News

Get the latest news here

സി.ബി.ഐ.യെ വിലക്കണമെന്ന് സി.പി.എം.

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ പരിധിയിലുള്ള കേസുകളിൽ സി.ബി.ഐ. നേരിട്ട് കേസെടുക്കുന്നത് വിലക്കി ഉത്തരവിറക്കുന്നകാര്യം സർക്കാർ പരിശോധിക്കണമെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ആവശ്യപ്പെട്ടു. ഇത്തരത്തിൽ കേസന്വേഷിക്കാമെന്ന് സർക്കാർ നൽകിയ മുൻകൂർ അനുമതിയുടെ പിൻബലത്തിലാണ് സി.ബി.ഐ. വരുന്നത്. കേന്ദ്ര അന്വേഷണ ഏജൻസികളെ രാഷ്ട്രീയമായി ഉപയോഗിക്കുന്നുവെന്ന് രാഹുൽഗാന്ധിപോലും പറഞ്ഞ പശ്ചാത്തലത്തിൽ മുൻകൂർ അനുമതി റദ്ദാക്കുന്നതിന്റെ നിയമവശം സർക്കാർ പരിശോധിക്കണമെന്ന് അദ്ദേഹം പറഞ്ഞു.

സി.പി.ഐ.ക്ക് നേരത്തേ ഇതേ നിലപാടാണ്. എൽ.ഡി.എഫ്. യോഗത്തിൽ എല്ലാ ഘടകകക്ഷികളും ഇത്തരമൊരാശങ്ക പങ്കുവെച്ചിട്ടുണ്ട്. ഈ സഹാചര്യത്തിൽ നേരത്തേ നൽകിയ അനുമതി പുനഃപരിശോധിക്കണം. രാഷ്ട്രീയ ആയുധത്തിന് അന്വേഷണ ഏജൻസികളെ ഉപയോഗിക്കുന്നുവെന്ന തോന്നലുണ്ടായപ്പോഴാണ് ബി.ജെ.പി. ഇതര സർക്കാരുകളെല്ലാം ഇത്തരമൊരു നിലപാട് സ്വീകരിക്കുന്നത്. ആന്ധ്രാപ്രദേശ്, രാജസ്ഥാൻ, മഹാരാഷ്ട്ര, ഛത്തിസ്ഗഢ്, പശ്ചിമബംഗാൾ എന്നീ സംസ്ഥാനങ്ങളൊക്കെ സി.ബി.ഐ.ക്ക് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. ഈ സാഹചര്യം കേരളവും പരിശോധിക്കേണ്ടതുണ്ടെന്ന് കോടിയേരി പറഞ്ഞു.

സംസ്ഥാനസർക്കരുകൾ വിലക്കിയാലും സി.ബി.ഐ. അന്വേഷിക്കുന്നതിന് വ്യവസ്ഥചെയ്ത കേസുകൾ ഏറ്റെടുക്കുന്നതിന് തടസ്സമുണ്ടാകില്ല. സർക്കാർ ആവശ്യപ്പെടുന്ന കേസുകൾ സി.ബി.ഐ.ക്ക് അന്വേഷിക്കാം. സർക്കാർ ആവശ്യപ്പെടുന്ന കേസുകൾ ഏറ്റെടുക്കാതിരിക്കുകയും, മറ്റ് കേസുകൾ അന്വേഷിക്കുകയും ചെയ്യുന്നതാണ് പ്രശ്നം. ഇതൊരു പ്രശ്നം തന്നെയാണ്. അതാണ് മുൻകൂർ അനുമതി പുനഃപരിശോധിക്കണമെന്ന് സി.പി.എം. നിർദേശിക്കാൻ കാരണം.

അന്വേഷണ ഏജൻസികളെ രാഷ്ട്രീയമായി ഉപയോഗിക്കുന്നുവെന്നതിന് തെളിവാണ് ടൈറ്റാനിയം കേസ്. സി.ബി.ഐ. അന്വേഷിക്കണമെന്ന് ഒരുവർഷംമുമ്പ് സർക്കാർ ആവശ്യപ്പെട്ടതാണ്. അത് ഏറ്റെടുക്കാനാവില്ലെന്നാണ് ഇപ്പോൾ കേന്ദ്രം നിലപാടെടുത്തിട്ടുള്ളത്. ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല, ഇബ്രാഹിംകുഞ്ഞ് എന്നിവർ പ്രതികളായ കേസാണിത്. മാറാടുകേസ് നാലുവർഷമായിട്ടും സി.ബി.ഐ. അന്വേഷണം എവിടെയുമെത്തിയിട്ടില്ല. ഒരാളിൽനിന്ന് മൊഴിയെടുത്തുവെന്നത് മാത്രമാണ് നടന്നത്. അതിനുശേഷം അന്വേഷണം മരവിപ്പിച്ചു. കോൺഗ്രസ്, ലീഗ് നേതാക്കളെ സംരക്ഷിക്കുന്നതിനായുള്ള രാഷ്ട്രീയ നീക്കുപോക്കുകളുടെ ഭാഗമാണിത്.

കശുവണ്ടിവികസന കോർപറേഷനിലെ അഴിമതി സി.ബി.ഐ. അന്വേഷിക്കേണ്ടതില്ലെന്നുതന്നെയാണ് സർക്കാർ നിലപാട്. അത് അന്വേഷിക്കാൻ ഇവിടെത്തന്നെ ഏജൻസികളുണ്ട്.

Content Highlights:CBI should not be allowed to directly investigate cases- CPM
Related News
Comments
© 2016 - 2020 Mathrubhumi Printing & Publishing Co Ltd.