News

Get the latest news here

ബെംഗളൂരു കലാപം; മുഖ്യഗൂഢാലോചനക്കാരനെ അറസ്റ്റ് ചെയ്തതായി എന്‍ഐഎ

ബെംഗളൂരു: ബെംഗളൂരു കലാപക്കേസിലെ മുഖ്യ ഗൂഢാലോചനക്കാരനെ എൻഐഎ കസ്റ്റഡിയിലെടുത്തു. സയിദ് സാദ്ദിഖ് അലിയെ ആണ് എൻഐഎ അറസ്റ്റ് ചെയ്തത്.കേസിൽ അന്വേഷണം ഏറ്റെടുത്ത എൻ.ഐ.എ.യുടെ ആദ്യത്തെ അറസ്റ്റാണിത്. അക്രമവുമായി ബന്ധപ്പെട്ട, തീവ്രവാദബന്ധമുള്ള കേസുകളിലാണ് എൻ.ഐ.എ. അന്വേഷിക്കുന്നത്. കെ.ജി. ഹള്ളി പോലീസ് സ്റ്റേഷൻ ആക്രമിച്ച കേസിലാണ് സയ്യിദ് സാദിഖ് അലിയെ അറസ്റ്റു ചെയ്തത്.

കേസുമായി ബന്ധപ്പെട്ട് 30 സ്ഥലങ്ങളിൽ അന്വേഷണസംഘം തിരച്ചിൽ നടത്തി. സംഭവസ്ഥലത്ത് നടത്തിയ തിരച്ചിലിൽ തോക്കുകളും മാരകായുധങ്ങളും പെല്ലറ്റുകളും ഇരുമ്പ് ദണ്ഡുകളും പോലീസ് കണ്ടെടുത്തിട്ടുണ്ട്.

ഓഗസ്ത് 11-നാണ് കിഴക്കൻ ബെംഗളൂരുവിൽ സംഘർഷം ഉണ്ടായത്. പുലികേശിനഗറിലെ കോൺഗ്രസ് എം.എൽ.എ. ആർ. അഖണ്ഡ ശ്രീനിവാസിന്റെ അടുത്ത ബന്ധുവായ പി നവീന്റെ വിദ്വേഷ ഫെയ്സ്ബുക്ക് പോസ്റ്റിനെ തുടർന്നാണ് സംഘർഷം ആരംഭിച്ചത്. മൂന്ന് പേർ സംഭവസ്ഥലത്ത് വെച്ച് മരണപ്പെട്ടു. നിരവധി കെട്ടിടങ്ങൾ തകർക്കപ്പെട്ടു. ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് ഉണ്ടായത്. സംഘർഷത്തിന്റെ ഭാഗമായി എംഎൽഎയുടെ വസതിയിലടക്കം അക്രമികൾ തീയിട്ടിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് 340 പേരെയാണ് ഇതുവരെ പോലീസ് അറസ്റ്റ് ചെയ്തത്.

അക്രമത്തിന് പിന്നിൽ എസ്ഡിപിഐ ആണെന്നാണ് ബിജെപി ആരോപിച്ചത്. അതേസമയം ആരോപണം എസ്ഡിപിഐ നിഷേധിച്ചു.


Related News
Comments
© 2016 - 2020 Mathrubhumi Printing & Publishing Co Ltd.