News

Get the latest news here

സുരേഷ് റെയ്‌നയുടെ ബന്ധുക്കളുടെ കൊലപാതകം; മൂന്ന് പേര്‍ അറസ്റ്റില്‍

ഛത്തീസ്ഗഢ്: പഞ്ചാബിലെ പഠാൻകോട്ടിൽ ക്രിക്കറ്റ് താരം സുരേഷ് റെയ്നയുടെ ബന്ധുക്കളെ കവർച്ചയ്ക്കിടെ കൊലപ്പെടുത്തിയ സംഘത്തിലെ മൂന്ന് പേരെ അറസ്റ്റ് ചെയ്തു. പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങാണ് ഇക്കാര്യം അറിയിച്ചത്.

അന്തർ സംസ്ഥാന കവർച്ചാ സംഘത്തിൽ പെട്ടവരാണ് പ്രതികൾ. 11 സംഘത്തിലെ മറ്റുള്ളവരെ പിടികൂടാനുള്ള ശ്രമത്തിലാണെന്നും അവരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും പഞ്ചാബ് ഡിജിപി ദിനകർ ഗുപ്ത വ്യക്തമാക്കി.
പഠാൻകോട്ട് റെയിൽവെ സ്റ്റേഷന് സമീപത്തുള്ള ചേരിപ്രദേശത്ത് അറസ്റ്റിലായ മൂന്ന് പ്രതികൾ ഒത്തുചേർന്നതായി പ്രത്യേക അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിരുന്നു. പോലീസ് നടത്തിയ റെയ്ഡിൽ പ്രതികളുടെ പക്കൽ നിന്ന് ആയുധമായി ഉപയോഗിക്കുന്ന രണ്ട് തടി കഷ്ണങ്ങൾ, രണ്ട് സ്വർണ മോതിരം, 1530 രൂപ എന്നിവയാണ് കണ്ടെത്തിയത്.

പഞ്ചാബ്, ഉത്തർപ്രദേശ്, ജമ്മു കശ്മീർ എന്നിവടങ്ങളിൽ സമാനമായ കുറ്റകൃത്യങ്ങൾ നേരത്തെയും നടത്തിയിട്ടുണ്ടെന്ന് പ്രതികൾ പോലീസിനോട് പറഞ്ഞു. ഒരു സ്ഥലത്ത് നിന്ന് കവർച്ച നടത്തി മറ്റു സംസ്ഥാനങ്ങളിലേക്കും മറ്റും കടക്കലാണ് ഇവർ ചെയ്തിരുന്നതെന്നും പഞ്ചാബ് പോലീസ് അറിയിച്ചു.

സുരേഷ് റെയ്നയുടെ ബന്ധുവിട്ടിൽ സംഘം കവർച്ച നടത്തിയഅതേ രാത്രിയിൽ രണ്ടിടങ്ങളിലായി കവർച്ചാ ശ്രമങ്ങൾ നടത്തിയിരുന്നു. രണ്ടും പരാജയപ്പെട്ടതോടെയാണ് മൂന്നാമത്തെ ശ്രമമായി സുരേഷ് റെയ്നയുടെ അമ്മാവൻ അശോക് കുമാറിന്റെ വീട് തിരഞ്ഞെടുത്തത്. രണ്ടോ മൂന്നോ സംഘങ്ങളായി ലക്ഷ്യസ്ഥാനത്ത് ഒത്തുചേരലായിരുന്നു ഇവരുടെ പതിവ്.

സംഘത്തിൽ അഞ്ചുപേരാണ് അശോക് കുമാറിന്റെ വീട്ടിൽ കയറിയത്. ഗോവണി ഉപയോഗിച്ചാണ് മതിൽ കടന്നത്.തറയിൽ പായവിരിച്ച് കിടന്നുറങ്ങുകയായിരുന്നു അശോക് കുമാറും മകനും ഭാര്യയും. ഇവരെ തലക്കടിക്കുകയും അക്രമിക്കുയും ചെയ്ത ശേഷം സ്വർണാഭരണങ്ങളുമായി സംഘം രക്ഷപെടുകയായിരുന്നു. രണ്ട് മൂന്ന് സംഘങ്ങളായി വേർപ്പെട്ട് റെയിൽവേ സ്റ്റേഷനിലെത്തി. അവിടെവെച്ച് കൊള്ളമുതൽ വിഭജിച്ചെടുത്ത ശേഷം വീണ്ടും വിവിധ സംഘങ്ങളായി പിരിഞ്ഞു പഞ്ചാബ് ഡിജിപി പറഞ്ഞു.

ആക്രമണത്തിൽ റെയ്നയുടെ അമ്മാവൻ അശോക് കുമാറും അദ്ദേഹത്തിന്റെ മകൻ കൗശൽ കുമാറും മരിച്ചിരുന്നു. അമ്മായി ആശ റാണി ഗുരതരാവസ്ഥയിൽ തുടരുകയാണ്. മറ്റു രണ്ടു പേർക്ക് കൂടി പരിക്കേറ്റിരുന്നെങ്കിലുംഅവർ ആശുപത്രി വിട്ടു.

Related News
Comments
© 2016 - 2020 Mathrubhumi Printing & Publishing Co Ltd.