News

Get the latest news here

അച്ചടക്കത്തോടെ പന്തെറിഞ്ഞ് ഡല്‍ഹി ബൗളര്‍മാര്‍; ഹൈദരാബാദ് നാലിന് 162

അബുദാബി: ഐ.പി.എല്ലിൽ ഡൽഹി ക്യാപ്പിറ്റൽസിനെതിരേ 163 റൺസ് വിജയലക്ഷ്യമുയർത്തി സൺറൈസേഴ്സ് ഹൈദരാബാദ്.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് നിശ്ചിത 20 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 162 റൺസെടുത്തു.

ജോണി ബെയർസ്റ്റോ (53), ഡേവിഡ് വാർണർ (45), കെയ്ൻ വില്യംസൺ (41) എന്നിവരുടെ ഇന്നിങ്സുകളാണ് ഹൈദരാബാദിന് മാന്യമായ സ്കോർ സമ്മാനിച്ചത്.

പതിഞ്ഞ തുടക്കമായിരുന്നു ഹൈദരാബാദിന്റേത്. ക്യാപ്റ്റൻ ഡേവിഡ് വാർണറും ജോണി ബെയർസ്റ്റോയും ചേർന്ന ഓപ്പണിങ് സഖ്യം 9.3 ഓവറിൽ 77 റൺസ് ചേർത്ത ശേഷമാണ് പിരിഞ്ഞത്. 33 പന്തിൽ നിന്ന് രണ്ടു സിക്സും മൂന്നു ഫോറുമടക്കം 45 റൺസെടുത്ത വാർണറെ പുറത്താക്കി അമിത് മിശ്രയാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്.

തുടർന്ന് വന്ന മനീഷ് പാണ്ഡെയ്ക്ക് കഴിഞ്ഞ മത്സരങ്ങളിലെ മികവ് തുടരാനായില്ല. അഞ്ചു പന്തിൽ നിന്ന് മൂന്നു റൺസെടുത്ത പാണ്ഡെയെ മിശ്ര തന്നെ മടക്കി.

തുടർന്ന് വില്യംസണുമായി ചേർന്ന് ബെയർസ്റ്റോ സ്കോർ 144 വരെയെത്തിച്ചു. 48 പന്തിൽ ഒരു സിക്സും രണ്ടു ഫോറും മാത്രമടങ്ങിയ ഇന്നിങ്സായിരുന്നു ബെയർസ്റ്റോയുടേത്. 53 റൺസെടുത്താണ് താരം മടങ്ങിയത്. പിന്നീട് 24 പന്തിൽ നിന്ന് 41 റൺസെടുത്ത വില്യംസനാണ് ഡൽഹി സ്കോർ 150 കടത്തിയത്.

അരങ്ങേറ്റ മത്സരം കളിച്ച അബ്ദുൽ സമദ് ഏഴു പന്തിൽ ഓരോ ഫോറും സിക്സും സഹിതം 12 റൺസുമായി പുറത്താകാതെ നിന്നു.

മുൻ മത്സരങ്ങളിലെ പോലെ തന്നെ മികച്ച ബൗളിങ് പ്രകടനമാണ് ഡൽഹി കാഴ്ചവെച്ചത്. നാല് ഓവർ എറിഞ്ഞ റബാദ 21 റൺസ് മാത്രം വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തി. അമിത് മിശ്രയും രണ്ടു വിക്കറ്റെടുത്തു. നേരത്തെ ടോസ് നേടിയ ഡൽഹി ക്യാപ്പിറ്റൽസ് ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു.

മത്സരത്തിന്റെ തത്സമയ വിവരണം വായിക്കാം...



Content Highlights: IPL 2020 Confident Delhi Capitals takes on Sunrisers Hyderabad
Related News
Comments
© 2016 - 2020 Mathrubhumi Printing & Publishing Co Ltd.