News

Get the latest news here

സ്‌ഫോടനത്തില്‍ തകര്‍ന്ന് ലെബനന്‍, മരുന്നുകളും ഭക്ഷണവും തീരുന്നു; സഹായഹസ്തവുമായി ഇന്ത്യ

ബയ്റൂത്ത്: ശക്തിയേറിയ സ്ഫോടനത്തെ തുടർന്ന് തലസ്ഥാനമായ ബയ്റൂത്ത് തകർന്നടിഞ്ഞതിന് പിന്നാലെ രാജ്യത്ത് ഭക്ഷ്യ- മരുന്ന് ക്ഷാമമുണ്ടായേക്കുമെന്ന് ഭയന്ന് ലബനൻ. പ്രതിസന്ധി മുന്നിൽ കണ്ട് മരുന്നും ഭക്ഷണവുമടക്കം അയച്ച് സഹായിക്കാനൊരുങ്ങുകയാണ് ഇന്ത്യ. 2013 മുതൽ തുറമുഖ നഗരമായ ബയ്റൂത്തിൽ മതിയായ സുരക്ഷയില്ലാതെ സംഭരിച്ചിരുന്ന 2750 ടൺ അമോണിയം നൈട്രേറ്റ് ആണ് സ്ഫോടനത്തിൽ പൊട്ടിത്തെറിച്ചത്. സംഭവത്തിൽ ഇതുവരെ 137 പേർ മരിക്കുകയും 5,000 ൽ പരം ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.

ശക്തിയേറിയ സ്ഫോടനത്തിൽ ബയ്റൂത്തിലെ പ്രധാന ധാന്യ സംഭരണ കേന്ദ്രങ്ങൾ തകർന്നടിഞ്ഞുവെന്നാണ് വിവരങ്ങൾ. ബയ്റൂത്ത് മുഖേനെയാണ് ലെബനനിലെ 60 ശതമാനം ഇറക്കുമതിയും നടക്കുന്നത്. സ്ഫോടനത്തെ തുടർന്ന് ഈ സപ്ലൈ ചെയിൻ തകർന്നിരിക്കുകയാണ്. ഇത് രാജ്യത്തെ ഗുരുതരമായി ബാധിച്ചേക്കാമെന്നാണ് റിപ്പോർട്ട്. സ്ഫോടനത്തിൽ തകർന്ന പ്രധാന ധാന്യ സംഭരണ കേന്ദ്രത്തിന് 120,000 ടൺ ഭക്ഷ്യധാന്യം സംഭരിക്കാനുള്ള സൗകര്യങ്ങളുണ്ട്. ഈ കേന്ദ്രത്തിലുള്ള മുഴുവൻ ധാന്യങ്ങളും നശിച്ചുപോയിരിക്കാമെന്നാണ് കരുതുന്നത്.

വെറും ആറാഴ്ചത്തേക്ക് വേണ്ട ഭക്ഷ്യധാന്യങ്ങൾ മാത്രമേ രാജ്യത്ത് ഇനിയുള്ളുവെന്നാണ് ലെബനനൻ അധികൃതർ പറയുന്നത്. സ്ഫോടനത്തിൽ ആന്റിബയോട്ടിക്കുകൾ, വേദനാ സംഹാരികൾ, രക്തം സംഭരിക്കുന്ന ബാഗുകൾ, അർബുദം, എച്ച്.ഐ.വി, ആസ്ത്മ തുടങ്ങിയ രോഗങ്ങൾക്കുള്ള മരുന്നുകൾ എന്നിവയുടെ സംഭരണ കേന്ദ്രങ്ങളും നിലംപരിശായിട്ടുണ്ട്. ഈ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഭക്ഷ്യധാന്യങ്ങളും അവശ്യ മരുന്നുകളുമടക്കമുള്ള സഹായങ്ങൾ നൽകാൻ ഇന്ത്യ തയ്യാറെടുക്കുന്നത്.

സ്ഫോടനത്തിൽ 1,100 കിടക്കകളുള്ള രാജ്യത്തെ ഏറ്റവും വലിയ ആശുപത്രിയും തകർന്നു. 60 ലക്ഷം മാത്രം ജനസംഖ്യയുള്ള ഈ രാജ്യം ആവശ്യമായ ഗോതമ്പ് ഉൾപ്പെടെയുള്ള ധാന്യങ്ങൾ റഷ്യ, ഉക്രൈൻ, യൂറോപ്പ് എന്നിവിടങ്ങളിൽ നിന്നാണ് ഇറക്കുമിതി ചെയ്തിരുന്നത്.

നിലവിൽ 4,000 ഇന്ത്യക്കാർ ലെബനനിൽ വിവിധ മേഖലകളിൽ ജോലി ചെയ്യുന്നുണ്ടെന്നാണ് കണക്ക്. ഇവരുമായി ഇന്ത്യൻ എംബസി ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണ്.

ലെബനൻ നേരിടുന്ന സമാനതകളില്ലാത്ത ദുരന്തത്തിൽ സഹായിക്കാൻ തയ്യാറാണെന്നാണ് കേന്ദ്രസർക്കാർ വൃത്തങ്ങൾ അറിയിച്ചിരിക്കുന്നത്. ലോകത്തിന്റെ ഫാർമസി ലെബനീസ് അധികൃതരുടെ അനുവാദത്തിനായി കാത്തിരിക്കുന്നുവെന്ന് ഉദ്യോഗസ്ഥർ മാധ്യമങ്ങളെ അറിയിച്ചു. കോവിഡ്-19ന്റെ വ്യാപനം ഉണ്ടായ സാഹചര്യത്തിൽ 100 ഓളം രാജ്യങ്ങൾക്കാണ് ഇന്ത്യ മരുന്നുകൾ ഉൾപ്പെടെയുള്ള സഹായങ്ങൾ നൽകിയത്. അവരെല്ലാം ഇന്ത്യയുടെ സഹായത്തിന് നന്ദി അറിയിച്ചിട്ടുണ്ട്. ലെബനൻ അധികൃതരുടെ മറുപടിക്കായി കാത്തിരിക്കുകയാണെന്നാണ് ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥർ പറയുന്നത്.

Content Highlights:Lebanon fears food and medicine shortage, India plans to lend a hand
Related News
Comments
© 2016 - 2020 Mathrubhumi Printing & Publishing Co Ltd.