News

Get the latest news here

യുപി നിര്‍ഭയയുടെ കുടുംബാംഗങ്ങളെ കാണാന്‍ രാഹുലും പ്രിയങ്കയും പുറപ്പെട്ടു: തടയാന്‍ സാധ്യത

ന്യൂഡൽഹി: കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്കാഗാന്ധി വദ്രയും ഉത്തർപ്രദേശിലെ ഹത്രാസിൽ കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ഇരുപതുകാരിയുടെ കുടുംബാംഗങ്ങളെ ഇന്ന് സന്ദർശിക്കും. എന്നാൽ ജില്ലാഭരണകൂടം ഇരുവർക്കും പ്രവേശന വിലക്ക് ഏർപ്പെടുത്താനുളള സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകളുണ്ട്. യുവതിയുടെ മൃതദേഹം വീട്ടുകാരുടെ എതിർപ്പ് മറികടന്ന് സംസ്കരിച്ചതിനെതിരെ രാജവ്യാപകമായി പ്രതിഷേധം ആളിക്കത്തിയിരുന്നു. കുടുംബാംഗങ്ങളെ വീട്ടിനുളളിൽ പൂട്ടിയിട്ടാണ് പോലീസ് മൃതദേഹം സംസ്കരിച്ചത്.

സംഭവത്തിൽ രാഹുൽ ഗാന്ധിയും പ്രിയങ്കാഗാന്ധിയും ഉൾപ്പടെ നിരവധി രാഷ്ട്രീയ നേതാക്കളാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രാജിവെക്കണമെന്ന് പ്രിയങ്ക ആവശ്യപ്പെട്ടിരുന്നു.

ഡൽഹി സഫ്ദർജങ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ച യുവതിയുടെ മൃതദേഹം ബുധനാഴ്ച പുലർച്ചെ 2.45 ഓടെയാണ് സംസ്കരിച്ചത്. കനത്ത പോലീസ് വലയത്തിലാണ് യുവതിയുടെ മൃതദേഹം ഹത്രാസിൽ എത്തിച്ചത്. യുവതിയുടെ വീടിനു സമീപത്തു തന്നെ പോലീസ് ശവമഞ്ചം ഒരുക്കിയിരുന്നതായും മൃതദേഹം എത്രയും വേഗം സംസ്കരിക്കണമെന്ന് ആവശ്യപ്പെട്ടതായുമാണ് റിപ്പോർട്ടുകൾ. എന്നാൽ മൃതദേഹം ധൃതിയിൽ സംസ്കരിക്കില്ലെന്നും നീതി കിട്ടും വരെ കാത്തിരിക്കുമെന്നും കുടുംബാംഗങ്ങൾ നിലപാടെടുത്തതോടെയാണ് മൃതദേഹം പോലീസ് തന്നെ സംസ്കരിച്ചത്. ഹിന്ദുമത ആചാരക്രമം പാലിക്കുമെന്നും മൃതദേഹം രാത്രിയിൽ സംസ്കരിക്കില്ലെന്നും കുടുംബാംഗങ്ങൾ പറഞ്ഞിരുന്നു.

യുവതിയുടെ മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോകണമെന്ന് പലവട്ടം ആവശ്യപ്പെട്ടെങ്കിലും യു.പി. പോലീസ് അത് അനുവദിച്ചില്ല. മാധ്യമപ്രവർത്തകരെയും പ്രതിഷേധക്കാരെയും മനുഷ്യമതിൽ തീർത്ത് പോലീസ് മൃതദേഹം സംസ്കരിക്കുന്ന സ്ഥലത്തുനിന്ന് അകറ്റി നിർത്തി മൃതദേഹം ദഹിപ്പിക്കുകയായിരുന്നു.

ഈ മാസം പതിനാലിനാണ് യുവതി കൂട്ടബലാത്സംഗത്തിന് ഇരയായത്. അമ്മയ്ക്കൊപ്പം പുല്ല് മുറിക്കാൻ വയലിൽ പോയപ്പോൾ നാലുപേർ ചേർന്ന് ബലാത്സംഗം ചെയ്യുകയായിരുന്നു. ബലാത്സംഗം ചെറുക്കാൻ ശ്രമിച്ചതിന് കഴുത്തുഞെരിച്ചപ്പോൾ സ്വന്തം പല്ലിനിടയിൽക്കുടുങ്ങി യുവതിയുടെ നാവിൽ ഗുരുതരമായ മുറിവുണ്ടായിരുന്നു. ഇരുകാലും പൂർണമായും തളർന്നു. കൈകളുടെ ചലനശേഷി ഭാഗികമായി നഷ്ടപ്പെട്ടു. അലിഗഢ് ജെ.എൻ. മെഡിക്കൽ കോളേജ് ആശുപത്രി വെന്റിലേറ്ററിലായിരുന്ന യുവതിയെ തിങ്കളാഴ്ചയാണ് സഫ്ദർജങ്ങിലേക്കു മാറ്റിയത്.

Content Highlights:Rahul Gandhi and Priyanka Gandhi will meet Hathras victims family members today
Related News
Comments
© 2016 - 2020 Mathrubhumi Printing & Publishing Co Ltd.