News

Get the latest news here

രാജമലയില്‍ പോകാതെ കോഴിക്കോട്ട് പോയത് എന്തിന്?- വിശദീകരണവുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: മണ്ണിടിച്ചിലുണ്ടായ മൂന്നാർ രാജമലയിൽ പോകാതെ വിമാന ദുരന്തമുണ്ടായ കോഴിക്കോട്ട് മാത്രം പോയത് എന്തിനാണെന്ന ചോദ്യത്തിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. രക്ഷാപ്രവർത്തനം അതീവ ഗൗരവമായി നടത്തേണ്ടതാണ്. രാജമലയിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുന്ന സാഹചര്യത്തിലാണ് അവിടെ പോകാതിരുന്നത്. കരിപ്പൂരിൽ രക്ഷാപ്രവർത്തനം പൂർത്തിയായി. ചികിത്സയിൽ കഴിയുന്നവർക്കുവേണ്ടി എന്തുചെയ്യാൻ കഴിയുമെന്ന് മനസിലാക്കാനാണ് കോഴിക്കോട്ടേക്ക് പോയതെന്ന് മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

രക്ഷാപ്രവർത്തനം എത്രയും വേഗം പൂർത്തിയാക്കാനാണ് ആദ്യം ശ്രമിക്കേണ്ടത്. വിവിധ ഏജൻസികളെ ഏകോപിപ്പിച്ചുകൊണ്ടുള്ള രക്ഷാപ്രവർത്തനമാണ് ഇപ്പോൾ രാജമലയിൽ നടക്കുന്നത്. മന്ത്രിമാരായ ഇ ചന്ദ്രശേഖരൻ, എം.എം മണി എന്നിവർ രാജമലയിൽ ക്യാമ്പുചെയ്ത് രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുകയാണ്. അവിടെ എത്തിച്ചേരാൻപോലും കഴിയുന്ന സാഹചര്യം ഉണ്ടായിരുന്നില്ല. ഹെലിക്കോപ്റ്ററിൽ അവർ അവിടെയെത്താൻ ആലോചന നടത്തി. രണ്ടു തവണ ആലോചിച്ചുവെങ്കിലും കാലാവസ്ഥ അനുകൂലമല്ലാത്തിനാൽ അതിന് സാധിച്ചില്ല. തുടർന്നാണ് മന്ത്രിമാർ കാറിൽ അവിടേക്ക് പോയത്.

കരിപ്പൂരിലെ രക്ഷാപ്രവർത്തനം ഇന്നലെതന്നെ അവസാനിച്ചു. അതിവിദഗ്ധമായ രീതിയിലാണ് രക്ഷാപ്രവർത്തനം നടന്നത്. അതിവേഗം നടത്തിയ രക്ഷാപ്രവർത്തനത്തെ എല്ലാവരും പ്രശംസിക്കുകയാണ്. അപകടത്തിന്റെ ഭീകരത സ്ഥലം നേരിട്ട് കണ്ടപ്പോഴാണ് മനസിലാക്കാൻ കഴിഞ്ഞത്. അപകടത്തിൽപ്പെട്ട വിമാനത്തിന്റെ ഒരുഭാഗം മുറിഞ്ഞാണ് മുന്നോട്ടു തെറിച്ചത്. മുൻഭാഗം വെട്ടിമാറ്റിയതുപോലെ മുറിഞ്ഞ്മുന്നോട്ടുനീങ്ങി മതിലിൽ പോയി ഇടിച്ചു. അതിലാണ് പൈലറ്റും സഹപൈലറ്റും മരിക്കാനിടയായത്. വല്ലാത്ത ദുരന്തമാണ് ഉണ്ടായത്. ഇത്തരം ദുരന്തങ്ങളിൽ സാധാരണ ആരും രക്ഷപ്പെടാറില്ല. എന്നാൽ 18 പേരെ മരിച്ചുള്ളുവെന്നത് ആശ്വാസം നൽകുന്നതാണ്. നല്ലൊരു വിഭാഗം യാത്രക്കാരും ജീവനോടെ രക്ഷപ്പെട്ടു. വിമാനം കത്തിയമരുകയോ സ്ഫോടനത്തിൽ തകരുകയോ ചെയ്യാം. അതൊന്നും സംഭവിക്കാതിരുന്നത് ആശ്വാസകരമാണ്. രാജമല സന്ദർശിക്കാതെ കോഴിക്കോട്ട് പോയതിൽ വേർതിരിവിന്റെ പ്രശ്നമില്ലെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

Content Highlights:CM Pinarayi Vijayan Munnar landslide Karipur flight crash
Related News
Comments
© 2016 - 2020 Mathrubhumi Printing & Publishing Co Ltd.