News

Get the latest news here

മുഖ്യധാരാ മാധ്യമങ്ങളെ നിയന്ത്രിക്കാന്‍ കൂടുതല്‍ മാര്‍ഗരേഖ ആവശ്യമില്ലെന്ന്‌ കേന്ദ്ര സര്‍ക്കാര്‍

ന്യൂഡൽഹി: പ്രിന്റ്, ഇലക്ട്രോണിക് മീഡിയകളെ നിയന്ത്രിക്കുന്നതിന് മുമ്പ് സുപ്രീം കോടതി ഡിജിറ്റൽ മീഡിയയെ ആണ് നിയന്ത്രിക്കേണ്ടതെന്ന് കേന്ദ്ര വാർത്തവിതരണ മന്ത്രാലയം. വാട്സാപ്പ്, ട്വിറ്റർ, ഫെയ്സ്ബുക്ക് തുടങ്ങിയവയിലൂടെ ഡിജിറ്റൽ മീഡിയ വാർത്തകൾ ചുരുങ്ങിയ സമയം കൊണ്ട് വലിയ വിഭാഗം ജനങ്ങളിൽ എത്തുന്നു എന്നും കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ ഫയൽ ചെയ്ത സത്യവാങ്മൂലത്തിൽ വ്യക്തമാക്കി.

സിവിൽ സർവീസിലേക്ക് മുസ്ലിങ്ങൾ കൂടുതലായി എത്തുന്നത് യു.പി.എസ്.സി. ജിഹാദ് ആണെന്ന് ആരോപിച്ച് സുദർശൻ ടി.വി സംപ്രേഷണം ചെയ്യുന്ന വാർത്താധിഷ്ഠിത പരിപാടിക്ക് എതിരായ ഹർജിയിലാണ് കേന്ദ്രം സത്യവാങ്മൂലം ഫയൽ ചെയ്തത്. ഉത്തരവാദിത്തപെട്ട മാധ്യമ പ്രവർത്തനവുംഅഭിപ്രായ സ്വാതന്ത്ര്യവും തമ്മിലുള്ള സന്തുലിതാവസ്ഥ ഉറപ്പാക്കുന്നതിന് നിലവിൽ തന്നെ കോടതികളുടെ ഉത്തരവുകളും നിയമങ്ങളും ഉണ്ട്. പ്രിന്റ്, ഇലക്ട്രോണിക് തുടങ്ങിയ മേഖലകളിലെ മുഖ്യധാര മാധ്യമങ്ങളെ നിയന്ത്രിക്കാൻ നിലവിൽ നിയമങ്ങൾ ഉണ്ട്. അതിനാൽ മുഖ്യധാര മാധ്യമങ്ങളെ നിയന്ത്രിക്കാൻ കൂടുതൽ മാർഗ്ഗരേഖ ആവശ്യം ഇല്ല എന്നും കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു.

ഇതിനിടെ, സിവിൽ സർവ്വീസ് പരിശീലത്തിന് സക്കാത്ത് ഫൗണ്ടേഷന്റെ ഫണ്ട് ലഭിച്ചത് കൊണ്ടാണ് യുപിഎസ്സി ജിഹാദ് എന്ന് പരിപാടിക്ക് തലക്കെട്ട് നൽകിയത് എന്ന് സുദർശൻ ടി വി സുപ്രീം കോടതിയെ സത്യവാങ്മൂലത്തിലൂടെ അറിയിച്ചു. സകാത്ത് ഫൗണ്ടേഷന് ഫണ്ട് നൽകിയവരിൽ ചിലർക്ക് ഭീകരവാദ സംഘടനകളുമായി ബന്ധമുണ്ട്. ഈ ഫണ്ട് ആണ് സിവിൽ സർവീസ് പരിശീലനത്തിനായി ഉപയോഗിക്കുന്നതെന്നും സുദർശൻ ടി വി എക്സിക്യുട്ടീവ് എഡിറ്റർ സുപ്രീം കോടതിയിൽ ഫയൽ ചെയ്ത സത്യവാങ്മൂലത്തിൽ അവകാശപ്പെട്ടു. സുദർശൻ ടിവിയിൽ സംപ്രേക്ഷണം ചെയ്യുന്ന ബിന്ദാസ് ബോൽ എന്ന ഷോ പ്രാഥമിക പരിശോധനയിൽ മുസ്ലിം സമുദായത്തിൽ പെട്ടവരെ അധിക്ഷേപിക്കുന്നതാണെന്ന് വിലയിരുത്തികൊണ്ട് സംപ്രേഷണം താത്കാലികമായി സുപ്രീം കോടതി വിലക്കിയിരുന്നു.

മുസ്ലിം സമുദായത്തിൽ പെട്ടവർ സിവിൽ സർവീസിലേക്ക് നുഴഞ്ഞു കയറുന്നു എന്ന് ആരെയും പറയാൻ അനുവദിക്കാൻസുപ്രീം കോടതിക്ക് കഴിയില്ല എന്ന് ജസ്റ്റിസ് മാരായ ഡി.വൈ. ചന്ദ്രചൂഡ്, ഇന്ദു മൽഹോത്ര, കെ.എം. ജോസഫ് എന്നിവർ അടങ്ങിയ ബെഞ്ച് കഴിഞ്ഞ തവണ ഹർജി പരിഗണിച്ചിരുന്നപ്പോൾ വ്യക്തമാക്കിയിരുന്നു. ജാമിയ മിലിയ സർവ്വകലാശാലയിലെ വിദ്യാർത്ഥികൾ സിവിൽ സർവ്വീസിൽ എത്തുന്നത് ഗൂഢാലോചന ആണെന്ന വാദം അടിസ്ഥാനരഹിതമാണ്.

മാധ്യമ സ്വാതന്ത്ര്യത്തിന്റെ പേരിൽ മാധ്യമങ്ങൾക്ക് എന്തും പറയാം എന്ന് കരുതരുത് എന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു. മറ്റ് പൗരന്മാർക്കുള്ള സ്വാതന്ത്ര്യം മാത്രമെ മാധ്യമ പ്രവർത്തകർക്കും ഉള്ളു. അമേരിക്കയിലേത് പോലെ മാധ്യമ പ്രവർത്തകർക്ക് പ്രത്യേക സ്വാതന്ത്ര്യം ഇവിടെ ഇല്ലെന്നും ബെഞ്ചിലെ അംഗം ആയ ജസ്റ്റിസ് കെ.എം. ജോസഫ് നിരീക്ഷിച്ചിരുന്നു.

Content Highlight: Supreme Court must regulate digital media: Central Government
Related News
Comments
© 2016 - 2020 Mathrubhumi Printing & Publishing Co Ltd.