News

Get the latest news here

അമേരിക്കയില്‍ മാത്രമല്ല ടിക് ടോക്കിനെ മൊത്തത്തില്‍ വാങ്ങിയേക്കും മൈക്രോസോഫ്റ്റ്

ചൈനീസ് കമ്പനിയായ ബൈറ്റ്ഡാൻസിന്റെ ഉടമസ്ഥതയിലുള്ള ടിക് ടോക്കിന്റെ അമേരിക്കയിലെ പ്രവർത്തനങ്ങൾ മൈക്രോസോഫ്റ്റ് ഏറ്റെടുക്കുമോ എന്നതാണ് കഴിഞ്ഞ കുറച്ച് ആഴ്ചകളായി സാങ്കേതിക വാണിജ്യ രംഗത്തെ പ്രധാന ചർച്ചാവിഷയം. ഇതിന് ചൂടുപകർന്നുള്ള പുതിയ വാർത്തയാണ് ഫിനാൻഷ്യൽ ടൈംസിൽ വന്നിരിക്കുന്നത്.

കേവലം ടിക് ടോക്കിന്റെ അമേരിക്കയിലെ പ്രവർത്തനങ്ങൾ മാത്രമല്ല ആഗോള തലത്തിൽ ടിക് ടോക്കിനെ മുഴുവനായും ഏറ്റെടുക്കാനുള്ള ശ്രമങ്ങൾ അമേരിക്കൻ കമ്പനിയായ മൈക്രോസോഫ്റ്റ് നടത്തുന്നുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു.

ടിക് ടോക്കിനെ അമേരിക്കൻ കമ്പനികൾക്ക് വിറ്റില്ലെങ്കിൽ നിരോധനം നേരിടണമെന്ന അമേരിക്കൻ പ്രസിഡന്റ ഡൊണാൾഡ് ട്രംപിന്റെ നിബന്ധന വന്നതിന് പിറകെയാണ് മൈക്രോസോഫ്റ്റ് ടിക് ടോക്കുമായി ചർച്ചനടത്തുന്നുണ്ടെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നത്. ഇക്കാര്യം പിന്നീട് കമ്പനി സ്ഥിരീകരിക്കുകയും ചെയ്തു. അമേരിക്കയെ കൂടാതെ കാനഡ, ന്യൂസീലാൻഡ്, ഓസ്ട്രേലിയ എന്നിവിടങ്ങളിലെ ടിക് ടോക്കിന്റെ പ്രവർത്തനങ്ങൾ ഏറ്റെടുക്കാനാണ് കമ്പനിയുടെ ശ്രമമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു.

ടിക് ടോക്കിന്റെ പ്രധാന വരുമാന സ്രോതസുകളായ ഇന്ത്യ, യൂറോപ്പ് എന്നിവ ഉൾപ്പടെയുള്ള വിപണികളും സ്വന്തമാക്കാൻ മൈക്രോസോഫ്റ്റ് ശ്രമിക്കുന്നുണ്ടെന്നാണ് പുതിയ റിപ്പോർട്ട്. എന്തായാലും ഇക്കാര്യത്തിൽ സ്ഥിരീകരണം വന്നിട്ടില്ല.

ടിക് ടോക്കിനെ വിൽക്കുന്നതിനായി സെപ്റ്റംബർ 20 വരെയാണ് സമയം നൽകിയിരിക്കുന്നത്. ഇത് നടപ്പാക്കാനായില്ലെങ്കിൽ ടിക് ടോക്ക് അമേരിക്കയിൽ പൂർണമായും നിരോധിക്കപ്പെടും.

ഉപയോക്താക്കളുടെ വിവരങ്ങൾ ചോർത്തൽ, ചൈനാവിരുദ്ധ ഉള്ളടക്കങ്ങൾ നിയന്ത്രിക്കൽ, ദേശ സുരക്ഷ തുടങ്ങിയ ആരോപണങ്ങളാണ് അമേരിക്ക ടിക് ടോക്കിനെതിരെ ഉന്നയിക്കുന്നത്.

അതിർത്തി സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യൻ ഭരണകൂടം ടിക് ടോക്ക് ഉൾപ്പടെ 57 ചൈനീസ് ആപ്പുകളും ഈ ആപ്പുകളുടെ അനുബന്ധമായി പ്രവർത്തിക്കുന്ന ലൈറ്റ് ആപ്പുകളും നിരോധിച്ചിരുന്നു.

മൈക്രോസോഫ്റ്റുമായുള്ള ഇടപാട് പൂർത്തിയായാൽ ടിക് ടോക്ക് ഇന്ത്യയിലേക്ക് തിരികെ വരുന്നതിന് അത് വഴിയൊരുക്കും.

Content Highlights:Microsoft wants to buy TikTok's global operations report suggests
Related News
Comments
© 2016 - 2020 Mathrubhumi Printing & Publishing Co Ltd.