News

Get the latest news here

ഗെഹ്‌ലോത് വിഭാഗം സ്വാധീനിക്കുമെന്ന ഭയം; ബിജെപി എംഎല്‍എമാരെ ഗുജറാത്തിലേക്ക് കടത്തി

ജയ്പുർ:രാജസ്ഥാൻ നിയമസഭ സമ്മേളനം തുടങ്ങാൻ ദിവസങ്ങൾ മാത്രം ശേഷിക്കേ ബിജെപി തങ്ങളുടെ ആറ് എംഎൽഎമാരെ ഗുജറാത്ത് പോർബന്തറിലേക്ക് മാറ്റി. അശോക് ഗെഹ് ലോത് വിഭാഗം തങ്ങളുടെ എംഎൽഎമാരെ സ്വാധീനിക്കുമെന്ന് ഭയന്നാണ് ഇവരെ പോർബന്തറിലേക്ക് അയച്ചിരിക്കുന്നത്. ജയ്പുരിൽ നിന്ന് ചാർട്ടേഡ് ഫ്ളൈറ്റിലാണ് ഇവർ ഗുജറാത്തിലേക്ക് തിരിച്ചത്.

പോർബന്തറിലെ ആഡംബര റിസോർട്ടിലായിരിക്കും എംഎൽഎമാർ കഴിയുക. ഇവർ സോമനാഥ ക്ഷേത്രം സന്ദർശിക്കുമെന്നും സൂചനയുണ്ട്. ഇതുവരെ 23 എംഎൽഎമാരെയാണ് ബിജെപി ഗുജറാത്തിലേക്ക് അയച്ചിരിക്കുന്നത്. അതിൽ 18 പേർ പോർബന്തറിലാണ്.

അശോക് ഗെഹ്ലോത് വിഭാഗം ബിജെപി എംഎൽഎമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നുണ്ടെന്ന ഭയത്തിൽ 40 എംഎൽഎമാരെ ഗുജറാത്തിലേക്ക് മാറ്റുമെന്ന് ബിജെപിയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങൾ അറിയിച്ചു.

ബിജെപി എംഎൽഎമാരെ പോലീസും ഭരണകൂടവും ഉപദ്രവിക്കുകയാണെന്നും അതിനാൽ എംഎൽഎമാർ സ്വമേധയാ തീർഥാടനത്തിന് പോവുകയാണെന്നും ആറുനിയമസഭാംഗങ്ങളോടൊപ്പം ജയ്പുർ വിമാനത്താവളത്തിലെത്തിയ ബിജെപി എംഎൽഎ അശോക് ലഹോതി പറഞ്ഞു.
നിർമൽ കുമാവത്, ഗോപിചന്ദ് മീണ, ജബ്ബാർ സിങ് ശൻഖ്ള, ധരംവീർ മോചി, ഗോപാൽ ലാൽ ശർമ, ഗുർദീപ് സിങ് ഷാഹ്പിനി എന്നിവരാണ് പോർബന്തറിലേക്ക് യാത്രതിരിച്ചത്.

രാജസ്ഥാനിൽ ബിജെപിക്ക് 72 എംഎൽഎമാരാണ് ഉളളത്. അശോക ഗെഹ് ലോത്തും സച്ചിൻ പൈലറ്റും തമ്മിലുളള രാഷ്ട്രീയ ഭിന്നതകളുടെ പശ്ചാത്തലത്തിൽ രാജസ്ഥാനിൽ രാഷ്ട്രീയ പ്രതിസന്ധി തുടരുകയാണ്. ഓഗസ്റ്റ് 14നാണ് രാജസ്ഥാനിൽ നിയമസഭാസമ്മേളനം ആരംഭിക്കുന്നത്.

Content Highlights:Rajasthan BJP Shifts 6 MLAs to Gujarats Porbandar


Related News
Comments
© 2016 - 2020 Mathrubhumi Printing & Publishing Co Ltd.