News

Get the latest news here

ബാബറി മസ്ജിദ് വിധി നാളെ; എല്‍.കെ. അദ്വാനിയും മുരളി മനോഹര്‍ ജോഷിയും കോടതിയിലെത്തില്ല

ന്യൂഡൽഹി: ബാബറി മസ്ജിദ് തകർത്ത കേസിൽ ഉത്തർപ്രദേശിലെ പ്രത്യേക സിബിഐ കോടതി നാളെ വിധി പ്രസ്താവിക്കും. കേസിലെ പ്രതികളും മുതിർന്ന ബിജെപി നേതാക്കളുമായഎൽ.കെ. അദ്വാനി, മുരളി മനോഹർ ജോഷി എന്നിവർ നാളെ കോടതിയിൽ വിധി കേൾക്കാനെത്തില്ല.

വിധി പറയുന്ന ദിവസം എല്ലാ പ്രതികളോടും ഹാജരാകാൻ കോടതി ആവശ്യപ്പെട്ടിരുന്നെങ്കിലും കോവിഡ് സാഹചര്യം കണക്കിലെത്ത് ഇത് സാധ്യമാകില്ല. 92 വയസുള്ള എൽ.കെ.അദ്വാനിയും, 86 വയസുള്ള മുരളി മനോഹർ ജോഷിയും ഹാജരാകുന്നതിൽ നിന്ന് ഇളവ് തേടിയിട്ടുണ്ട്. കോവിഡ് ബാധിച്ച ഉമ ഭാരതി നിലവിൽ ആശുപത്രിയിലാണ്.കല്യാൺ സിങ് അടുത്തിടെയാണ് കോവിഡ് മുക്തനായത്. കേസിലെ മറ്റൊരു പ്രധാന പ്രതി രാമക്ഷേത്ര ട്രസ്റ്റിന്റെ അധ്യക്ഷനായ മഹന്ത് നൃത്യ ഗോപാൽദാസാണ്.

1992 ഡിസംബർ ആറിന്ബാബറി മസ്ജിദ് തകർത്ത കേസിൽ 28 വർഷത്തിന് ശേഷമാണ് വിധി പറയുന്നത്. കുറ്റക്കാരിയാണെന്ന് വിധിച്ചാൽ ജാമ്യത്തിനായി കോടതിയെ സമീപിക്കില്ലെന്നാണ് ഉമാ ഭാരതി അടുത്തിടെ പറഞ്ഞത്.

സുപ്രീംകോടതിയുടെ നിർദേശത്തെ തുടർന്ന് 2017-ലാണ് കേസിൽ ദൈനംദിന വാദം കേൾക്കൽ തുടങ്ങിയത്. 2019-ൽ വിധി പ്രസ്താവിക്കേണ്ടതായിരുന്നെങ്കിലും പലകാരണങ്ങളാൽ വൈകുകയായിരുന്നു. പ്രത്യേക കോടതി ജഡ്ജി സുരേന്ദ്ര കുമാറാണ് വിധി പറയുക.

Content Highlights:BJPs LK Advani, MM Joshi Wont Be In Court For Babri Judgment Tomorrow
Related News
Comments
© 2016 - 2020 Mathrubhumi Printing & Publishing Co Ltd.