News

Get the latest news here

രാഹുല്‍ ഗാന്ധിയെ കണ്ടു, ആമിനയുടെ ആഗ്രഹം സഫലമായി

ആമിനയുടെ ആ വലിയ ആഗ്രഹം നടന്നു. നീറ്റ് പരീക്ഷയിലെ റാങ്കുകാരിയോട് എന്താണ് ഏറ്റവും വലിയ ആഗ്രഹമെന്ന് ചോദിച്ചപ്പോൾ രാഹുൽ ഗാന്ധിയെ കാണണം എന്നായിരുന്നു മറുപടി. സ്വന്തം മണ്ഡലമായ വയനാട്ടിൽ 3 ദിവസത്തെ സന്ദർശനത്തിനെത്തിയ രാഹുൽ ആമിനയെ കൽപ്പറ്റ റസ്റ്റ് ഹൗസിൽവെച്ച് കണ്ടു. പ്രതിസന്ധികളിൽ പതറാതെ, വെല്ലുവിളികളെ പുഞ്ചിരിയോടെ നേരിട്ട ആമിനയെ ചേർത്തു പിടിച്ച് അഭിനന്ദിച്ചു രാഹുൽ. തുടർ പഠനത്തിനുള്ള എല്ലാ സഹായവും ഉറപ്പു നൽകി. ഇടതുകൈ പാതിമാത്രം ഉള്ള ആമിന ഇക്കഴിഞ്ഞ നീറ്റ് പരീക്ഷയിൽ നേടിയത് 1916 ാം റാങ്കാണ്. പരിശീലന ക്ലാസ്സിന് പോകാനുള്ള സാമ്പത്തിക ചുറ്റുപാടുണ്ടായിരുന്നില്ല ഈ പെൺകുട്ടിക്ക്.

ഡോക്ടറാകണമെന്നത് ആമിനയുടെ കുട്ടിക്കാലം മുതലേയുള്ള ആഗ്രഹമാണ്. എന്നാൽ ശാരീരിക ബുദ്ധിമുട്ടുകളുള്ളവർക്ക് ഡോക്ടറാകുന്നതിൽ വലിയ കടമ്പകൾ ഉണ്ടെന്ന് മനസ്സിലാക്കിയ ആമിന തന്റെ ദുഖം രാഹുൽ ഗാന്ധിയുമായി പങ്കുവെച്ചു. ശാരീരിക പരിമിതി ഉള്ളവരെ കൂടി പരിഗണിക്കുന്ന രീതിയിൽ നമ്മുടെ ആരോഗ്യ വിദ്യാഭ്യാസ രംഗത്തെ നിയമങ്ങൾ പരിഷ്കരിക്കേണ്ടതുണ്ടെന്ന് രാഹുൽ ആമിനയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം ട്വീറ്റ് ചെയ്തു. ഇന്ത്യയുടെ ആരോഗ്യ സേവന രംഗത്ത് ആമിനയെപോലുള്ളവർ ഡോക്ടർമാരായി എത്തുന്നത് സ്വാഗതം ചെയ്യണമെന്നും രാഹുൽ കുറിച്ചു.

ആമിനയുടെ പിതാവ് പ്രവാസിയായിരുന്നു. വൃക്ക രോഗത്തെ തുടർന്ന് ചികിത്സയിലാണ് ഇപ്പോൾ. അതോടെ കുടുംബം നോക്കാനായി ഉമ്മ ജാസ്മിൻ പ്രവാസിയായി. ഉപ്പയ്ക്ക് ഭക്ഷണം നൽകുന്നതും, പ്രാഥമികാവശ്യങ്ങൾ നിർവ്വഹിക്കാൻ സഹായിക്കുന്നതും, വേദനകൊണ്ട് പുളയുന്ന സമയത്ത് ആശ്വാസവുമായി കൂട്ടിരിക്കുന്നതും ആമിനയാണ്. ഇതിനിടയിലുള്ള സമയത്ത് പഠിച്ചാണ് ഇടതുകൈ പാതി മാത്രമുള്ള ഒരു കുട്ടി ഉന്നത വിജയം നേടിയിരിക്കുന്നത്.

കൊവിഡ് കാലത്ത് ഉണ്ടായിരുന്ന ചെറു ജോലി നഷ്ടമായി കഷ്ടത്തിലായിരുന്നു ജാസ്മിൻ. ആമിനയുടെ റാങ്കും ഉമ്മയുടെ കഷ്ടപ്പാടും ക്ലബ്ബ് എഫ്എം യുഎഇയിലൂടെ കേട്ടറിഞ്ഞ നല്ലവരുടെ സ്നേഹത്തിൽ ജാസ്മിന് മെച്ചപ്പെട്ടൊരു ജോലി ലഭിച്ചു. മകളെയും ഇളയ മകനെയും പഠിപ്പിക്കണം, ഭർത്താവിന് നല്ല ചികിത്സ നൽകണം, ജാസ്മിന്റെ ലക്ഷ്യം ഇതുമാത്രമാണ്.

നീറ്റ് പരീക്ഷയിലെ റാങ്കുകാരിയെ രാഹുൽ ഗാന്ധി കാണും
Related News
Comments
© 2016 - 2020 Mathrubhumi Printing & Publishing Co Ltd.