News

Get the latest news here

ശിവശങ്കറിന്റെ അറസ്റ്റ് മുൻനിർത്തി കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നിഴൽ യുദ്ധം



തിരുവനന്തപുരം: സ്വർണക്കടത്ത് കേസ് അതിന്റെ ക്ലൈമാക്‌സിലേക്ക് എത്തിയതോടെ അവസാന രംഗങ്ങളിൽ രാഷ്ട്രീയ ‘സംഘട്ടനവും’ തുടങ്ങി. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിന്റെ അറസ്റ്റ് മുൻനിർത്തി കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നിഴൽയുദ്ധത്തിലാണ്. ശിവശങ്കറെ അറസ്റ്റുചെയ്ത് അന്വേഷണം ഏറ്റവും മുകൾത്തട്ടിലേക്ക് എത്തിക്കുകയെന്ന സ്ഥിതിയിലേക്ക് കേന്ദ്ര ഏജൻസികൾ നീങ്ങി. സംസ്ഥാന സർക്കാരാകട്ടെ ഇതിന്റെ അപകടം തിരിച്ചറിഞ്ഞ് ശിവശങ്കറെ അറസ്റ്റിന് വിട്ടുനൽകില്ലെന്ന നിലപാടിലാണ്.വെള്ളിയാഴ്ച രാവിലെ കേന്ദ്രമന്ത്രി വി. മുരളീധരൻ ബി.ജെ.പി. വക്താവ് സാംബിത് പത്രയ്ക്കൊപ്പം പാർട്ടി ആസ്ഥാനത്ത് നടത്തിയ പത്രസമ്മേളനം ദിശാമാറ്റത്തിന്റെ വ്യക്തമായ സൂചനയായിരുന്നു. ശിവശങ്കറിന് മുകളിലേക്കും അന്വേഷണം പോകുമെന്നും മുഖ്യമന്ത്രി രാജിവെക്കണമെന്നും ആവശ്യപ്പെട്ടത് ബി.ജെ.പി. ഇത് ദേശീയ വിഷയമാക്കുമെന്നതിന്റെ ആദ്യപടിയായിരുന്നു.ശനിയും ഞായറും കോടതിക്ക് അവധിയാണെന്നിരിക്കെ വെള്ളിയാഴ്ച വൈകീട്ട് അഞ്ചുമണിക്കുശേഷം കസ്റ്റംസ് ഉദ്യോസ്ഥരെത്തിയതും അവരുടെ വാഹനത്തിൽ ശിവശങ്കറെ കൂട്ടി ചോദ്യംചെയ്യലിന് കൊണ്ടുപോയതും അറസ്റ്റ് ഉദ്ദേശിച്ചായിരുന്നു. ചോദ്യം ചെയ്യലിന് എത്താനുള്ള നോട്ടീസ് ലഭിച്ചാലേ മുൻകൂർ ജാമ്യഹർജി പരിഗണിക്കൂ. ഇതിന് അവസരം നൽകാതിരിക്കാനാണ് വൈകീട്ട് അഞ്ചുമണിക്കുശേഷം ഉദ്യോഗസ്ഥരെത്തിയത്. ശിവശങ്കറിനൊപ്പമുള്ള വിദേശയാത്രയിൽ സ്വപ്ന ഡോളർ അങ്ങോട്ടേക്ക് കടത്തിയിട്ടുണ്ടെന്ന അവരുടെ മൊഴിയാണ് പുതിയ കേസിലേക്ക് നയിച്ചത്. ഈ യാത്രകൾക്ക് ആരുടെയെങ്കിലും അനുവാദമുണ്ടോയെന്നും ഉണ്ടെങ്കിൽ അവയുടെ രേഖ ഹാജരാക്കണമെന്നും കസ്റ്റംസ് ആവശ്യപ്പെട്ടു. ഈ ഘട്ടം മുതലാണ് കേസിന്റെ ഗതിമാറിയത്. യാത്രകൾക്ക് സർക്കാരിൽനിന്ന് അനുമതിയുണ്ടെങ്കിൽ അത് നൽകിയവരുടെ മൊഴിയെടുക്കാമെന്ന സ്ഥിതിയുണ്ട്. ശിവശങ്കറിന്റെ അറസ്റ്റുണ്ടായാൽ സംസ്ഥാന സർക്കാരിന് അത് വലിയ പ്രതിസന്ധിയാകും. തത്കാലം കസ്റ്റംസിന് വിട്ടുകൊടുക്കേണ്ടെന്ന നിലപാടിലാണ് മെഡിക്കൽ കോളേജിലേക്ക് സർക്കാർ അദ്ദേഹത്തെ മാറ്റിയത്. പരിശോധനകൾക്കും മറ്റുമായി കിട്ടുന്ന സമയത്തിനുള്ളിൽ മുൻകൂർ ജാമ്യത്തിന് ശ്രമിക്കാനാകും. അന്വേഷണം ശരിയായ ദിശയിലാണ് പോകുന്നതെന്ന സാക്ഷ്യം മുഖ്യമന്ത്രി ഇനി നൽകാനിടയില്ല. സംസ്ഥാനം ആവശ്യപ്പെട്ട പ്രകാരമാണ് അന്വേഷണം എന്ന് പറയുകയും എന്നാൽ, സി.ബി.ഐ. അന്വേഷണത്തിനെതിരേ കോടതിയിൽ പോകുകയുമാണ് സംസ്ഥാന സർക്കാർ ചെയ്തതെന്ന് കേന്ദ്രം കുറ്റപ്പെടുത്തുന്നു. ലൈഫ് മിഷൻ കേസ് സി.ബി.ഐ. ഏറ്റെടുത്തതോടെ സി.പി.എം. അന്വേഷണത്തിനെതിരേ രംഗത്തുവന്നിരുന്നു.

Related News
Comments
© 2016 - 2020 Mathrubhumi Printing & Publishing Co Ltd.