News

Get the latest news here

സി.പി ജലീലിന്റെ മരണത്തിന് ആരും ഉത്തരവാദിയല്ല; മജിസ്റ്റീരിയല്‍ റിപ്പോര്‍ട്ട് പുറത്ത്

വയനാട്: ലക്കിടിയിലെ റിസോട്ടിൽ നടന്ന ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട മാവോയിസ്റ്റ് സി.പി ജലീലിന്റെ മരണത്തിന് ആരും ഉത്തരവാദികളല്ലെന്ന് മജിസ്റ്റീരിയൽ അന്വേഷണ റിപ്പോർട്ട്. സ്വയരക്ഷയ്ക്ക് വെടിയുതിർത്ത തണ്ടർബോൾട്ട് നടപടി കുറ്റകൃത്യമായി കാണാനാകില്ലെന്നും അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. മാതൃഭൂമി ന്യൂസാണ് അന്വേഷണ റിപ്പോർട്ടിലെ വിശദാംശങ്ങൾ ആദ്യം പുറത്തുവിട്ടത്.

വെടിയേറ്റ് വീണ ജലീലിന് വൈദ്യസഹായം നൽകാതിരുന്നതിനേയും മജിസിറ്റീരിയൽ റിപ്പോർട്ട് ന്യായീകരിക്കുന്നു. രക്ഷപ്പെട്ട മാവോയിസ്റ്റിന്റെ പ്രത്യാക്രമണം ഭയന്നാണ് വീണുകിടന്ന ജലീലിന് സമീപത്തേക്ക് പോകാൻ സാധിക്കാതിരുന്നതെന്നാണ് പോലീസിന്റെ വാദം. ഒരു മണിക്കൂറിലധികം കാത്തിരുന്നാണ് ജലീലിന്റെ അടുത്തേക്ക് പോകാൻ കഴിഞ്ഞതെന്നും പോലീസ് വിശദീകരിച്ചിരുന്നു. ഇത് പൂർണമായും അംഗീകരിക്കുന്നതാണ് മജിസ്റ്റീരിയൽ അന്വേഷണ റിപ്പോർട്ട്.

സംഭവ സമയത്ത് മറ്റൊരാളുടെ സാന്നിധ്യം ചൂണ്ടിക്കാട്ടി ജലീലിന്റെ സഹോദരൻ സി.പി റഷീദ് നൽകിയ തെളിവുകളിൽ വ്യക്തതയില്ലെന്നും അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. ഫോറൻസിക്, ബാലസ്റ്റിക് റിപ്പോർട്ടുകൾ ലഭിക്കാത്തതുകൊണ്ടാണ് ഈ തെളിവുകൾ പരിഗണിക്കാൻ കഴിയാത്തതെന്നാണ് കാരണമായി റിപ്പോർട്ടിൽ വിശദീകരിക്കുന്നത്.

തണ്ടർബോൾട്ടിന്റെ സാന്നിധ്യം മനസിലാക്കി രണ്ട് മാവോയിസ്റ്റുകളിൽ ഒരാൾ വെടിയുതിർത്തെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. എന്നാൽ രണ്ടു പേരിൽ ആരാണ് വെടിയുതിർത്തതെന്ന് റിപ്പോർട്ടിൽ ഇല്ല.

content highlights:magisterial enquiry report on maoist CP Jaleel death








Related News
Comments
© 2016 - 2020 Mathrubhumi Printing & Publishing Co Ltd.