News

Get the latest news here

വിമാനാപകടം: ഡിജിസിഎ സംഘം കരിപ്പൂരിലെത്തി; അന്വേഷണം ആരംഭിച്ചു

കോഴിക്കോട്: 19 പേരുടെ മരണത്തിന് കാരണമായ കരിപ്പൂർ വിമാനാപകടത്തിൽ ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) അന്വേഷണം പ്രഖ്യാപിച്ചു. 123 പേർക്കാണ് അപകടത്തിൽ പരിക്കേറ്റത്. അപകട കാരണം കണ്ടെത്താനായി ഡിജിസിഎ നിയോഗിച്ച സംഘം സംഭവ സ്ഥലത്തേക്ക് എത്തിച്ചേർന്നിട്ടുണ്ട്.

കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ രാവിലെ തന്നെ കരിപ്പൂരിലെത്തിയിട്ടുണ്ട്. പ്രത്യേക ഹെലികോപ്റ്ററിലാണ് വി. മുരളീധരൻ കരിപ്പൂരിലെത്തിയത്.അപകടം വളരെ ദുഃഖകരവും ആശങ്കാജനകവുമാണെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ദുരന്തസ്ഥലം സന്ദർശിച്ച് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കാവശ്യമായ നടപടികൾ സ്വീകരിക്കാൻ പ്രധാനമന്ത്രിയുടെ നിർദേശപ്രകാരമാണ് താൻ എത്തിയതെന്ന് മന്ത്രി അറിയിച്ചു.

അപകടകാരണത്തേപ്പറ്റി ഡിജിസിഎ അന്വേഷണം നടക്കുന്നുണ്ട്. അന്വേഷണത്തിൽ വിവരങ്ങൾ പുറത്തുവരും. അപകട സ്ഥലം സന്ദർശിച്ചതിന് ശേഷം പരിക്കേറ്റവരെയും മരണമടഞ്ഞവരുടെ ബന്ധുക്കളെയും കാണുമെന്നും മുരളീധരൻ അറിയിച്ചു. രാവിലെ 9.30 ആകും മുരളീധരൻ അപകടസ്ഥലം സന്ദർശിക്കുക.

മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് കരിപ്പൂരിലേക്ക് എത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. പരിക്കേറ്റവരുടെ ചികിത്സയുടെ ഏകോപനത്തിന് ആശുപത്രികളിൽ ഡെപ്യൂട്ടി കളക്ടർമാർക്ക് ചുമതല ഏൽപ്പിച്ചിട്ടുണ്ട്. അടിയന്തര നടപടികൾ സ്വീകരിക്കാനും മുഖ്യമന്ത്രി നിർദ്ദേശം നൽകിയിട്ടുണ്ട്. പരിക്കേറ്റവരെ ചികിത്സിക്കാൻ ആശുപത്രികളിൽ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ അറിയിച്ചു.

അതേസമയം പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യമന്ത്രി പിണറായി വിജയനെ ഫോണിൽ വിളിച്ച് എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തിട്ടുണ്ട്. മുഖ്യമന്ത്രിക്ക് പുറമെ ഗവർണർ ആരിഫ് മുഹമ്മദ് ഖാനും കരിപ്പൂരിലെത്തുമെന്നാണ് വിവരം.

കനത്തെ മഴയെതുടർന്ന് ലാൻഡിങ്ങിന് ശ്രമിക്കവേയാണ് ദുബായിൽ നിന്ന് വന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനം റൺവേയിൽ നിന്ന് തെന്നിമാറി അപകടത്തിൽ പെട്ടത്. വിമാനത്തിന്റെ രണ്ട് പൈലറ്റുമാരും അപകടത്തിൽ മരിച്ചിരുന്നു.

Content Highlights:Karippur air India Express crash
Related News
Comments
© 2016 - 2020 Mathrubhumi Printing & Publishing Co Ltd.