News

Get the latest news here

ബൈഡനെതിരായ ന്യൂയോര്‍ക്ക് പോസ്റ്റ് ലേഖനത്തിനേര്‍പ്പെടുത്തിയ നിയന്ത്രണം ട്വിറ്റര്‍ നീക്കി

സാൻഫ്രാൻസിസ്കോ: യുഎസ് പ്രസിഡന്റ് സ്ഥാനാർഥി ജോ ബൈഡനെതിരായ ന്യൂയോർക്ക് പോസ്റ്റ്ലേഖനം പ്രചരിക്കുന്നതിന് ഏർപ്പെടുത്തിയ നിയന്ത്രണം ട്വിറ്റർ നീക്കി. ഉപയോക്താക്കൾക്ക് ജോ ബൈഡനെയും മകനെയും വിമർശിച്ചുകൊണ്ടുള്ള ഈ ലേഖനം ട്വിറ്ററിൽ പങ്കുവെക്കാൻ സാധിക്കും.

ബൈഡന്റെ മകൻ ഹണ്ടർ ബൈഡനും ഒരു ഉക്രേനിയൻ കമ്പനിയും തമ്മിലുള്ള അവിശുദ്ധബന്ധം ആരോപിച്ചുകൊണ്ടുള്ള ലേഖനത്തിനൊപ്പം അതുമായി ബന്ധപ്പെട്ട ചില ഇമെയിൽ സന്ദേശങ്ങളും പുറത്തുവിട്ടിരുന്നു. എന്നാൽ ഹാക്ക് ചെയ്ത സ്വകാര്യ വിവരങ്ങൾ അടങ്ങുന്ന ഉള്ളടക്കങ്ങൾ പങ്കുവെക്കുവാൻ പാടില്ലെന്ന കമ്പനി ചട്ടം ചൂണ്ടിക്കാട്ടിയാണ് ട്വിറ്റർ ലേഖനം ബ്ലോക്ക് ചെയ്തത്. ഇതിൽ പുറത്തുവിട്ട ഇമെയിലുകളുടെ ചിത്രങ്ങളും ബ്ലോക്ക് ചെയ്തിരുന്നു.

ഉപയോക്താക്കളും പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഇതിനെതിരെ രംഗത്തുവന്നതോടെ ട്വിറ്റർ വലിയ രാഷ്ട്രീയ വിമർശനങ്ങൾ നേരിടേണ്ടി വന്നു. ഈ സാഹചര്യത്തിലാണ് ലേഖനം ഷെയർ ചെയ്യുന്നതിന് അനുമതി നൽകിയത്.

2018 ൽ ട്വിറ്റർ കൊണ്ടുവന്ന ഹാക്ക്ഡ് മെറ്റീരിയൽസ് പോളിസി അടിസ്ഥാനമാക്കിയാണ് ബൈഡനെതിരായ ലേഖനങ്ങളും ഇമെയിലുകളും പ്രചരിക്കുന്നത് ട്വിറ്റർ വിലക്കിയത്. എന്നാൽ ഇത് മാധ്യമപ്രവർത്തകരെയും വിവരങ്ങൾ പുറത്തുവിടുന്ന മറ്റുള്ളവരേയും ബാധിക്കുമെന്ന് ട്വിറ്റർ നിരീക്ഷിച്ചു. ഈ സാഹചര്യത്തിലാണ് നയത്തിൽ മാറ്റം വരുത്താൻ ട്വിറ്റർ തയ്യാറായത്.

വിശദീകരണമില്ലാതെ ലേഖനത്തിന്റെ യൂആർഎൽ ബ്ലോക്ക് ചെയ്തത് ശരിയായില്ലെന്ന് ട്വിറ്റർ മേധാവി ജാക്ക് ഡോർസി സമ്മതിച്ചിരുന്നു. പിന്നാലെ വെള്ളിയാഴ്ച നയം തിരുത്തി ലേഖനം ട്വിറ്ററിൽ അനുവദിച്ചു.

ഫെയ്സ്ബുക്കും ഈ ലേഖനത്തിന്റെ പ്രചരണത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ലേഖനത്തിൽ സ്ഥിരീകരിക്കാത്ത വിവരങ്ങളാണ് ഉള്ളതെന്ന് ചൂണ്ടിക്കാട്ടിയാണ് നിയന്ത്രിച്ചത്. എന്നാൽ വസ്തുതാ പരിശോധകർ പരിശോധിച്ച ശേഷം നിയന്ത്രണം നീക്കിയേക്കും.

Content Highlights:Twitter finally allows users to share NY Post story about Bidens
Related News
Comments
© 2016 - 2020 Mathrubhumi Printing & Publishing Co Ltd.