News

Get the latest news here

കൈച്ചെയിൻ തുമ്പായി; താനൂരിൽ പിടിയിലായത് വൻ മോഷണസംഘം



താനൂർ : മലപ്പുറം, കോഴിക്കോട് ജില്ലകളിൽ സ്ഥിരം മോഷണം നടത്തുന്ന സംഘത്തെ താനൂർ പോലീസ് പിടികൂടി. മീനടത്തൂരിലെ ഹാർഡ്‌വെയർ കടയിൽനിന്ന് മൂന്നുലക്ഷംരൂപ കവർന്നു പങ്കിട്ടെടുത്ത സംഘത്തെയാണ് താനൂർ പോലീസ് അറസ്റ്റ്ചെയ്തത്.എടപ്പാൾ കരിങ്കല്ലത്താണി പൂക്കത്തയിൽ ഷഫീഖ് (36), കൽപ്പകഞ്ചേരി കള്ളിയത്ത് ഫൈസൽ (42), നിറമരുതൂർ പിലാത്തോട്ടത്തിൽ യാക്കൂബ് (38), താനൂർ ശോഭപ്പറമ്പ് ചോരാപ്പറമ്പ് അഭിലാഷ് (36) എന്നിവരാണ് അറസ്റ്റിലായത്.ജൂലായിലാണ് മീനടത്തൂരിലെ ഹാർഡ്‌വെയർ വ്യപാരിയായ ഫൈസലിന്റെ കടയിൽനിന്ന് 3,18,000 രൂപ കവർന്നത്. ഈമാസം 22-ന് കരിങ്കപ്പാറയിലെ വ്യാപാരി അബ്ദുലത്തീഫിന്റെ പലചരക്കുകടയിലും സംഘം മോഷണം നടത്തി. 2500 രൂപയാണ് മോഷ്ടിച്ചത്. ഇവിടത്തെ കവർച്ച സി.സി.ടി.വി. കേന്ദ്രീകരിച്ച് അന്വേഷിക്കുന്നതിനിടെ പ്രതികളിലൊരാളായ യാക്കൂബ് ധരിച്ച കൈച്ചെയിൻ ശ്രദ്ധയിൽപ്പെടുകയും അന്വേഷണം വ്യാപിപ്പിക്കുകയുമായിരുന്നു. ഇതോടെയാണ് മറ്റുപ്രതികളെയും വലയിലാക്കാൻ കഴിഞ്ഞത്.ഇവർക്കെതിരേ താനൂരിലും മഞ്ചേരിയിലും കോഴിക്കോട് ടൗൺ സ്റ്റേഷനിലും കേസുകളുണ്ട്. ഇരുപത്തഞ്ചോളം മോഷണക്കേസുകൾ ഇവരുടെ പേരിലുണ്ടെന്നാണ് പോലീസ് പറയുന്നത്. സംഘം ഉപയോഗിച്ച വാഹനങ്ങളും ആയുധങ്ങളും പോലീസ് കസ്റ്റഡിയിലെടുത്തു. തിരൂർ ഡിവൈ.എസ്.പി കെ.എ. സുരേഷ്‌ബാബുവിന്റെ നിർദേശപ്രകാരം താനൂർ സി.ഐ പി. പ്രമോദ്, പോലീസ് ഉദ്യോഗസ്ഥരായ നവീൻഷാജ്, ഗിരീഷ്, സലേഷ്, വിമോഷ്, സബറുദ്ദീൻ, സി.വി. രാജേഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Related News
Comments
© 2016 - 2020 Mathrubhumi Printing & Publishing Co Ltd.