news here

ആ പോരാട്ടത്തിൽ അണിചേരാൻ അഭിമാനത്തോടെ...

ദുബായ്: യു.എ.ഇ.യിൽ നേരിട്ട് പരിചയമുള്ള മൂന്നുപേരുടെ ജീവനാണ് കോവിഡ്-19 കൊണ്ടുപോയത്. ലോകമൊട്ടാകെ 7,18,339 മരണങ്ങൾ. കൂടുതൽപ്പേർക്ക് ജീവൻ നഷ്ടമാകാതിരിക്കാൻ വാക്സിൻ എത്രയും വേഗം ലഭ്യമാക്കാനുള്ള ശ്രമങ്ങളെ സഹായിക്കേണ്ടത് ഓരോരുത്തരുടെയും കടമയാണ്. യു.എ.ഇ.യിൽ 5000 പേർ വാക്സിൻ പരീക്ഷണം പൂർത്തിയാക്കിയെന്ന വാർത്ത വന്നതോടെ ഇത് എന്റെകൂടി കടമയാണെന്ന ചിന്തയുറപ്പിച്ചു. വ്യാഴാഴ്ച ഷാർജയിൽ ഇതിനുള്ള സൗകര്യങ്ങൾ അധികൃതർ ഒരുക്കിയതോടെ ആ ഉദ്യമത്തിന് തയ്യാറായി. നിലവിൽ 18-നും 60-നുമിടയിലുള്ളവർക്കാണ് ഇതിന് അനുമതി.

ഭർത്താവ് വിനോദിനൊപ്പം വെള്ളിയാഴ്ച രാവിലെ 7.45-ന് ഹെൽത്ത് സെന്ററിന് മുന്നിലെത്തി. വിനോദും വാക്സിൻ ഡോസ് സ്വീകരിക്കാൻ സന്നദ്ധനായാണ് എത്തിയത്. രജിസ്ട്രേഷൻ നടപടികൾക്ക് പത്തു മിനിറ്റോളം വേണ്ടിവന്നു. ശേഷം മറ്റൊരുമുറിയിൽ മലയാളി നഴ്സ് രക്തസമ്മർദം പരിശോധിച്ചു. ഉയരം, വണ്ണം എന്നിവ രേഖപ്പെടുത്തി. ആലോചിച്ചെടുത്ത തീരുമാനമാണോ എന്നായി അടുത്ത ചോദ്യം. അവർ നൽകിയ നിർദേശപ്രകാരം റൂം നമ്പർ 34 ലക്ഷ്യമാക്കി നടന്നു. തുറന്നുകിടന്ന മുറിയിലേക്ക് പുഞ്ചിരിച്ചുകൊണ്ട് ഡോ. സുൾഫിക്കർ വരവേറ്റു. കൃത്യമായി വ്യായാമം ചെയ്യാറുണ്ടോ, എന്തുകൊണ്ട് ഈ ഉദ്യമത്തിന് തയ്യാറെടുത്തു എന്നീ ചോദ്യങ്ങൾ മനസ്സിൽ തട്ടിനിൽക്കുന്നു. സ്ത്രീകൾക്ക് നടപടിക്രമങ്ങൾ കൂടുതലുണ്ട്. ഗർഭിണികൾക്ക് വാക്സിൻ പരീക്ഷണം നടത്താനാവില്ല. പിന്നീട് രക്തപരിശോധന, കോവിഡ് സ്രവപരിശോധന.

അടുത്തത് വാക്സിനെടുക്കാനുള്ള ഊഴമാണ്. വാക്സിനേഷനും നിരീക്ഷണവും മാത്രമാണ് ബാക്കി. ഇടതുകൈയിൽ മുകളിലായി കണ്ണടച്ചുതുറക്കുംമുൻപേ സൂചി കയറിയിറങ്ങി. രക്തംകണ്ടാലും സൂചികണ്ടാലും ഭയന്നോടിയിരുന്ന എന്നെയവിടെ പിടിച്ചിരുത്തിയത് ഏത് ശക്തിയാണെന്ന് ഇപ്പോഴുമറിയില്ല.

അടുത്തദിവസം മുതൽ നിരീക്ഷണകാലഘട്ടമാണ്. ആദ്യ ഏഴ് ദിവസം അവർ തന്നുവിടുന്ന ഡയറിയിൽ ശരീരോഷ്മാവ്, ശ്വാസസംബന്ധമായും മറ്റുമുള്ള ശാരീരിക അസ്വസ്ഥതകളുണ്ടെങ്കിൽ അതും രേഖപ്പെടുത്തണം. ഓരോ ദിവസവും ടെലിഫോൺ വഴിയുള്ള അന്വേഷണങ്ങളുമുണ്ടാകും. 21-ാം ദിവസമാണ് അടുത്ത വാക്സിൻ പരീക്ഷണത്തിന് വിധേയമാകേണ്ടത്. 35-ാം ദിവസം ഡോക്ടറെ നേരിട്ട് കാണേണ്ടതുണ്ട്. 49-ാമത് ദിവസം വരെ ഇതേ നടപടികൾ തുടരും. അതിനുള്ളിൽ ഏതെങ്കിലും തരത്തിൽ അസ്വസ്ഥതകളുണ്ടെങ്കിൽ ഹോട്ട്ലൈൻ നമ്പറിൽ ബന്ധപ്പെടുകയോ ഏതെങ്കിലും സർക്കാർ ആശുപത്രികളിൽ നേരിട്ട് സേവനം തേടുകയോ ആവാം. ഇനി ഒരുവർഷം ഒന്നോ രണ്ടോ തവണ ഡോക്ടറുടെ ഫോൺ വഴിയുള്ള അന്വേഷണവും എല്ലാ മൂന്നുമാസം കൂടുമ്പോഴും നേരിട്ടുള്ള പരിശോധനയുമാണ്. ഒരു വർഷത്തോളം ഈ വാക്സിൻ മനുഷ്യശരീരത്തിൽ ഏതെല്ലാം തരത്തിൽ പ്രവർത്തിക്കുമെന്ന് ലോകം ഉറ്റുനോക്കികൊണ്ടിരിക്കുന്നുവെന്ന് ചുരുക്കം.

ഒരു മാധ്യമപ്രവർത്തക എന്ന നിലയിൽ കോവിഡ് കാലത്ത് ലോകം നേരിടുന്ന, ആരോഗ്യരംഗം നേരിടുന്ന വെല്ലുവിളികൾ നേരിട്ടറിയാനായത് തന്നെയാണ് പരീക്ഷണത്തിന്റെ ഭാഗമാകാൻ പ്രേരിപ്പിച്ചത്.
Related News
Comments
© 2016 - 2020 Mathrubhumi Printing & Publishing Co Ltd.