News

Get the latest news here

പ്രവർത്തനം അവസാനിപ്പിച്ച് ആംനസ്റ്റി; സന്നദ്ധപ്രവര്‍ത്തനം നിയമലംഘനത്തിന് ഉപാധിയാക്കരുതെന്ന് കേന്ദ്രം

ന്യൂഡൽഹി: ഇന്ത്യയിലെ പ്രവർത്തനങ്ങൾ അവസാനിപ്പിക്കുകയാണെന്ന ആംനസ്റ്റി ഇന്റർനാഷണലിന്റെ പ്രഖ്യാപനത്തോട് പ്രതികരിച്ച് കേന്ദ്രസർക്കാർ.രാജ്യത്തെ നിയമങ്ങൾ ലംഘിക്കുന്നതിനായി സന്നദ്ധപ്രവർത്തനങ്ങളെ ഒഴിവുകഴിവാക്കരുതെന്ന് സർക്കാർ വൃത്തങ്ങൾ പ്രതികരിച്ചു.മനുഷ്യാവകാശപ്രവർത്തനങ്ങളെക്കുറിച്ചുള്ള സംഘടനയുടെ വാദങ്ങൾ നിയമപരമല്ലാത്ത പ്രവർത്തനങ്ങളിൽ നിന്നും ശ്രദ്ധതിരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയംആരോപിച്ചു.

കഴിഞ്ഞ കുറച്ച് വർഷങ്ങളായി സംഘടനനടത്തിവരുന്ന നിയമവിരുദ്ധമായ പ്രവർത്തനങ്ങളെക്കുറിച്ചുള്ള അന്വേഷണത്തെ സ്വാധീനിക്കാനുള്ള ശ്രമംകൂടിയാണ് ആംനസ്റ്റിയുടെ പ്രസ്താവന. ആംനസ്റ്റിക്ക് ഇന്ത്യയിൽ പ്രവർത്തനങ്ങൾ തുടരാം. പലസംഘടനകളും ഇത്തരത്തിൽ ഇന്ത്യയിൽ പ്രവർത്തിക്കുന്നുണ്ട്. എന്നാൽ പ്രവർത്തനം രാജ്യത്തെ നിയമങ്ങൾക്കനുസൃതമായിരിക്കണം. നിയമം എല്ലാവർക്കും ഒരുപോലെ ബാധകമാണ്.

തീരുമാനം പ്രഖ്യാപിച്ചുകൊണ്ട് ആംനസ്റ്റി നടത്തിയ പ്രസ്താവനകൾ കാര്യങ്ങളെ പെരുപ്പിച്ച് അവതരിപ്പിക്കലാണ്. വസ്തുതകളിൽ നിന്നും ഏറെ വിഭിന്നമായ കാര്യമാണ് സംഘടന പറയുന്നതെന്നും ഇത് ദൗർഭാഗ്യകരമാണെന്നും ആഭ്യന്തരമന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

വിദേശവിനിമയം ചട്ടം ലംഘിച്ചുകൊണ്ട് വിദേശസാമ്പത്തിക സഹായം സ്വീകരിച്ചുവെന്നാണ് ആംനസ്റ്റി ഇന്റർനാഷണലിനെതിരെയുള്ള ആരോപണം. നിലവിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇതിൽ അന്വേഷണം നടത്തുകയാണ്. സെപ്തംബർ പത്തിന് സംഘടനയുടെ ഇന്ത്യയിലെ എല്ലാ ബാങ്ക് അക്കൗണ്ടുകളും മരവിപ്പിച്ചിരുന്നു.

തുടർന്നാണ് ഇന്ത്യയിലെ പ്രവർത്തനങ്ങൾ അവസാനിപ്പിക്കുന്നതായി ആംനസ്റ്റി പ്രഖ്യാപിച്ചത്. പ്രവർത്തനം മുന്നോട്ടുകൊണ്ടുപോവാൻ പറ്റാത്ത സ്ഥിതിയാണെന്നും സർക്കാർ ബോധപൂർവം ഇത്തരം സംഘടനകളെ വേട്ടയാടുന്നുവെന്നും ആംനസ്റ്റി പുറത്തിറക്കിയ പ്രസ്താവനയിൽ ആരോപിച്ചു. ഇന്ത്യയിലെ പ്രവർത്തനങ്ങൾ മുഴുവനായും അവസാനിപ്പിക്കുന്നുവെന്നും ജീവനക്കാരെ മുഴുവൻ പിരിച്ചുവിടുമെന്നും സംഘടന വ്യക്തമാക്കി.

Content Highlights:Glossy Statements About Humanitarian Work A Ploy Centre On Amnesty
Related News
Comments
© 2016 - 2020 Mathrubhumi Printing & Publishing Co Ltd.