News

Get the latest news here

ഇടക്കാല ഉത്തരവില്ല: ലൈഫില്‍ സിബിഐക്ക് അന്വേഷണം തുടരാമെന്ന് ഹൈക്കോടതി

കൊച്ചി: വടക്കാഞ്ചേരി ലൈഫ് മിഷൻ ഇടപാടിൽ സിബിഐക്ക് അന്വേഷണം തുടരാമെന്ന് ഹൈക്കോടതി. സിബിഐ അന്വേഷണം റദ്ദാക്കണമെന്ന ആവശ്യത്തിൽ കോടതി ഇടക്കാല ഉത്തരവിടാതിരുന്നത് സർക്കാരിന് തിരിച്ചടിയായി.

സർക്കാരിന് വേണ്ടി ലൈഫ് മിഷൻ സി.ഇ.ഒ ആണ് ഹർജി നൽകിയത്. സിബിഐ അന്വേഷണം റദ്ദാക്കാനോ ഇടക്കാല ഉത്തരവ് നൽകാനോ ജസ്റ്റിസ് വി.ജി അരുണിന്റെ ബഞ്ച് തയ്യാറായില്ല.വാദം തുടരാനായി കേസ് അടുത്ത വ്യാഴാഴ്ചത്തേക്ക് മാറ്റി.

വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട ആരോപണങ്ങൾ രാഷ്ട്രീയ പ്രേരിതമാണെന്നും ചട്ടവിരുദ്ധമല്ലെന്നും സർക്കാർ ഹൈക്കോടതിയിൽ വാദിച്ചു. ഫ്ലാറ്റ് നിർമിക്കുന്നതിന് ആവശ്യമായ സ്ഥലം കണ്ടെത്തി കൊടുക്കുക മാത്രമാണ് സർക്കാർ ചെയ്തതെന്നും പദ്ധതിയുമായി ബന്ധപ്പെട്ട് സർക്കാർ ഒരു പണമിടപാടും നടത്തിയിട്ടില്ലെന്നും സർക്കാർ ഹൈക്കോടതിയെ ബോധിപ്പിച്ചു.സർക്കാരിന് വേണ്ടി സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകനായ കെ വി വിശ്വനാഥനാണ് വീഡിയോ കോൺഫറൻസ് വഴി ഹാജരായത്.

കോൺഗ്രസ് നേതാവ് രാഷ്ട്രീയ വൈരാഗ്യം വെച്ച് നൽകിയ പരാതിയാണ്. പാവങ്ങൾക്ക് വീട് വെച്ച് നൽകാനുള്ള പദ്ധതിയാണ് ലൈഫ് മിഷൻ. പ്രളയദുരിതത്തെ തുടർന്ന് യു എ ഇ റെഡ്ക്രസന്റ് സഹായം നൽകുകയാണ് ചെയ്തത്. ലൈഫ്മിഷൻ പദ്ധതി വിദേശ സഹായത്തിന്റെ പരിധിയിൽ വരില്ലെന്നും സർക്കാർ കോടതിയിൽ വാദിച്ചു.

അതേസമയം ലൈഫിൽ അന്വേഷണം വേണമെന്നും അന്വേഷണം നടന്നാൽ മാത്രമേ ക്രമക്കേട് കണ്ടെത്താൻ കഴിയുവെന്നും സിബിഐ കോടതിയിൽ വാദിച്ചു. കേസിൽ പ്രതിയല്ലാത്ത ഒരാൾക്ക് എങ്ങനെയാണ് കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിക്കാൻ കഴിയുന്നതെന്നും സി ബി ഐ കോടതിയിൽ വാദം ഉയർത്തി.

Content Highlights: CBI Enquiry in life mission case
Related News
Comments
© 2016 - 2020 Mathrubhumi Printing & Publishing Co Ltd.