News

Get the latest news here

ക്വാല്‍കോം ചിപ്പില്‍ സുരക്ഷാ വീഴ്ച. കോടിക്കണക്കിന് ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ ഭീഷണിയില്‍

ഗൂഗിൾ, സാംസങ്, എൽജി ഉൾപ്പടെ ആഗോളതലത്തിലുള്ള 40 ശതമാനം ആൻഡ്രോയിഡ് സ്മാർട്ഫോണുകളും ഉപയോഗിക്കുന്നത് ക്വാൽകോമിന്റെ പ്രൊസസർ ചിപ്പുകളാണ്. സൈബർ സുരക്ഷാ സ്ഥാപനമായ ചെക്ക് പോയിന്റ് 400-ലധികം സുരക്ഷാ പ്രശ്നങ്ങളാണ് ക്വാൽകോം ചിപ്പിൽ കണ്ടെത്തിയിരിക്കുന്നത്. ആഗോളതലത്തിൽ 300 കോടി ആൻഡ്രോയിഡ് ഉപയോക്താക്കളെ സൈബർ സുരക്ഷാ ഭീഷണിയിലാക്കുന്ന പ്രശ്നങ്ങളാണിതെന്നാണ് റിപ്പോർട്ടുകൾ.

ക്വാൽകോമിന്റെ ഡിജിറ്റൽ സിഗ്നൽ പ്രൊസസർ അഥവ ഡിഎസ്പി ചിപ്പിലാണ് സുരക്ഷാ വീഴ്ച കണ്ടെത്തിയത്. ഫോണിന്റെ ഒരോ സുപ്രധാന പ്രവർത്തനങ്ങളും ഏകോപിപ്പിക്കുന്നതും പ്രവർത്തനക്ഷമമാക്കുന്നതും ഡിഎസ്പിയാണ്. അതിവേഗ ചാർജിങ്, വീഡിയോ, എച്ച്ഡി വീഡിയോ റെക്കോർഡിങ്, ശബ്ദ സംവിധാനങ്ങൾ അങ്ങനെ പലതും ഡിഎസ്പിയാണ് കൈകാര്യം ചെയ്യുന്നത്.

ഡിഎസ്പി ചിപ്പിലെ ഈ സുരക്ഷാ വീഴ്ച ദുരുപയോഗം ചെയ്ത് ഹാക്കർമാർക്ക് ഒരു സ്മാർട്ഫോണിനെ രഹസ്യ നിരീക്ഷണ സംവിധാനമാക്കി മാറ്റാൻ സാധിക്കുമെന്നാണ് ചെക്ക്പോയിന്റ് ഗവേഷകരുടെ കണ്ടെത്തൽ. ഇത് കൂടാതെ ഫോണിലെ ചിത്രങ്ങൾ, വീഡിയോകൾ, കോൾ റെക്കോർഡുകൾ, തത്സമയ മൈക്രോഫോൺ വിവരങ്ങൾ, ജിപിഎസ്, ലൊക്കേഷൻ എന്നിവയും ഹാക്കർമാർക്ക് ലഭിക്കും. ഇവയുടെ എല്ലാം സമ്പൂർണ നിയന്ത്രണം ഹാക്കർമാർക്ക്് കയ്യടക്കാനും സാധിക്കും.

എന്തായാലും ഈ പ്രശ്നം ചെക്ക്പോയിന്റ് ക്വാൽകോമിനെ അറിയിച്ചിട്ടുണ്ട്. എന്തായാലും സുരക്ഷാ വീഴ്ചയുമായി ബന്ധപ്പെട്ട കൂടുതൽ സാങ്കേതിക വിവരങ്ങൾ ചെക്ക്പോയിന്റ് പുറത്തുവിട്ടിട്ടില്ല. വിവിധ ഭരണകൂടങ്ങളേയും സ്മാർട്ഫോൺ കമ്പനികളെയും വിവരം അറിയിച്ചിട്ടുണ്ട്. ഇതിനനുസരിച്ച് ലഭിക്കുന്ന സുരക്ഷാ അപ്ഡേറ്റുകൾ ചെയ്താൽ മാത്രമേ ഫോണുകൾ സുരക്ഷിതമാവുകയുള്ളൂ.

നിലവിൽ ഈ പ്രശ്നം ഏതെങ്കിലും ഹാക്കർമാർ ദുരുപയോഗം ചെയ്യുന്നതായി തെളിവ് ലഭിച്ചിട്ടില്ലെന്ന് ക്വാൽകോം പറഞ്ഞു. ഫോണുകൾ അപ്ഡേറ്റ് ചെയ്യണമെന്നും ഗൂഗിൾ പ്ലേസ്റ്റോറിൽനിന്ന് മാത്രമേ ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യാവൂ എന്നും കമ്പനി നിർദേശിച്ചിട്ടുണ്ട്.

Content Highlights:vulnerabilities found in Qualcomm's chip put billions of Android users at risk
Related News
Comments
© 2016 - 2020 Mathrubhumi Printing & Publishing Co Ltd.