News

Get the latest news here

മോദിയും രാഹുലും നാളെ ബിഹാറില്‍; തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ചൂടേറും

പാട്ന: ബിഹാർ തിരഞ്ഞെടുപ്പിന്റെ ഭാഗമായി എൻ.ഡി.എയ്ക്ക് വേണ്ടി പ്രധാനമന്ത്രി മോദി നടത്തുന്ന തിരഞ്ഞെടുപ്പ് പ്രചാരണം വെള്ളിയാഴ്ച ആരംഭിക്കും. റോഹ്തസ്, ഗയ, ഭഗൽപുർ എന്നിവിടങ്ങളിലെ റാലികളെ പ്രധാനമന്ത്രി നാളെ അഭിസംബോധന ചെയ്യും.

മഹാസഖ്യത്തിനു വേണ്ടി രാഹുൽ ഗാന്ധിയും നാളെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തുന്നുണ്ട്. നവാഡയിലെ ഹിസ്വ, ഭഗൽപുരിലെ കഹൽഗാവ് എന്നിവിടങ്ങളിലെ പ്രചരണങ്ങളിലാവും രാഹുൽ പങ്കെടുക്കുക.

ഒക്ടോബർ 28നാണ് ബിഹാറിൽ ആദ്യഘട്ട വോട്ടെടുപ്പ് നടക്കുക. കോവിഡ് പ്രോട്ടോക്കോൾ പാലിച്ചുകൊണ്ട് സംസ്ഥാനത്തെങ്ങും തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾ കൊഴുക്കുകയാണ്. ദേശീയ നേതാക്കൾ കൂടി പ്രചാരണ രംഗത്തെത്തുന്നതോടെ തിരഞ്ഞെടുപ്പങ്കത്തിനും ചൂടേറും.

എല്ലാ പ്രമുഖ പാർട്ടികളും ഇതിനോടകം തന്നെ തിരഞ്ഞെടുപ്പ് പത്രിക പുറത്തിറക്കിയിട്ടുണ്ട്. ലക്ഷക്കണക്കിന് തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതടക്കം വാഗ്ദാന പെരുമഴയാണ് മുന്നണികൾ പ്രഖ്യാപിച്ചിരിക്കുന്നത്.

10 ലക്ഷം പേർക്ക് തൊഴിൽ നൽകുമെന്നാണ് ആർ.ജെ.ഡി. പ്രഖ്യാപിച്ചത്. അതേസമയം 19 ലക്ഷം പേർക്ക് തൊഴിൽ നൽകുമെന്നായിരുന്നു ജെ.ഡി.യു. സഖ്യകക്ഷിയായ ബി.ജെ.പിയുടെ പ്രഖ്യാപനം. സംസ്ഥാനത്തെ ജനങ്ങൾക്ക് കോവിഡ് വാക്സിൻ സൗജന്യമായി വിതരണം ചെയ്യുമെന്നും ബി.ജെ.പി. പ്രഖ്യാപിച്ചിട്ടുണ്ട്. തൊഴിലന്വേഷകർക്ക് സഹായവുമായി ജോബ് പോർട്ടൽ നിർമിക്കുമെന്നാണ് എൽ.ജെ.പിയുടെ പ്രഖ്യാപനം. തൊഴിൽ രഹിതർക്ക് വേതനം നൽകുമെന്നും തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും കോൺഗ്രസും പ്രഖ്യാപിച്ചിട്ടുണ്ട്.

Content Highlights:Poll temperature set to rise further with Modi, Rahul campaigning tomorrow
Related News
Comments
© 2016 - 2020 Mathrubhumi Printing & Publishing Co Ltd.