News

Get the latest news here

തകര്‍പ്പന്‍ സെഞ്ചുറിയുമായി ധവാന്‍, അവസാന ഓവറില്‍ അക്ഷര്‍ മാജിക്; ചെന്നൈയെ തകര്‍ത്ത് ഡല്‍ഹി

ഷാർജ: ഐ.പി.എല്ലിൽ ശനിയാഴ്ച നടന്ന രണ്ടാമത്തെ മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്സിനെതിരേ ഡൽഹി ക്യാപ്പിറ്റൽസിന് അഞ്ചു വിക്കറ്റിന്റെ തകർപ്പൻ ജയം. ചെന്നൈ ഉയർത്തിയ 180 റൺസ് വിജയലക്ഷ്യം ഒരു പന്ത് ബാക്കിനിൽക്കെ ഡൽഹി മറികടന്നു.

സെഞ്ചുറിയുമായി തിളങ്ങിയ ശിഖർ ധവാനാണ് ഡൽഹി വിജയത്തിന്റെ നെടുംതൂൺ. ഐ.പി.എല്ലിലെ കന്നി സെഞ്ചുറി നേടിയ ധവാൻ 58 പന്തിൽ നിന്ന് 1 സിക്സും 14 ഫോറുമടക്കം 101 റൺസോടെ പുറത്താകാതെ നിന്നു.

അവസാന ഓവറിൽ ജയിക്കാൻ 17 റൺസ് വേണമെന്നിരിക്കെ രവീന്ദ്ര ജഡേജയെ മൂന്ന് തവണ അതിർത്തി കടത്തിയ അക്ഷർ പട്ടേലാണ് ഡൽഹിക്ക് ത്രസിപ്പിക്കുന്ന ജയം സമ്മാനിച്ചത്. വെറും അഞ്ചു പന്തിൽ നിന്ന് മൂന്നു സിക്സടക്കം അക്ഷർ പട്ടേൽ 21 റൺസുമായി പുറത്താകാതെ നിന്നു.

180 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് ബാറ്റിങ്ങിനിറങ്ങിയ ഡൽഹിക്ക് രണ്ടാം പന്തിൽ തന്നെ ഓപ്പണർ പൃഥ്വി ഷായെ (0) നഷ്ടമായി. ദീപക് ചാഹറാണ് ഷായെ പുറത്താക്കിയത്. സ്കോർ 26-ൽ എത്തിയപ്പോൾ എട്ടു റൺസുമായി രഹാനെയും മടങ്ങി.

തുടർന്ന് മൂന്നാം വിക്കറ്റിൽ ഒത്തുചേർന്ന ശിഖർ ധവാൻ - ക്യാപ്റ്റൻ ശ്രേയസ് അയ്യർ സഖ്യമാണ് ഡൽഹി ഇന്നിങ്സിനെ താങ്ങിനിർത്തിയത്. 68 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കിയ ശേഷമാണ് ഈ സഖ്യം പിരിഞ്ഞത്.

23 പന്തിൽ 23 റൺസെടുത്ത ശ്രേയസിനെ ബ്രാവോയാണ് പുറത്താക്കിയത്. തുടർന്ന് ക്രീസിലെത്തിയ മാർക്കസ് സ്റ്റോയ്നിസ് 14 പന്തിൽ നിന്ന് രണ്ടു സിക്സും ഒരു ഫോറുമടക്കം 24 റൺസെടുത്ത് ധവാന് ഉറച്ച പിന്തുണ നൽകി.

ചെന്നൈക്കായി നാല് ഓവർ എറിഞ്ഞ ദീപക് ചാഹർ 18 റൺസ് മാത്രം വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തി.

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ചെന്നൈ 20 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 179 റൺസെടുത്തിരുന്നു. മത്സരത്തിന്റെ മൂന്നാം പന്തിൽ തന്നെ ഓപ്പണർ സാം കറനെ (0) നഷ്ടമായ ശേഷം ക്രീസിൽ ഒന്നിച്ച ഫാഫ് ഡുപ്ലെസി - ഷെയ്ൻ വാട്ട്സൺ സഖ്യവും ഇന്നിങ്സിന്റെ അവസാനം തകർത്തടിച്ച അമ്പാട്ടി റായുഡു - രവീന്ദ്ര ജഡേജ സഖ്യവുമാണ് ചെന്നൈ ഇന്നിങ്സിന്റെ നട്ടെല്ല്.

രണ്ടാം വിക്കറ്റിൽ 87 റൺസാണ് ഡുപ്ലെസി - വാട്ട്സൺ സഖ്യം കൂട്ടിച്ചേർത്തത്. 28 പന്തിൽ ആറ് ബൗണ്ടറികളോടെ 36 റൺസെടുത്ത വാട്ട്സണെ പുറത്താക്കി നോർക്യയാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്.

അർധ സെഞ്ചുറി നേടിയ ഫാഫ് ഡുപ്ലെസി 47 പന്തിൽ നിന്ന് രണ്ട് സിക്സും ആറ് ഫോറുമടക്കം 58 റൺസെടുത്തു. ഡുപ്ലെസിയെ പുറത്താക്കിയ കഗിസോ റബാദ ഐ.പി.എല്ലിൽ ഏറ്റവും വേഗത്തിൽ 50 വിക്കറ്റ് നേട്ടം സ്വന്തമാക്കുന്ന ബൗളറായി. 27 മത്സരങ്ങളിൽ നിന്നാണ് റബാദയുടെ നേട്ടം.

ഡുപ്ലെസി പുറത്തായ ശേഷം തകർത്തടിച്ച അമ്പാട്ടി റായുഡുവാണ് ചെന്നൈ സ്കോർ 150 കടത്തിയത്. 25 പന്തുകൾ നേരിട്ട റായുഡു നാലു സിക്സും ഒരു ഫോറുമടക്കം 45 റൺസോടെ പുറത്താകാതെ നിന്നു.

ജഡേജ 13 പന്തുകളിൽ നിന്ന് നാല് സിക്സറുകളടക്കം 33 റൺസെടുത്തു. ധോനി മൂന്ന് റൺസെടുത്ത് പുറത്തായി. അഞ്ചാം വിക്കറ്റിൽ റായുഡു - ജഡേജ സഖ്യം 50 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി.

ഡൽഹിക്കായി നോർക്യ രണ്ടു വിക്കറ്റ് വീഴ്ത്തി. തുഷാർ, റബാദ എന്നിവർ ഓരോ വിക്കറ്റ് സ്വന്തമാക്കി.

മത്സരത്തിന്റെ തത്സമയ വിവരണം വായിക്കാം...





Content Highlights: IPL 2020 Chennai Super Kings against Delhi Capitals
Related News
Comments
© 2016 - 2020 Mathrubhumi Printing & Publishing Co Ltd.