News

Get the latest news here

സ്വപ്ന മുഖംമാത്രം, പിന്നിൽ ശിവശങ്കറാകാമെന്ന് ഇ.ഡി.

കൊച്ചി: സ്വർണക്കടത്തിൽ സ്വപ്നാ സുരേഷ് മുഖംമാത്രമായിരുന്നുവെന്നും പിന്നിൽ മുൻ ഐ.ടി. സെക്രട്ടറി ശിവശങ്കറാകാമെന്നും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഹൈക്കോടതിയിൽ. .

സ്വപ്ന പൂർണമായും ശിവശങ്കറിന്റെ നിയന്ത്രണത്തിലായിരുന്നു. ഇടപാടുകളുടെയെല്ലാ നേട്ടവും ശിവശങ്കറിലേക്കാണ് എത്തിയത്. സ്വർണം കടത്തിയപ്പോൾ ശിവശങ്കർ വഹിച്ചിരുന്ന സ്ഥാനം കണക്കിലെടുത്തുകൊണ്ടാണ് ഇക്കാര്യങ്ങൾ പറയുന്നതെന്നും അഡീഷണൽ സോളിസിറ്റർ ജനറൽ എസ്.വി. രാജു കോടതിയിൽ പറഞ്ഞു. ഇ.ഡി.യും കസ്റ്റംസും അറസ്റ്റുചെയ്യാൻ സാധ്യതയുള്ളതിനാൽ മുൻകൂർജാമ്യം തേടി മുൻ ഐ.ടി. സെക്രട്ടറി എം. ശിവശങ്കർ നൽകിയ ഹർജിയിലെ വിശദവാദത്തിലായിരുന്നു ഇക്കാര്യം വ്യക്തമാക്കിയത്.

രണ്ടുമണിക്കൂറോളം വാദംകേട്ടശേഷം ജസ്റ്റിസ് അശോക് മേനോൻ ഹർജി ഒക്ടോബർ 28 -ന് വിധിപറയാനായി മാറ്റി. അതുവരെ അറസ്റ്റുപാടില്ലെന്നും കോടതി വ്യക്തമാക്കി.

സാമ്പത്തിക കുറ്റകൃത്യം സമൂഹത്തിനെതിരായ പ്രവൃത്തിയാണെന്ന് കസ്റ്റംസിനായി ഹാജരായ മുതിർന്ന അഭിഭാഷകൻ കെ. രാംകുമാർ പറഞ്ഞു. ശിവശങ്കർ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും കസ്റ്റംസ് കുറ്റപ്പെടുത്തി. എന്നാൽ എൻഫോഴ്സുമെന്റ് ഡയറക്ടറേറ്റ് കോടതിയിൽ നൽകിയ റിപ്പോർട്ടിൽപോലും പറയാത്ത കാര്യങ്ങളാണ് ഇപ്പോൾ ആരോപിക്കുന്നതെന്ന് ശിവശങ്കറിനായി ഹാജരായ സീനിയർ അഭിഭാഷകൻ പി. വിജയഭാനു വാദിച്ചു. ഹോട്ടലിൽ മുറിയോ ആശുപത്രിയിൽ ചികിത്സയോ കിട്ടാത്ത തൊട്ടുകൂടാത്തവനായി ശിവശങ്കർ മാറിയിരിക്കുകയാണ്. 2018-ൽ നടന്നതൊക്കെ ഓർമിക്കാൻ കംപ്യൂട്ടറല്ല. അന്വേഷണവുമായി സഹകരിക്കാൻ എപ്പോഴും തയ്യാറാണെന്നും സീനിയർ അഭിഭാഷകൻ അറിയിച്ചു.

Content Highlights:gold smuggling case- m shivashankar
Related News
Comments
© 2016 - 2020 Mathrubhumi Printing & Publishing Co Ltd.