News

Get the latest news here

സമരം അവസാനിച്ചെന്ന പ്രതീതി കൊണ്ടാണ് പ്രതികരിച്ചത്; മുല്ലപ്പള്ളിക്ക് മറുപടിയുമായി കെ മുരളീധരന്‍

തിരുവനന്തപുരം: കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന് മറുപടിയുമായി കെ മുരളീധരൻ എംപി. സർക്കാരിനെതിരേയുള്ള യുഡിഎഫിന്റെ മുഴുവൻ സമരങ്ങളും അവസാനിച്ചെന്ന പ്രതീതിയുള്ളത് കൊണ്ടാണ് താൻ പ്രതികരിച്ചത്. പാർട്ടി പുനസംഘടനയുടെ കാര്യം തന്നോട് ആരും ആലോചിച്ചിട്ടില്ല. ഇനി വിഴുപ്പലക്കാനില്ലെന്നും മുരളീധരൻ വ്യക്തമാക്കി.

നിഴൽ യുദ്ധം നടത്തരുതെന്നും എല്ലാ എംപിമാരുടെയും പരാതികൾ പരിശോധിക്കുന്നുണ്ടെന്നുമുള്ള മുല്ലപ്പള്ളിയുടെ വിമർശനത്തിന് പിന്നാലെയാണ് മുരളീധരന്റെ പ്രതികരണം. മുരളീധരന്റെ ആരോപണങ്ങൾ ദൗർഭാഗ്യകരമാണെന്നും പ്രചാരണ സമിതി അധ്യക്ഷ സ്ഥാനം മുരളീധരൻ രാജിവച്ചത് അറിഞ്ഞത് മാധ്യമങ്ങളിലൂടെ മാത്രമാണെന്നും മുല്ലപ്പള്ളി വിമർശിച്ചിരുന്നു.

താൻ പ്രചാരണ സമിതി അധ്യക്ഷ സ്ഥാനം രാജിവച്ചത് പ്രശ്നമാക്കേണ്ട കാര്യമില്ല. എംപിമാരായതുകൊണ്ടാണ് ഞങ്ങൾ സ്ഥാനം ഒഴിഞ്ഞത്. ഒരാൾക്ക് ഒരു പദവി മതി. ഈ തീരുമാനത്തിൽ തന്നെയാണ് മുന്നോട്ടുപോകുന്നത്. ഗുണമില്ലാത്തത് കൊണ്ട് ഇനി പരാതി പറയില്ല. ആവശ്യപ്പെട്ടാൽ കെപിസിസി അധ്യക്ഷനെ പോയി കാണും. എം.പി സ്ഥാനം രാജിവെച്ച് സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരിച്ചുവരില്ല. നിയമസഭയിലേക്ക് മത്സരിക്കാൻ ധാരാളം സ്ഥാനാർഥികൾ ഇവിടെയുണ്ടെന്നും മുരളീധരൻ വ്യക്തമാക്കി.

മുല്ലപ്പള്ളിയുമായി നല്ല ബന്ധവും കടപ്പാടുമുണ്ട്. അദ്ദേഹവുമായുള്ള പ്രശ്നങ്ങൾ ഞങ്ങൾ തമ്മിൽ സംസാരിച്ചു തീർക്കാവുന്നതേയുള്ളു. മൂന്നാമന്റെ ആവശ്യമില്ല. പ്രസിഡന്റ് എന്ന നിലയിൽ അദ്ദേഹത്തിന്റെ ചില തീരുമാനങ്ങളോട് സ്വാഭാവികമായും ചിലപ്പോൾ വിയോജിപ്പുണ്ടാകും. ഇതൊന്നും തങ്ങൾ തമ്മിലുള്ള വ്യക്തി ബന്ധങ്ങൾക്ക് തടസ്സമല്ല. കരുണാകരന്റെ സഹായംകൊണ്ട് വന്നവർ കരുണാകരനോട് നന്ദികേട് കാണിച്ചതുപോലെ താൻ ഒരിക്കലും മുല്ലപ്പള്ളിയോട് കാണിക്കില്ലെന്നും മുരളീധരൻ വ്യക്തമാക്കി.

സർക്കാരിന് എതിരായ അനുകൂല സാഹചര്യം മുതലാക്കേണ്ടത് എല്ലാവരുടെയും ഉത്തരവാദിത്വമാണ്. എല്ലാ പ്രതികൂല സാഹചര്യങ്ങളെയും കണ്ടുകൊണ്ട് സ്ഥാനർഥി നിർണയം നടത്തിയാൽ നല്ല ഭൂരിപക്ഷത്തിൽ യുഡിഎഫ് ജയിക്കും. 2001 ആവർത്തും. ബിജെപി സിപിഎമ്മിന്റെ സഹയത്തോടുകൂടിയാണ് ആറ്, ഏഴ് സീറ്റുകൾ ലക്ഷ്യമിട്ടിട്ടുള്ളത്. തൂക്കുസഭയാണ് അവരുടെ ലക്ഷ്യം. അതിനെ നേരിടേണ്ട ചുമതല എല്ലാവർക്കുമുണ്ടെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.

content highlights:K Muraleedharan reply to Mullappally Ramachandran
Related News
Comments
© 2016 - 2020 Mathrubhumi Printing & Publishing Co Ltd.