News

Get the latest news here

മുഖ്യമന്ത്രിക്ക് നിഴലിനെ പോലും ഭയം; തരാമെന്ന് പറഞ്ഞ മറുപടിക്കായി കാത്ത് നില്‍ക്കുന്നു- സുരേന്ദ്രന്‍

തിരുവനന്തപുരം: രാഷ്ട്രീയമായി ചോദ്യങ്ങൾ ചോദിക്കുമ്പോൾ മറുപടി പറയാതെ വ്യക്തിപരമായി അക്രമം നടത്തുന്ന മുഖ്യമന്ത്രിക്ക് സ്വന്തം നിഴലിനെ പോലും ഭയമാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. ചോദ്യങ്ങൾക്ക് മറുപടി വാർത്താസമ്മേളനത്തിലൂടെ നൽകുന്നില്ലെന്നാണ് പറയുന്നത്. പിന്നെങ്ങനെയാണ് നൽകുകയന്ന് ഞങ്ങൾക്ക് നല്ലരീതിയിൽ ബോധ്യമുണ്ട്. അതിനായി കാത്തിരിക്കുകയാണെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.

ഭയമാണ് അദ്ദേഹത്തെ വേട്ടയാടുന്നത്. അന്വേഷണ ഏജൻസികൾ എപ്പോഴാണ് തന്നിലേക്ക് എത്തുന്നത് എന്ന ആശങ്കയിലാണ് അദ്ദേഹം. പിണറായിയുടെ ഭീഷണി ബിജെപിക്ക് നേരെ വേണ്ട. ഭീഷണി കൊണ്ട് പിന്മാറുന്നവരല്ല ബിജെപിയെന്ന് പിണറായിക്ക് വ്യക്തമായി അറിയാം. വാടിക്കൽ രാമകൃഷണൻ മുതൽ ആ മറുപടി ഞങ്ങൾ കണ്ടിട്ടുണ്ട്. അതിനെ നേരിട്ടിട്ടുമുണ്ട്. പിന്തിരിഞ്ഞോടുന്നവരല്ല ഞങ്ങൾ. നേർക്കുനേരെ നിന്ന് ശക്തമായി നേരിട്ടിട്ടുമുണ്ടെന്നും കെ.സുരേന്ദ്രൻ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്റെയും മന്ത്രി ജലീലിന്റെയും രാജി ആവശ്യപ്പെട്ട് ബിജെപിയുടെ സെക്രട്ടേറിയറ്റ് മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ബിജെപിക്കെതിരെ പരസ്യ വെല്ലുവിളി നടത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ പാർട്ടി ക്രിമിനലുകൾക്കും സിപിഎമ്മിന്റെ പോലീസിനും അക്രമം നടത്താനുള്ള സന്ദേശമാണ് നൽകുന്നത്. ചതിയും അക്രമവും നടത്തി സമരത്തെ നേരിടാനാണ് ഭാവമെങ്കിൽ ഞങ്ങളും തയ്യാറാണ്. അഴിമതിയുമായി ബന്ധപ്പെട്ടും രാഷ്ട്രീയമായുമുള്ള ആരോപണങ്ങളാണ് ബിജെപി ഉന്നയിച്ചിട്ടുള്ളത്. അതിനൊന്നും മറുപടി പറയാൻ പിണറായി തയ്യാറായിട്ടില്ല. മാനസിക നില തെറ്റിയത് പിണറായിക്കാണ്. സ്വർണ്ണക്കള്ളക്കടത്തു കേസിലും മയക്കുമരുന്ന് കേസിലുമെല്ലാം മുഖ്യമന്ത്രിയുടെ ഓഫീസിനും മറ്റു മന്ത്രിമാർക്കും സിപിഎം നേതാക്കളുടെ മക്കൾക്കും ബന്ധമുണ്ടെന്ന് കണ്ടെത്തിയത് അന്വേഷണ ഏജൻസികളാണ്. അതൊന്നും പ്രതിപക്ഷം കെട്ടിച്ചമച്ചതല്ല. എന്നാൽ ആരോപണങ്ങൾക്കൊന്നും വ്യക്തമായ ഉത്തരം നൽകാൻ മുഖ്യമന്ത്രി തയ്യാറായിട്ടില്ല. ലൈഫ് മിഷനിൽ കമ്മീഷൻ അടിച്ചതിനെ കുറിച്ചോ ഒരു മന്ത്രി ഖുറാന്റെ മറവിൽ സ്വർണ്ണം കടത്തിയതിനെ കുറിച്ചോ സെക്രട്ടേറിയറ്റിൽ തീ കത്തിയപ്പോൾ ഏതൊക്കെ ഫയലുകൾ കത്തിയെന്നതിനെ കുറിച്ചോ ഇതുവരെ വ്യക്തമായ ഉത്തരം മുഖ്യമന്ത്രി നൽകിയില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.

നാലരകൊല്ലം മുമ്പ് മറ്റൊരു മുഖ്യമന്ത്രിക്കെതിരായ ആരോപണത്തിൽ പിണറായി സ്വീകരിച്ച നിലപാട് കുറ്റാരോപിതർ അധികാരത്തിൽ നിന്ന് മാറണം എന്നായിരുന്നു. ഇപ്പോൾ അത് ബാധകമാകില്ലേ എന്നും സുരേന്ദ്രൻ ചോദിച്ചു. ലൈഫ് മിഷൻ തട്ടിപ്പിൽ കമ്മീഷന്റെ മുഖ്യ പങ്ക് മന്ത്രി പുത്രനിലേക്കാണ് പോയിട്ടുള്ളത്. പേരക്കുട്ടിയുടെ മാലയെടുക്കാനാണ് ലോക്കർ തുറന്നതെന്നാണ് പറയുന്നത്. ഒരു പവന്റെ മാല ലോക്കറിൽ വച്ചു എന്ന് പറയുന്നത് അവിശ്വസനീയമാണ്. അഴിമതി പണത്തിന്റെ വലിയ ഭാഗം പിണറായി വിജയനിലേക്കാണ് പോയതെന്ന ആരോപണവും സുരേന്ദ്രൻ ആവർത്തിച്ചു. കൂടുതൽ മന്ത്രിമാരിലേക്ക് അന്വേഷണം എത്തും. രണ്ടു ദിവസങ്ങളായി തിരുവനന്തപുരത്തെ ഒരു മന്ത്രിയെ കാണാനില്ല. നരേന്ദ്ര മോദി നേതൃത്വം നൽകുന്ന ബിജെപി സർക്കാരാണ് രാജ്യം ഭരിക്കുന്നത്. ഒറ്റ അഴിമതിക്കാരനും രക്ഷപ്പെടാൻ അനുവദിക്കില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.
Related News
Comments
© 2016 - 2020 Mathrubhumi Printing & Publishing Co Ltd.