News

Get the latest news here

എച്ച്.എ.എല്ലിന് ഇത് ചരിത്ര മുഹൂര്‍ത്തം; മുന്നൂറാം ഹെലികോപ്റ്റര്‍ പുറത്തിറക്കി

ബെംഗളൂരു: പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡിന് തദ്ദേശീയ ധ്രുവ് ഹെലികോപ്റ്റർ നിർമ്മാണത്തിൽ ചരിത്രമുഹൂർത്തം. 300-ാമത്തെ ഹെലികോപ്റ്റർ എച്ച്.എ.എൽ പുറത്തിറക്കി.

വിവിധോദ്ദേശ്യ ആധുനിക ഹെലികോപ്റ്ററാണ് എ.എൽ.എച്ച്. ധ്രുവ്. 1992 ഓഗസ്റ്റ് 30-നാണ് ഹെലികോപ്റ്ററിന്റെ ആദ്യ പ്രോട്ടോടൈപ്പ് നിർമ്മിച്ചത്. മികച്ച പ്രവർത്തന ശേഷിയും ലോകോത്തര നിലവാരവുമുള്ളതാണ് ധ്രുവ് ഹെലികോപ്റ്ററെന്ന് എച്ച്. എ. എൽ ചെയർമാൻ ആർ. മാധവൻ പറഞ്ഞു.ധ്രുവ് മാർക്ക് ഒന്ന് ശ്രേണിയിൽപ്പെട്ട ഹെലികോപ്റ്ററായിരുന്നു ആദ്യം നിർമ്മിച്ചിരുന്നത്. ഇപ്പോൾ ആധുനിക മാർക്ക്-നാല് ശ്രേണിയിൽപ്പെട്ട ധ്രുവാണ് പുറത്തിറക്കുന്നത്.

എച്ച്.എ.എൽ ഹെലികോപ്റ്റർ ഡിവിഷനിൽ നടന്ന ചടങ്ങിൽ എച്ച്.എ.എല്ലിന്റെ 300-ാമത്തെ ധ്രുവ് ഹെലികോപ്റ്റർ എയ്റോനോട്ടിക്കൽ ക്വാളിറ്റി അഷൂറൻസ് ഡയറക്ടർ ജനറൽ വൈ.കെ ശർമ്മയിൽ ഹെലികോപ്റ്റർ കോപ്ലക്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ജി.വി.എസ. ഭാസ്ക്കർ ഏറ്റുവാങ്ങി.

പ്രതിരോധ സേനയിൽ ഉപയോഗിക്കുന്ന ധ്രുവ് വിവിധ ദൗത്യങ്ങളിൽ കഴിവ് തെളിയിച്ചതാണ്. പ്രതിരോധ സേനക്കായി എച്ച്.എ.എൽ 73 എ.എൽ.എച്ച് ധ്രുവ് ഹെലികോപറ്ററാണ് നിർമ്മിക്കുന്നത്. ഇതിൽ 41 എണ്ണം കരസേനക്കും 16 എണ്ണം നാവികസേനക്കും വേണ്ടിയാണ്. കോസ്റ്റ്ഗാർഡിന് വേണ്ടിയുള്ളതാണ് 16 എണ്ണം. ഇതിൽ 38 എണ്ണത്തിന്റെ നിർമ്മാണം ഇതിനകം പൂർത്തിയായി. ബാക്കി 2022-ന് ഉള്ളിൽ പൂർത്തിയാക്കാനാണ് ലക്ഷ്യം.

എച്ച്.എ.എല്ലിന്റെ തദ്ദേശീയ ലഘുയുദ്ധ ഹെലികോപ്റ്ററായ എൽ.സി.എച്ചിന്റെ ഗ്രൗണ്ട് പരീക്ഷണവും നടന്നു. ചിഫ് ടെസ്റ്റ് പൈലറ്റ് റിട്ട ഗ്രൂപ്പ് ക്യാപ്റ്റൻ ഹരികൃഷ്ണൻ നായർ, റിട്ട. ഗ്രൂപ്പ് ക്യാപ്റ്റൻ സി. ജി. നരസിംഹ പ്രസാദ് എന്നിവരാണ് എൽ. സി. എച്ച്. പറത്തിയത്.
Related News
Comments
© 2016 - 2020 Mathrubhumi Printing & Publishing Co Ltd.