News

Get the latest news here

ഫെയ്‌സ്ബുക്ക് പോളിസി മേധാവി അംഖിദാസ് പാര്‍ലമെന്ററി സമിതിയ്ക്ക് മുന്നില്‍ ഹാജരായി

ന്യൂഡൽഹി: ഫെയ്സ്ബുക്ക് പോളിസി മേധാവിഅംഖിദാസ് പാർലമെന്ററി പാനലിന് മുന്നിൽ ഹാജരായി. രണ്ട് മണിക്കൂർ നേരം പാനൽ അംഖിദാസിനോട് സംസാരിച്ചു. ബിജെപിയ്ക്ക് അനുകൂലമായി പക്ഷപാതിത്വം കാണിക്കാൻ ഫെയ്സ്ബുക്കിൽ ഇടപെടൽ നടത്തിയെന്ന ആരോപണം നേരിടുന്നയാളാണ് അംഖിദാസ്. എന്നാൽ വിവര സുരക്ഷാ നിയമവുമായി ബന്ധപ്പെട്ട അഭിപ്രായങ്ങളാണ് പാനൽ ചോദിച്ചതെന്നാണ് റിപ്പോർട്ടുകൾ.

തിരഞ്ഞെടുപ്പ്, വ്യവസായം, പരസ്യം തുടങ്ങിയ ആവശ്യങ്ങൾക്കായി പൗരന്മാരുടെ വ്യക്തിവിവരങ്ങൾ ഉപയോഗിക്കാൻ പാടില്ലെന്ന് പാനൽ ഫെയ്സ്ബുക്കിനോട് പറഞ്ഞു. വിവര സംരക്ഷണത്തിനായി ഫെയ്സ്ബുക്കിന്റെ വരുമാനത്തിന്റെ എത്രശതമാനം ചിലവഴിക്കുന്നുവെന്നും പാനൽ അംഗങ്ങൾ ചോദിച്ചതായാണ് റിപ്പോർട്ടുകൾ.

ഇന്ത്യയിൽ 30 കോടി ഉപയോക്താക്കളുള്ള ഫെയ്സ്ബുക്കിന് എത്ര വരുമാനം ലഭിക്കുന്നുണ്ടെന്നും അതിൽ എത്ര നികുതിയായി നൽകുന്നുണ്ടെന്നുമുള്ള ചോദ്യങ്ങളും ഉന്നയിക്കപ്പെട്ടുവെന്നാണ് വിവരം.

വ്യക്തിഗത ഡാറ്റാ സംരക്ഷണ ബില്ലിന് വേണ്ടിയുള്ള ജോയിന്റ് കമ്മറ്റി അംഗങ്ങളുമായി ഡാറ്റാ നിയന്ത്രണ പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ ലഭിച്ച അവസരത്തിൽ നന്ദിയുണ്ട്. ഇന്ത്യയുടെ ഡാറ്റാ പരിരക്ഷണ നിയമത്തിന് രാജ്യത്തിന്റെ ഡിജിറ്റൽ സമ്പദ്വ്യവസ്ഥയെയും ആഗോള ഡിജിറ്റൽ വ്യാപാരത്തെയും മുന്നോട്ട് നയിക്കാനുള്ള കഴിവുണ്ടെന്ന് ഞങ്ങൾ വിശ്വസിക്കുന്നു, ഈ ശ്രമത്തെ ഞങ്ങൾ പൂർണ്ണഹൃദയത്തോടെ പിന്തുണയ്ക്കുന്നുവെന്നും ഫെയ്സ്ബുക്ക് വക്താവ് പറഞ്ഞു.

ഡാറ്റാ സംരക്ഷ നിയമവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ പാർട്ടികൾ ആശങ്കയുന്നയിച്ച പശ്ചാത്തലത്തിലാണ് ഫെയ്സ്ബുക്ക്, ട്വിറ്റർ ആമസോൺ പോലുള്ള കമ്പനികളോട് സർക്കാർ അഭിപ്രായമാരായുന്നത്. ഒക്ടോബർ 28 ന് ട്വിറ്ററും ആമസോണും കമ്മറ്റിയ്ക്ക് മുന്നിൽ ഹാജരാവും.

Content Highlights:facebook india policy head questioned by parliament panel
Related News
Comments
© 2016 - 2020 Mathrubhumi Printing & Publishing Co Ltd.