News

Get the latest news here

കോഴിക്കോട് കണ്ണഞ്ചേരിയില്‍ കെട്ടിടം തകര്‍ന്നുവീണു; ഒരു മരണം

കോഴിക്കോട്: കണ്ണഞ്ചേരിയിൽ ഇരുനില കെട്ടിടം തകർന്നു വീണ് ഒരാൾ മരിച്ചു. രാത്രി 8.15 ഓടെയാണ് ഓടു മേഞ്ഞ ഏതാണ്ട് അമ്പത് വർഷം പഴക്കമുള്ള കണ്ണഞ്ചേരി സ്കൂളിനു സമീപത്തെ കെട്ടിടം പൊടുന്നനെ തകർന്നത്. കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങി ഗുരുതരമായി പരിക്കേറ്റ കണ്ണഞ്ചേരി നടുവീട്ടിൽ രാമചന്ദ്രനാ(64)ണ് മരിച്ചത്.

രക്ഷാപ്രവർത്തകർ പുറത്തെടുത്ത് കോഴിക്കോട് ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ദീപാ ഫാൻസി എന്ന സ്ഥാപനത്തിന്റെ ഉടമയാണ്. ഇദ്ദേഹത്തിന്റെ ഗോഡൗൺ ഈ കെട്ടിടത്തിലാണ്. കടയടച്ചശേഷം കടയ്ക്ക് മുന്നിൽ നിൽക്കുകയായിരുന്നു രാമചന്ദ്രൻ എന്നാണ് വിവരം. ഫയർഫോഴ്സും പോലീസും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.

കെട്ടിടത്തിന്റെ സ്ലാബിനടിയിൽ കുടുങ്ങിയ രാമചന്ദ്രനെ ജെ.സി.ബി. ഉപയോഗിച്ച് സ്ലാബ് പൊളിച്ചു നീക്കിയാണ് പുറത്തെടു ത്തത്. ജില്ലാ കലക്ടർ എസ്. സാംബശിവറാവു, കൗൺസിലർ നമ്പിടി നാരായണൻ, ബി.ജെ.പി. സൗത്ത് മണ്ഡലം കമ്മറ്റി പ്രസിഡന്റ് സി.പി. വിജയകൃഷ്ണൻ തുടങ്ങിയവർ സ്ഥലത്തെത്തി.

കണ്ണഞ്ചേരി നടുവീട്ടിൽ പരേതരായ വേലായുധന്റെയും സാവിത്രിയുടെയും മകനാണ് മരിച്ച രാമചന്ദ്രൻ. അവിവാഹിതനാണ്. സഹോദരങ്ങൾ: എൻ.വി. മണി, സദാശിവൻ, ഗോപാലകൃഷ്ണൻ, മീന, പുഷ്പലത.

content highlights: Building collapses in Kozhikode
Related News
Comments
© 2016 - 2020 Mathrubhumi Printing & Publishing Co Ltd.