News

Get the latest news here

പ്രധാനമന്ത്രി തൊഴില്‍ദാന പദ്ധതിയുടെ പേരില്‍ വന്‍വായ്പാ തട്ടിപ്പ്; പിരിച്ചെടുത്തത് കോടികള്‍

പത്തനംതിട്ട: പ്രധാനമന്ത്രി തൊഴിൽദാന പദ്ധതിയുടെ പേരിൽ സംസ്ഥാനത്ത് വൻവായ്പാ തട്ടിപ്പ്. വായ്പ തരപ്പെടുത്തുന്നതിനുള്ള പ്രാഥമിക നടപടി എന്ന പേരിൽ നൂറുകണക്കിനാളുകളുടെ കയ്യിൽനിന്ന് കോടിക്കണക്കിന് രൂപയാണ് പിരിച്ചത്. തെക്കൻ ജില്ലകളിൽനിന്നു മാത്രം നിരവധിപേർ വഞ്ചിതരായി.

ചെറുകിട സംരംഭങ്ങൾ തുടങ്ങാൻ 25ലക്ഷം രൂപ വരെ വായ്പ,തിരിച്ചടയ്ക്കേണ്ട തുകയിൽ 35 ശതമാനം വരെ സബ്സിഡി തുടങ്ങിയവ പ്രധാനമന്ത്രി തൊഴിൽദാന പദ്ധതിയുടെ പ്രത്യേകതകളാണ്. സാധാരണക്കാരെ പെട്ടെന്ന് ആകർഷിക്കുന്ന ഈ ഘടകങ്ങളാണ് തട്ടിപ്പിന് ഉപയോഗിച്ചത്. വായ്പ തരപ്പെടുത്താൻ പ്രാരംഭ പ്രവൃത്തികൾക്ക് 15,000 രൂപ മുതൽ 25,000 രൂപ വരെ പിരിച്ചു. 2019 ഓഗസ്റ്റിലായിരുന്നു തുടക്കം.

തങ്ങളുടെ പക്കൽനിന്ന് 15,500 രൂപ വാങ്ങിയിട്ടുണ്ടെന്നും രണ്ടുമാസം കഴിയുമ്പോൾ ലോൺ തരാമെന്ന് പറഞ്ഞാണ് വാങ്ങിയതെന്നും പണം നഷ്ടമായ പ്രസന്ന എന്ന വീട്ടമ്മ മാതൃഭൂമി ന്യൂസിനോടു പ്രതികരിച്ചു. രസീതുകൾ ഒന്നും തന്നിട്ടില്ല. ചോദിച്ചപ്പോൾ പത്തനംതിട്ടയിൽ ചെന്ന് കമ്പ്യൂട്ടറിൽ കയറ്റിയതിനു ശേഷം തരാമെന്ന് പറഞ്ഞെന്നും പ്രസന്ന കൂട്ടിച്ചേർത്തു.

ഖാദി ഗ്രാമ വ്യവസായ ബോർഡ് നോഡൽ ഏജൻസിയായി പ്രവർത്തിച്ചാണ് വായ്പ നൽകി വരുന്നത്. എന്നാൽ ബോർഡുമായോ ബാങ്കുകളുമായോ ബന്ധമില്ലാത്തവരാണ് ഏജന്റുമാർ മുഖേന ആളുകളെ കണ്ടെത്തി പണം പിരിച്ചെടുത്തത്.

പത്തനംതിട്ടയ്ക്കു പുറമേ തിരുവനന്തപുരം, കൊല്ലം, കോട്ടയം എന്നിവിടങ്ങളിലേക്കും നീണ്ട തട്ടിപ്പിന്റെ ആസൂത്രകർ പൂവാർ സ്വദേശികളായ രണ്ടുപേരാണ്.

വായ്പ ലഭ്യമാക്കി പുത്തൻ സംരംഭങ്ങളിലൂടെ കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കാനുള്ള കേന്ദ്രസർക്കാർ പദ്ധതിയുടെ പേരിലാണ് തട്ടിപ്പുണ്ടായത്. സ്ത്രീകളും കുറഞ്ഞ വരുമാനക്കാരുമാണ് തട്ടിപ്പിന് ഇരയായത്.പത്തനംതിട്ട ജില്ലയിൽ മാത്രം നാലുകോടിയുടെ സാമ്പത്തിക തട്ടിപ്പാണ് കണക്കാക്കുന്നത്.

content highlights:loan fraud in the name of pmegp
Related News
Comments
© 2016 - 2020 Mathrubhumi Printing & Publishing Co Ltd.