News

Get the latest news here

ബൗളര്‍മാര്‍ക്ക് മുന്നില്‍ തകര്‍ന്ന് ചെന്നൈ, മുംബൈയ്ക്ക് 115 റണ്‍സ് വിജയലക്ഷ്യം| LIVE BLOG

ഷാർജ:ചെന്നൈ സൂപ്പർ കിങ്സിനെതിരെ മുംബൈ ഇന്ത്യൻസിന് 115 റൺസ് വിജയലക്ഷ്യം. ചെന്നൈ നിശ്ചിത ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 114 റൺസെടുത്തു.

സ്വപ്നതുല്യമായ പ്രകടനം കാഴ്ചവെച്ച മുംബൈ ബൗളർമാരാണ് ചെന്നൈയെ ഇത്രയും ചെറിയ സ്കോറിന് ഒതുക്കിയത്. ചെന്നൈ മുൻനിര ബാറ്റ്സ്മാൻമാരെ നിലം തൊടാനനുവദിക്കാതെ മുംബൈ ബൗളർമാർ മികച്ച പ്രകടനത്തിലൂടെ പിടിച്ചുകെട്ടി. ട്രെന്റ് ബോൾട്ട് നാലോവറിൽ വെറും 18 റൺസ് മാത്രം വിട്ടുനൽകി നാല് വിക്കറ്റുകൾ എടുത്തപ്പോൾ ബുംറ, രാഹുൽ ചാഹർ എന്നിവർ രണ്ട് വിക്കറ്റുകൾ വീതം വീഴ്ത്തി.

അർധസെഞ്ചുറി നേടിയ സാം കറന്റെ ഒറ്റയാൾ പോരാട്ടമാണ് ചെന്നൈ സ്കോർ 100 കടത്തിയത്. 47 പന്തുകളിൽ നിന്നും 52 റൺസെടുത്ത കറൻ അവസാന ബോളിൽ പുറത്തായി. ഒരു ഘട്ടത്തിൽ സ്കോർ 50 പോലും കടക്കില്ല എന്ന നിലയിൽ നിന്നാണ് കറൻ ടീമിനെ തോളിലേറ്റി ഭേദപ്പെട്ട സ്കോറിലെത്തിച്ചത്.

മുംബൈ ഇന്ത്യൻസിനെതിരെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ സൂപ്പർകിങ്സിന് വൻ ബാറ്റിങ് തകർച്ച. എഴോവറാകുമ്പോഴേക്കും ആറ് മുൻനിര വിക്കറ്റുകൾ വീഴ്ത്തി മുംബൈ ബൗളർമാർ ചെന്നൈ ബാറ്റിങ് നിരയെ തകർത്തു. ഒരു ബാറ്റ്സ്മാന് പോലും തിളങ്ങാനായില്ല.

അക്കൗണ്ട് തുറക്കുംമുൻപ് ആദ്യ ഓവറിൽ തന്നെ ചെന്നൈയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. മികച്ച പന്തിലൂടെ ട്രെന്റ് ബോൾട്ട് ഋതുരാജ് ഗെയ്ക്വാദിനെ പൂജ്യനായി മടക്കി. ആ ഓവർ മെയ്ഡനാക്കി കളിയുടെ തുടക്കത്തിൽ തന്നെ ബോൾട്ട് ചെന്നൈ ബാറ്റ്സ്മാൻമാരെ പ്രതിരോധത്തിലാക്കി.

തൊട്ടടുത്ത ഓവറിൽ റായുഡുവിനെ പുറത്താക്കി ബുംറ വീണ്ടും മുംബൈയ്ക്ക് ആധിപത്യം നൽകി. റായുഡു വെറും രണ്ട് റൺസെടുത്ത് മടങ്ങുമ്പോൾ സ്കോർ മൂന്ന് റൺസിന് രണ്ട് വിക്കറ്റ് എന്ന നിലയിലായിരുന്നു. തൊട്ടടുത്ത പന്തിൽ ജഗദീശനെയും മടക്കി ബുംറ കൊടുങ്കാറ്റായി. ചെന്നൈ വലിയ തകർച്ചയിലേക്ക് വീണു. മൂന്നുറൺസിന് മൂന്നുവിക്കറ്റ് എന്ന നിലയിലായി ധോനിയും സംഘവും. തൊട്ടടുത്ത ഓവറിൽ ഡുപ്ലെസിയെ മടക്കി ബോൾട്ട് രണ്ടാം വിക്കറ്റ് സ്വന്തമാക്കി. ഡുപ്ലെസി മടങ്ങുമ്പോൾ ചെന്നൈയുടെ സ്കോർ മൂന്നു റൺസിന് നാല് വിക്കറ്റ് എന്ന നിലയിലായി.

പിന്നീട് ഒത്തുചേർന്ന ധോനിയും ജഡേജയും ചേർന്ന് സ്കോർ പതിയെ ചലിപ്പിച്ചു. എന്നാൽ ആറാം ഓവറിൽ വീണ്ടും ബോൾട്ട് ചെന്നൈ ബാറ്റിങ് നിരയെ ഛിന്നഭിന്നമാക്കി. പതിയെ ഇന്നിങ്സ് കെട്ടിപ്പടുക്കുകയായിരുന്ന ജഡേജയെ മടക്കി ബോൾട്ട് മൂന്നാം വിക്കറ്റ് നേട്ടം ആഘോഷിച്ചു. പവർപ്ലേയിൽ ചെന്നൈ അഞ്ചുവിക്കറ്റ് നഷ്ടത്തിൽ വെറും 24 റൺസാണ് നേടിയത്.

രാഹുൽ ചാഹർ എറിഞ്ഞ എഴാം ഓവറിൽ പടുകൂറ്റൻ സിക്സ് നേടി ധോനി സ്കോർ ചലിപ്പിക്കുമെന്ന് തോന്നിയെങ്കിലും തൊട്ടടുത്ത പന്തിൽ ക്യാപ്റ്റനെ മടക്കി ചാഹർ ചെന്നൈയുടെ ആറാം വിക്കറ്റ് സ്വന്തമാക്കി. 16 റൺസാണ് ധോനി നേടിയത്. പിന്നാലെ ദീപക് ചാഹറിനെ രാഹുൽ ചാഹർ പുറത്താക്കിയതോടെ ചെന്നൈയുടെ ഏഴ് വിക്കറ്റുകൾ നിലംപൊത്തി.

പിന്നീട് ഒത്തുചേർന്ന ശാർദുൽ ഠാക്കൂറും സാം കറനും ചേർന്നാണ് ചെന്നൈ ഇന്നിങ്സിന് അൽപമെങ്കിലും ജീവൻ നൽകിയത്. ഇരുവരും ചേർന്ന് 28 റൺസ് കൂട്ടുകെട്ടുണ്ടാക്കി. എന്നാൽ ഇത് പൊളിച്ച് കോൾട്ടർ നൈൽ ശാർദുൽ ഠാക്കൂറിന്റെ വിക്കറ്റ് സ്വന്തമാക്കി.

ഠാക്കൂറിന് പിന്നാലെ ക്രീസിലെത്തിയ ഇമ്രാൻ താഹിറിനെ കൂട്ടുപിടിച്ച് സാം കറൻ സ്കോർ 100 കടത്തി. താഹിർ 13 റൺസെടുത്ത് പുറത്താകാതെ നിന്നു

പരിക്കേറ്റ രോഹിത് ശർമയ്ക്ക് പകരം പൊള്ളാർഡാണ് ഇന്ന് മുംബൈ ഇന്ത്യൻസിനെ നയിക്കുന്നത്. രോഹിതിന് പകരം സൗരഭ് തിവാരി ടീമിലെത്തി.

ചെന്നൈയിൽ മൂന്ന് മാറ്റങ്ങളാണുള്ളത്. വാട്സൺ, കേദാർ ജാദവ്, പീയുഷ് ചൗള എന്നിവർക്ക് പകരം ഇമ്രാൻ താഹിർ, ഋതുരാജ് ഗെയ്ക്വാദ്, നാരായൺ ജഗദീശൻ എന്നിവർ ടീമിലിടം നേടി.

മത്സരത്തിന്റെ തത്സമയ വിവരണം വായിക്കാം...





Content Highlights: Chennai Super Kings vs Mumbai Indians IPL 2020


Related News
Comments
© 2016 - 2020 Mathrubhumi Printing & Publishing Co Ltd.